Thursday, April 25, 2024 06:29 PM
Yesnews Logo
Home District

അവിനാശി ബസപകടം: മരിച്ചവര്‍ക്കു കണ്ണീരോടെ യാത്രാമൊഴി

News Desk . Feb 22, 2020
avanishi-bus-accident
District



 അവിനാശി അപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശികളുടെ വീടുകളില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാട്ടുകാരും ബന്ധുക്കളും ഒഴുകിയെത്തി. വികാരനിര്‍ഭരമായ രംഗങ്ങളാണ് ആറു കുടുംബങ്ങളിലും പ്രകടമായത്. 

 മധുവിധു തീരുംമുന്‌പേ അപകടത്തില്‍ മരിച്ച എരുമപ്പെട്ടി വാഴപ്പിള്ളി വീട്ടില്‍ സ്‌നിജോയുടെ ഭാര്യ കെ.വി. അനു(26) വിനു കുടുംബാംഗങ്ങള്‍ അന്ത്യയാത്രയേകി. കുന്നംകുളം എയ്യാല്‍ കൊള്ളന്നൂര്‍ കൊച്ചാപ്പു വര്‍ഗീസിന്റെ മകളാണ് അനു. എയ്യാല്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലായിരുന്നു സംസ്‌കാരം.സംസ്‌കാരശുശ്രൂഷകള്‍ക്കു തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികനായി. 

സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, എരുമപ്പെട്ടി ഫൊറോന വികാരി ഫാ. ജോയ് അടന്പുകുളം, ഇടവക വികാരി ഫാ. ആന്റണി അമ്മുത്തന്‍ എന്നിവര്‍ കാര്‍മികരായി.

 അരിന്പൂര്‍ കൊള്ളന്നൂര്‍ കൈപ്പിള്ളി റിംഗ് റോഡില്‍ കൊട്ടേക്കാട്ടുകാരന്‍ ഡേവിസിന്റെ മകന്‍ യേശുദാസിന്റെ (37) മൃതദേഹം എറവ് സെന്റ് തെരേസാസ് കപ്പല്‍ പള്ളിയില്‍ സംസ്‌കരിച്ചു. സംസ്‌കാരശുശ്രൂഷകള്‍ക്കു ബംഗളൂരു കൊത്തന്നൂര്‍ ദിന ലിറ്റില്‍ ഫ്‌ളവര്‍ പള്ളി വികാരി ഫാ. ജോര്‍ജ് മൈലാഡൂര്‍, എറവ് സെന്റ് തെരേസാസ് കപ്പല്‍ പള്ളി വികാരി ഫാ. ജോസ് പുന്നോലിപ്പറന്പില്‍, അസിസ്റ്റന്റ് വികാരി ഫാ. സിജോ മുരിങ്ങാത്തേരി, ഫാ. സിജോ പാവറട്ടിക്കാരന്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. മന്ത്രിമാരായ സി.രവീന്ദ്രനാഥ്, എ.സി. മൊയ്തീന്‍, ടി.എന്‍. പ്രതാപന്‍ എംപി, മുരളി പെരുനെല്ലി എംഎല്‍എ തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. 

ചിയ്യാരം ചിറ്റിലപ്പിള്ളി സി.ജെ. പോളിന്റെ മകന്‍ ജോഫി പോള്‍ സി.(33)യുടെ മൃതദേഹം ഉച്ചയോടെ  ചിയ്യാരം വിജയമാതാ പള്ളിയില്‍ സംസ്‌കരിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ കാര്‍മികത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങ്. മന്ത്രി വി.എസ്. സുനില്‍കുമാര്‍, ചീഫ് വിപ്പ് കെ. രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

 മുതുവറ അടാട്ട് - ചിറ്റിലപ്പിള്ളി റോഡില്‍ മണികണ്ഠന്റെ മകന്‍ ഹനീഷിന്റെ (25) മൃതദേഹം പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌കരിച്ചു. നാലുമാസം മുന്പാണ് ഹനീഷ് ഗായിക ശ്രീപാര്‍വതിയെ വിവാഹം ചെയ്തത്. ബംഗളൂരുവില്‍ ബിഫാം വിദ്യാര്‍ഥിയായിരുന്ന തൃശൂര്‍ അണ്ടത്തോട് കള്ളിവളപ്പില്‍ നസീഫ് മുഹമ്മദ് അലി (24)യുടെ മൃതദേഹം വ്യാഴാഴ്ച വൈകീട്ടുതന്നെ കബറടക്കി.

 തൃശൂര്‍ ഒല്ലൂര്‍ അപ്പാടന്‍ ഇഗ്‌നി റാഫേലിന്റെ (39) മൃതദേഹം ഇന്നു മൂന്നിന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ സംസ്‌കരിക്കും. പാലക്കാട് മംഗലാംകുന്ന് കാട്ടുകുളം പുളിഞ്ചിറ കളരിക്കല്‍ ഉദയനിവാസില്‍ ശിവകുമാറി(35)ന്റെ മൃതദേഹം തിരുവില്വാല പാന്പാടി നിളാതീരത്തെ ഐവര്‍മഠം ശ്മശാനത്തില്‍ സംസ്‌കരിച്ചു. സഹോദരപുത്രന്‍ ഗൗതം ചിതക്ക് തീകൊളുത്തി. ഐവര്‍മഠം ശ്മശാനത്തില്‍ രമേഷ് കോരപ്പത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. എംഎല്‍എമാരായ പി.കെ. ശശി, പി. ഉണ്ണി, പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ടി.കെ. നാരായണദാസ്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷന്‍, ശ്രീകൃഷ്ണപുരം പോലീസ് തുടങ്ങി സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട നിരവധിയാളുകള്‍ വീട്ടിലും ശ്മശാനത്തിലുമായി അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

Write a comment
News Category