Saturday, April 20, 2024 04:22 AM
Yesnews Logo
Home District

കുളത്തുപ്പുഴയില്‍ നിന്നും പാക് നിര്‍മ്മിത വെടിയുണ്ട കണ്ടെടുത്ത സംഭവത്തില്‍ പൊതുജനങ്ങളില്‍ നിന്നും വിവരം തേടി റൂറല്‍ പോലീസ്

News Desk . Feb 26, 2020
rural-police-seek-information-from-public-pak-bullet
District

 

 കുളത്തുപ്പുഴയില്‍ നിന്നും പാക് നിര്‍മ്മിത വെടിയുണ്ട കണ്ടെടുത്ത സംഭവത്തില്‍ പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവ സ്ഥലത്ത് സംയുക്ത പരിശോധന നടത്തി. 

 വെടിയുണ്ട കണ്ട പ്രദേശത്തും സമീപത്തെ വന മേഖലയിലാണ് മണിക്കൂറുകള്‍ നീണ്ട പരിശോധന നടന്നത്. ആയുധങ്ങള്‍ വെടിയുണ്ടകള്‍ അടക്കം കണ്ടെത്താന്‍ പ്രത്യേകം പരിശീലനം ലഭിച്ച കൊല്ലം റൂറല്‍ പോലീസിലെ പോലീസ് നായ അര്‍ജുനെ ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

 വൈകുന്നേരത്തോടെ വെടിയുണ്ട കണ്ടെത്തിയ സ്ഥലത്ത് റൂറല്‍ പോലീസിലെ ഫോറന്‍സിക്ക് സംഘവും പരിശോധനക്ക് എത്തി. വെടിയുണ്ട കണ്ടെത്തിയ ഭാഗത്തെ മരത്തിലും സമീപങ്ങളിലും സംഘം പരിശോധന നടത്തി. പുനലൂര്‍ ഡിവൈഎസ്പി അനില്‍ ദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

 അതേസമയം തന്നെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്ന നടപടികള്‍ തുടരുകയാണ്. ഫോണ്‍ കാളുകളുടെ വിശദാംശങ്ങളും അധികൃതര്‍ അന്വേഷിച്ച് തുടങ്ങി. വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

 എല്ലാ ദിവസവും അന്വേഷണ പുരോഗതി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. എത്രയുംവേഗം വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരു നിഗമനത്തില്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘത്തിന്. നാട്ടുകാര്‍ക്കോ പൊതുജനങ്ങള്‍ക്കോ ഇതുസബന്ധിച്ച എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുകയാണ് എങ്കില്‍ റൂറല്‍ പോലീസിലെ 9497904600 എന്ന നമ്പറില്‍ രഹസ്യമായി അറിയിക്കാവുന്നതാണ്.

Write a comment
News Category