സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ കാഞ്ഞങ്ങാട് തിരിതെളിയും. രാവിലെ ഒന്‍പതിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം നിര്‍വഹിക്കുക. 28 വര്‍ഷങ്ങള്‍ക്ക് ശേഷം സ്കൂള്‍ കലോത്സവത്തിന് ആതിഥേയരാവുന്നതിന്റെ ആവേശത്തിലാണ് കാഞ്ഞങ്ങാടും കാസര്‍ഗോഡ് ജില്ലയും.
കലോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ണമായി. 28 വേദികളാണ് സജ്ജീകരിച്ചിരിക്കുന്നത്. 60 അധ്യാപകര്‍ ചേര്‍ന്നാലപിക്കുന്ന സ്വാഗതഗാനം ചടങ്ങിന് മിഴിവേകും. അകമ്പടിയായി വിദ്യാര്‍ത്ഥികളുടെ നൃത്തശില്‍പ്പവുമുണ്ടാകും.
അപ്പീലടക്കം 13000ത്തിലധികം മത്സരാര്‍ത്ഥികള്‍ കലോത്സവ നഗരിയിലെത്തുമെന്നാണ് വിവരം. 239 ഇനങ്ങളിലാണ് മത്സരം. ദിവസവും സാംസ്കാരിക പരിപാടികള്‍ക്കായി രണ്ട് വേദികള്‍ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്.
കലോത്സവത്തിനെത്തുന്നവര്‍ക്ക് ഭക്ഷണമൊരുക്കാന്‍ കലവറയും തയ്യാറായി കഴിഞ്ഞു. മൂവായിരത്തോളം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഊട്ടുപുരയില്‍ കാസര്‍കോട് സ്പെഷ്യല്‍ വിഭവങ്ങളുമുണ്ടാകും.
പങ്കെടുക്കുന്ന എല്ലാവര്ക്കും ട്രോഫിക്ക് പുറമെ, കാണാനെത്തുന്നവര്‍ക്ക് എല്ലാ വേദികളിലേക്കും സൗജന്യ ബസ് സര്‍വ്വീസും ഒരുക്കിയിട്ടുണ്ട്. കലോത്സവം നേരില്‍ കാണാനാകാത്തവര്‍ക്കായി പൂമരം എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ സര്‍ക്കാര്‍ തന്നെ തയാറാക്കിയിട്ടുണ്ട്. ആദ്യാവസാനം ഹരിത പ്രോട്ടോക്കോള്‍ ശക്തമായി പാലിച്ചാകും കലോത്സവം.