Thursday, April 25, 2024 01:35 PM
Yesnews Logo
Home District

പാതിവഴിയില്‍ ബൈപ്പാസ്, പാഴായത് പ്രഖ്യാപനം  

News Desk . Feb 25, 2020
palakkad-bypass
District

 

ഒരുവര്‍ഷം കഴിഞ്ഞിട്ടും സ്റ്റേഡിയം സ്റ്റാന്‍ഡ്-കല്‍വാക്കുളം ബൈപ്പാസ് റോഡിന്റെ കാര്യത്തിലിപ്പോഴും യാതൊരു തീരുമാനവുമായിട്ടില്ല. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് സ്റ്റേഡിയം സ്റ്റാന്‍ഡ്-കല്‍വാക്കുളം റോഡുനിര്‍മാണം തുടങ്ങിയത്. പക്ഷേ, റോഡുനിര്‍മാണം ഇനിയും പരിസമാപ്തിയിലെത്തിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. പ്രശ്‌നത്തിനിനി എന്ന് പരിഹാരം കാണുമെന്ന ചോദ്യത്തിന് ആര്‍ക്കും കൃത്യമായ ഉത്തരമില്ല. രണ്ടുതവണ യോഗം വിളിച്ചെങ്കിലും ഇതും നടന്നില്ല.

സ്റ്റേഡിയം സ്റ്റാന്‍ഡ് പരിസരത്തെ ഗതാഗതക്കുരുക്കൊഴിവാക്കി നഗരത്തിലേക്ക് എത്തുന്നതിനായിട്ടാണ് സ്റ്റേഡിയം സ്റ്റാന്‍ഡ്-കല്‍വാക്കുളം ബൈപ്പാസ് റോഡ് വിഭാവനം ചെയ്തത്. അഞ്ചുകോടിരൂപ ചെലവിട്ടാണ് റോഡ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ 3.67 കോടി ചെലവഴിച്ചിട്ടും റോഡുപണി ഇനിയും പൂര്‍ത്തിയായിട്ടില്ല. ബൈപ്പാസ് റോഡിനുവേണ്ട സ്ഥലം മുഴുവന്‍ ഏറ്റെടുക്കാതെയാണ് പാതനിര്‍മാണം തുടങ്ങിയത്. റോഡുനിര്‍മാണം പൂര്‍ത്തിയാകാത്തതില്‍ വിജിലന്‍സ് പരിശോധന നടത്തിയതില്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു. 16 സ്ഥലമുടമകളില്‍ 11 പേരും സൗജന്യമായി സ്ഥലം വിട്ടുതരികയും ചെയ്‌തെന്ന് പാലക്കാട് നഗരസഭാ വൈസ്‌ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ പറഞ്ഞു. ബാക്കി അഞ്ചുപേരുടെ സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്. ഇവരില്‍നിന്ന് സ്ഥലമേറ്റെടുക്കാന്‍ പാലക്കാട് നഗരസഭാധികൃതര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. 

സ്ഥലം ലഭിക്കാത്തത് തടസ്സം

സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാകാത്തതാണ് സ്റ്റേഡിയം സ്റ്റാന്‍ഡ്-കല്‍വാക്കുളം ബൈപ്പാസ് റോഡുനിര്‍മാണത്തിന് തടസ്സമാകുന്നത്. ഒരുവര്‍ഷമായി ഇക്കാരണത്താല്‍ നിര്‍മാണപ്രവൃത്തികള്‍ മുടങ്ങിക്കിടക്കുകയാണ്. മുഴുവന്‍ സ്ഥലവും ഏറ്റെടുത്ത് നല്‍കിയാലുടന്‍ നിര്‍മാണപ്രവൃത്തികള്‍ തുടങ്ങും. പാലക്കാട് നഗരസഭയാണ് സ്ഥലമേറ്റെടുത്ത് നല്‍കേണ്ടത്. 

പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതര്‍ 

ശ്രമങ്ങള്‍ ഫലം കണ്ടില്ല

അഞ്ചുപേരുടെ സ്ഥലമാണിനി ഏറ്റെടുക്കാനുള്ളത്. ഇവരുമായി നഗരസഭ ചര്‍ച്ചകള്‍ നടത്തിയിട്ടും തീരുമാനമാകാത്തതിനാല്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. യുടെ നിര്‍ദേശപ്രകാരം കളക്ടറുടെ നേതൃത്വത്തില്‍ സ്ഥലമുടമകളുടെ യോഗം രണ്ടുതവണ വിളിച്ചെങ്കിലും എം.എല്‍.എ.യുടെ അസൗകര്യംമൂലം ഇത് നടന്നില്ല. അഞ്ചുപേരില്‍ സ്ഥലം പൂര്‍ണമായും നഷ്ടപ്പെടുന്നവരുമുണ്ട്. ഇക്കാരണത്താലാണ് പലരും സ്ഥലം വിട്ടുനല്‍കാന്‍ മടിക്കുന്നത്. 

സി. കൃഷ്ണകുമാര്‍, വൈസ് ചെയര്‍മാന്‍, പാലക്കാട് നഗരസഭ 


 

Write a comment
News Category