Friday, January 15, 2021 07:38 PM
Yesnews Logo
Home Travel

      ധനുഷ് കോടിയിലേക്ക് പോകാം    ഇവിടെ കാലം നിശ്ചലമാണ്

Special Correspondent . Nov 26, 2019
dhanushkodi
Travel

 

ശ്രീരാമന്‍ ശ്രീലങ്കയിലേക്ക് സേതുബന്ധനത്തിനു തിരഞ്ഞെടുത്ത സ്ഥലമെന്ന് ഐതിഹ്യമുള്ള തമിഴ്‌നാട്ടിലെ ധനുഷ്‌കോടിയിലേക്ക് വന്‍ സന്ദര്‍ശക പ്രവാഹം.  ഒരുകാലത്ത് തിരക്കേറിയ തുറമുഖ നഗരമായിരുന്ന ധനുഷ് കോടിയെ തകര്‍ത്തെറിഞ്ഞത് 1964ലെ വന്‍ കടല്‍ക്ഷോഭമായിരുന്നു. ആയിരങ്ങളാണ് അന്ന് മരിച്ചത്. കാലം ഇവിടെ നിശ്ചലമാണ്. ദുരന്തത്തില്‍ തകര്‍ന്ന് കിടക്കുന്ന റെയില്‍വേ സ്റ്റേഷനും, സ്‌കൂളും, ക്ഷേത്രവും, പള്ളിയുമൊക്കെ അര നൂറ്റാണ്ടിനു ശേഷവും  നഷ്ടസ്മൃതികളും പേറി വിറങ്ങലിച്ചു നില്‍ക്കുന്നു. ഇവിടുത്തെ കാഴ്ചകള്‍ ഏതൊരു സഞ്ചാരിയുടേയും മനസ്സില്‍ വിഷാദത്തിന്റെ അലകള്‍ തീര്‍ക്കുമെന്ന് ഉറപ്പാണ്.  2017 ലാണ് ധനുഷ് കോടിയിലേക്കുള്ള റബ്ബറൈസ്ഡ് റോഡ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തത്.രാമേശ്വരത്ത് നിന്ന് ആരംഭിക്കുന്ന റോഡ് ധനുഷ് കോടിയിലെ ഇന്ത്യന്‍ മുനമ്പില്‍ സ്ഥാപിച്ച അശോകസ്തംഭത്തിലവസാനിക്കുന്നു. 2017 ന് മുന്‍പ് മണലിലൂടെയായിരുന്നു വാഹനങ്ങള്‍ ഇവിടെ എത്തിയിരുന്നത്. ഭയപ്പെടുത്തുന്നതാണെങ്കിലും മണലിലൂടെയും വെള്ളത്തിലൂടെയുമുള്ള യാത്രയെയാണ് വിനോദസഞ്ചാരികള്‍ കുടുതല്‍ ഇഷ്ടപ്പെട്ടിരുന്നത്. രാത്രിയാകുന്നതോടെ മുനമ്പിന് ഇരുവശങ്ങളിലുമായി ബംഗാള്‍ ഉള്‍ക്കടലും, ഇന്ത്യന്‍ മഹാസമുദ്രവും അവശേഷിക്കുന്ന മണല്‍ പരപ്പുകളേയും കടലിനടിയിലാക്കും. ഇത് കാരണം  വൈകുന്നേരം 5 മണിക്ക് ശേഷം ഇവിടേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമുണ്ട്.

ധനുഷ് കോടിയെ മെല്ലെ മെല്ലെ കടലെടുത്തു കൊണ്ടിരിക്കുകയാണ് ,ശ്രീലങ്കയുമായി ബന്ധിച്ചിരുന്ന മണല്‍ത്തിട്ട വെള്ളത്തിനടിയിലായി, ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ രാമസേതു കടലില്‍ തെളിഞ്ഞ് കാണുമായിരുന്നുവെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് ഇവിടെ നിന്ന് 29 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. എല്‍.ടി.ടി.ഇ പ്രവര്‍ത്തകര്‍ ഉപയോഗിച്ചിരുന്നത് ഈ മാര്‍ഗമാണ്. രാമനാഥപുരം ജില്ലയെ രാമേശ്വരം ദ്വീപുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലമായ പാമ്പന്‍ പാലവും, ഇന്ത്യയുടെ ഋഷി തുല്യനായ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ അന്ത്യവിശ്രമകേന്ദ്രവും, കാശിയോളം തന്നെ പ്രാധാന്യമുള്ള ജോതിര്‍ലിംഗങ്ങളിലൊന്നുള്ള രാമേശ്വരത്തെ  പ്രശസ്തമായ ശ്രീരാമ ക്ഷേത്രവും സഞ്ചാരികള്‍ക്ക് രാമേശ്വരം യാത്രയെ അവിസ്മരണീയമാക്കും. 

Write a comment
News Category