Friday, March 29, 2024 07:31 PM
Yesnews Logo
Home Entertainment

നോ ടൈം ടു ഡൈ..! പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിന്റെ പ്രദര്‍ശനം നീട്ടിവച്ചു

News Desk . Mar 05, 2020
new-james-bond-film-has-been-postponed
Entertainment


ലോകത്തെയാകെ തോക്കിന്‍മുനയില്‍ ചൂണ്ടിനിര്‍ത്തുന്ന സീക്രട്ട് ഏജന്റ് ജെയിംസ് ബോണ്ടിനും കൊറോണയെ പേടി. ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രം 'നോ ടൈം ടു ഡൈ' (No Time To Die)യുടെ പ്രദര്‍ശനം നീട്ടിവച്ചു. കൊറോണ വൈറസ് ലോകത്താകെ പടര്‍ന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 

ചിത്രത്തിന്റെ റിലീസിംഗ് നംവബറിലേക്കാണ് മാറ്റിയത്. ഈ ഏപ്രിലില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈക്കള്‍ ജി. വില്‍സണും ബാര്‍ബറ ബ്രോക്കോളിയുമാണ് ഇക്കാര്യം അറിയിച്ചത്. യുകെയില്‍ നവംബര്‍ 12 നും ലോകവ്യാപകമായി നവംബര്‍ 25 നും ചിത്രം പ്രദര്‍ശനത്തിനെത്തും.

ജെയിംസ് ബോണ്ട് സീരിസിലെ 25-ാം ചിത്രമാണ് 'നോ ടൈം ടു ഡൈ'. ഡാനിയല്‍ ക്രെയ്ഗ് അവസാനമായി ബോണ്ടിന്റെ കുപ്പായമണിയുന്ന ചിത്രം കൂടിയാണിത്. നോ ടൈം ടു ഡൈ ഉള്‍പ്പെടെ അഞ്ച് ബോണ്ട് ചിത്രങ്ങളിലാണ് ക്രെയ്ഗ് വേഷമിട്ടത്. പുതിയ ചിത്രത്തിന്റെ നിര്‍മാണ പങ്കാളി കൂടിയാണ് ക്രെയ്ഗ്. കാരി ജോജി ഫുക്വാങ്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ ദൗര്‍ഭാഗ്യങ്ങളായിരുന്നു. ആദ്യ സംവിധായകന്‍ ഡാനി ബോയല്‍ ഇടയ്ക്ക് ചിത്രീകരണം ഉപേക്ഷിച്ചു പോയതിനാല്‍ ഷൂട്ടിംഗ് മാസങ്ങളോളം തടസപ്പെട്ടു. അതിന് പിന്നാലെ ആക്ഷന്‍ രംഗം ചെയ്യുന്നതിനിടെ ക്രെയ്ഗിന് അപകടം പറ്റി.

തട്ടിക്കൊണ്ടു പോകലിനിരയായ ശാസ്ത്രജ്ഞനെ രക്ഷിക്കാനുള്ള സുഹൃത്തിന്റെ ആവശ്യം സ്വീകരിച്ച് ജമൈക്കയില്‍ ബോണ്ട് എത്തുന്നതാണ് ചിത്രത്തിന്റെ തുടക്കം. ജമൈക്കയ്ക്കു പുറമേ നോര്‍വേ, ഇറ്റലി, ഇംഗ്ലണ്ട്, സ്‌കോട്ലന്റിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
 

Write a comment
News Category