Thursday, April 18, 2024 11:18 PM
Yesnews Logo
Home Religion

ആരാണ് പരമശിവന്‍?എന്താണ് ശിവരാത്രി?

Special Correspondent . Feb 21, 2020
today-is-mahashivratri
Religion


ആരാണ് പരമശിവന്‍?

ഈ വിശ്വത്തിന്റെയും ഭഗവാന്മാര്‍ - ദേവന്മാര്‍ - ജീവികള്‍ എന്നിവരുടേയും കാലത്തിന്റെ തന്നെയും ഉല്പത്തിക്ക് മുമ്പ് ഉണ്ടായിരുന്ന സനാതനനും ഇന്ന് കാണുന്നവയുടെയെല്ലാം സൃഷ്ടി - പരിണാമങ്ങള്‍ക്കോ പ്രകൃതി നിയമങ്ങള്‍ക്കോ വിധേയനാകാതെ നിലകൊള്ളുന്ന അവ്യയനും അവസാനം തന്നിലേയ്ക്ക് എല്ലാം ലയിപ്പിക്കുന്ന കേവലനും ആയ സച്ചിദാനന്ദ സ്വരൂപിയായ ഏക പരബ്രഹ്മ തത്വമാണ് സനാതന ധര്‍മ്മത്തിലെ പരമശിവന്‍. ശ്രീപരമശിവനെ ഈശ്വരന്മാരുടെയെല്ലാം ഈശ്വരനായ  പരമേശ്വരനായും, കാരണ-സൂക്ഷ്മ-സ്ഥൂല ലോകങ്ങളുടെയെല്ലാം അധിപനായ വിശ്വനാഥനായും,  കാലത്തിന്റെ നാഥനായ മഹാകാളനായും,  ജീവികളുടെയെല്ലാം  ആശ്രയമായ പശുപതിയായും,   വേദോപനിഷത്തുക്കളും ഋഷി പരമ്പരകളും  ഒരുപോലെ വര്‍ണിക്കുന്നു. 

ഈ മൂന്നു ലോകങ്ങളും(ഭൌതിക-ഊര്‍ജ-ബോധ മണ്ഡലങ്ങള്‍ ) ഉണ്ടാകുന്നതിനു മുമ്പുള്ളവനും, മൂന്നുലോകങ്ങളും, കാലവും, നിരവധി ഭഗവാന്മാര്‍,ദേവന്മാര്‍ ജീവാത്മാക്കള്‍   എന്നിങ്ങനെ കാരണ-സൂക്ഷ്മ-സ്ഥൂല ലോകങ്ങളിലെ നിവാസികളെല്ലാം ഉടലെടുക്കുന്നതിനു മുമ്പുള്ളവനും ആയ സനാതനനാണ് അദ്ദേഹം. ഇവയെല്ലാം ഉണ്ടാകുമ്പോള്‍ പോലും തന്റെ പ്രകൃതത്തിലും സ്വഭാവത്തിലും മഹിമയിലും അല്‍പം പോലും മാറ്റം വരാത്ത അവ്യയനായി ജഗദീശ്വരന്‍  സ്ഥിതി ചെയ്യുന്നു. അവസാനം എല്ലാം തന്നിലേയ്‌ക്കൊതുക്കി ഏകമാത്ര സത്യസ്വരൂപനായി  മഹേശ്വരനായ അദ്ദേഹം മാത്രമേ നിലനില്ക്കുകയുള്ളു. 

എന്താണ് ശിവരാത്രി?

ജനന മരണ രഹിതനും നിരാകാരനുമായ മൃത്യുഞ്ജയനെ സ്മരിക്കുന്ന ദിനമാണ്  ശിവരാത്രി.ഭുവനത്രയങ്ങളില്‍  ഉയര്‍ന്ന  ലോകമായ കാരണലോകത്തിലെ ഭഗവാന്‍മാരാണ് നാരായണ ഋഷിയും (മഹാവിഷ്ണു ) ബ്രഹ്മ ഋഷിയും (ബ്രഹ്മാവ്). ഒരിക്കല്‍ ഇവരെ പ്രകൃതിയിലെ മായ ബാധിച്ചു. തങ്ങളില്‍ ആരാണ് ശ്രേഷ്ഠനും ശക്തിയുള്ളവനും? ഇവരുടെ മായ നീക്കം ചെയ്യാന്‍ പരമേശ്വരനായ പരമശിവന്‍ കാരണ ജ്യോതി സ്വരൂപനായി ആദ്യമായി  പ്രത്യക്ഷനായി. ഈ ശുഭ  മുഹൂര്‍ത്തത്തിന്റെ സ്മരണാര്‍ത്ഥം ഭക്തര്‍  ശിവരാത്രി ആചരിക്കുന്നു.   

മായയുടെ ,അജ്ഞാനത്തിന്റെ അന്ധകാരം നീക്കുവാനായി കാരണലോകത്തില്‍ മഹാരുദ്രന്‍ പ്രത്യക്ഷനായ സന്ദര്‍ഭത്തെ അനുസ്മരിക്കുന്ന ഈ ദിവസം സാധനാദൃഷ്ടിയില്‍ മഹത്വമേറിയതാണ്. മഹാവിഷ്ണുവും ബ്രഹ്മാവും ദേവീദേവന്മാരുമെല്ലാം പരമശിവനെയാണ് ഉപാസിക്കുന്നതെന്ന് ഋഷികള്‍ സാക്ഷ്യപ്പെടുത്തുന്നു. അവതാര പുരുഷന്മാരായ പരശുരാമനും ശ്രീരാമനും ശ്രീകൃഷ്ണനും പരമേശ്വരഭക്തന്മാരായിരുന്നു എന്ന് വാത്മീകി രാമായണവും വ്യാസമഹാഭാരതവും വ്യക്തമാക്കുന്നുണ്ട്. രാമേശ്വരനും ഗോപേശ്വരനും ആയി പരമശിവന്‍ വാഴ്ത്തപ്പെടുന്നത് അതുകൊണ്ടാണ്

ശിവരാത്രിയുടെ പ്രസക്തി എന്ത്?

നമുക്ക് ചിന്തിക്കാനാവാത്ത ശക്തിവിശേഷങ്ങളോടു കൂടിയവരാണെങ്കിലും കാരണ ലോകവാസികളായ ബ്രഹ്മാവിനും മഹാവിഷ്ണുവിന് പോലും മായയുടെതായ ഒരു ചെറിയ അജ്ഞാനം  ബാധിച്ചുവെന്നും മായയെ മുച്ചൂടും മുടിക്കുവാന്‍ ( തീര്‍ക്കുവാന്‍) മായാതീതനായ മഹേശ്വരന് മാത്രമേ സാധിക്കു എന്നും ജീവികളെ ഓര്‍മ്മിപ്പിക്കുന്ന, സനാതന ധര്‍മ്മത്തിലെ ഏകേശ്വര ദര്‍ശനത്തെ ഉറപ്പിക്കുന്ന പുണ്യദിനമാണ് ശിവരാത്രി. മായ തീര്‍ക്കുവാനായി ഈശ്വരന്‍ ജ്യോതി ലിം?ഗ സ്വരൂപനായി അവരുടെ മുന്നില്‍ പ്രത്യക്ഷനായി എന്നാണ് ഋഷിമാര്‍ പല ദിവ്യസ്‌തോത്രങ്ങളിലൂടെ പറഞ്ഞിരിക്കുന്നത്.

 പക്ഷെ ഈ ദിവ്യ  ജ്യോതി സ്വരൂപത്തില്‍ നിന്ന് ജ്ഞാനം ഗ്രഹിക്കാന്‍ മായ ബാധിച്ച അവര്‍ക്ക് കഴിഞ്ഞില്ല. കാരണം അതിന്റെ അടിയും മുടിയും അറിയാനായി അവര്‍ ധ്യാനത്തിലൂടെ യാത്രയായത്രെ!ഏതായാലും ആദ്യമായി ഇങ്ങനെ ഈശ്വരന്‍ ഇവര്‍ക്കു മുന്നില്‍ പ്രത്യക്ഷനായ ദിവസമാണ് ശിവരാത്രി. അതിനു ശേഷം അദ്ദേഹം കാരണലോകത്തില്‍ രൂദ്രമഹര്‍ഷി എന്ന പേരില്‍ ഇവരെ പഠിപ്പിക്കാന്‍ വേണ്ടി വരുകയും ഇവരെ ഈശ്വര പദവിയിലേക്കുയര്‍ത്തിയെന്നുമാണ് ഋഷി പാരമ്പര്യം. അവിടുന്ന് തന്നെ ഗുരു പാരമ്പര്യത്തിന്റെയും തുടക്കം. പരമേശ്വരന്‍ ആദ്യമായി കാരണലോകത്തില്‍ കാരണാ?ഗ്‌നി പര്‍വ്വതം പോലെ പ്രത്യക്ഷനായി. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് പിന്നീട് ശിവലിം?ഗാരാധനയും, ജ്യോതിസ്സില്‍ ഈശ്വരനെ ആരാധിക്കുന്ന സമ്പ്രദായവും വന്നത്.
      
ഈ പരമേശ്വരന്റെ വിളയാട്ടം, അജ്ഞാനത്തെ നീക്കി ജ്ഞാനം പകര്‍ന്ന് തന്ന് ഈശ്വരപദവിയിലേക്ക് ജീവികളെയെല്ലാം ഉയര്‍ത്തുകയെന്നത് പരമേശ്വരന്റെ ഏറ്റവും വലിയ കാരുണ്യത്തിന്റെ തെളിവാണ്. അതാണ് ആദി?ഗുരുവായ അദ്ദേഹം എല്ലാ ലോകത്തുള്ള ?ഗുരുപരമ്പരയിലൂടെ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. ഈശ്വരന്റെ ഈ കാരുണ്യത്തെ/ സ്‌നേഹത്തെ അനുസ്മരിക്കുന്ന ദിനം കൂടിയാണ് ശിവരാത്രി.
 

എങ്ങനെ ശിവരാത്രി ആചരിക്കാം? 

ഈശ്വരന്‍ വെളിപ്പെടുത്തിയ സനാതന ധര്‍മ്മം, യോ?ഗവിദ്യയുടെ രഹസ്യമനുസരിച്ച് ജീവിക്കുക എന്നതാണ് ശരിയായ ആചരണം. യഥാര്‍മായ രീതിയില്‍ പഞ്ചമഹായജ്ഞാനുഷ്ഠാനം എങ്ങനെ നിര്‍വ്വഹിക്കണമെന്ന് പഠിക്കുക, അതനുസരിച്ച് ജീവിക്കുക, കൂടുതല്‍ നേരം സാധനകള്‍ക്ക് സമയം നല്‍കുക-പ്രാണായാമം, ജപം, ധ്യാനം, പ്രാര്‍ത്ഥന, സ്വാധ്യായം, സത്സം?ഗം എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക. സാധനയ്ക്ക് സഹായകകരമാകുന്ന തരത്തിലുള്ള വ്രതങ്ങളും ശീലിക്കുക. ഇങ്ങനെയാണ് ശിവരാത്രി ആചരിക്കേണ്ടത്. 


- യോഗാചാര്യ ശ്രീ കെ.ആര്‍ മനോജ്, ഡയറക്ടര്‍, ആര്‍ഷ വിദ്യാ സമാജം

Write a comment
News Category