Friday, April 19, 2024 03:36 PM
Yesnews Logo
Home District

കോവിഡ് -19: നിരീക്ഷണം ശക്തമാക്കാന്‍ ജനകീയ കൂട്ടായ്മ

News Desk . Mar 17, 2020
kovid-19-campaign-to-strengthen
District



ജില്ലയില്‍ ഗൃഹ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കാലയളവ് കൃത്യമായി പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് താഴെത്തട്ടില്‍ ശ്രദ്ധയും കരുതലും ശക്തമാക്കണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കളക്ട്രേറ്റില്‍ കോവിഡ് 19 പ്രതിരോധ നടപടികളുടെ അവലോകന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. ഇതിനായി തദ്ദേശ സ്ഥാപനതലത്തില്‍ പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന ജനകീയ കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കണം. ഗൃഹനിരീക്ഷണം ഏകാന്തവാസമായി കാണരുതെന്നും ആരോഗ്യരക്ഷയ്ക്കുള്ള വിശ്രമമായി കരുതണമെന്നും മന്ത്രി പറഞ്ഞു.

രോഗബാധിതരില്‍ നിന്നും ബഹുജന സമ്പര്‍ക്കത്തിലൂടെ മാത്രമേ കോവിഡ് 19 പടരുകയുള്ളൂയെന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ ഗൃഹ നിരീക്ഷണത്തിലുള്ളവരില്‍ ചിലര്‍ പുറത്തിറങ്ങുവെന്ന പരാതികള്‍ ഗൗരവതരമാണെന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. തന്റെയും സമൂഹത്തിന്റെയും നിലനില്‍പ്പിന് ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികളില്‍ ആവര്‍ത്തിക്കുവാന്‍ പാടില്ല.

ഗൃഹ നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ മറികടന്ന് പുറത്തു പോകരുത്. ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ ലിസ്റ്റ് ഉള്‍പ്പെടെ പോലീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവരെ അറിയിക്കും. ഇവര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ശക്തമായ നിരീക്ഷണത്തിലാക്കും.

വിവിധ കാരണങ്ങളാല്‍ മരണപ്പെടുന്നത് കൊറോണ മൂലമെന്ന് ജനങ്ങള്‍ക്കിടയില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പരിഭ്രാന്തി പരത്തുന്നതു വഴി ആരോഗ്യ സംവിധാനത്തെ താളം തെറ്റിക്കുന്നത് നിയമപരമായി നേരിടും. കൊറോണ സംശയിക്കുന്നതിനാല്‍ ഗൃഹ നിരീക്ഷണത്തില്‍ ആയിരുന്നയാള്‍ റോഡപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പരിചരിച്ച മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രി ഡോക്ടര്‍മാരോടും സ്റ്റാഫിനോടും ഗൃഹ നിരീക്ഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും നിയന്ത്രണം ലംഘിക്കുന്നതുകൊണ്ടുള്ള വൈഷമ്യത്തിന് ഉത്തമോദാഹരണമാണ്.

കൊറോണ നേരിടുന്നതിന് 18 വിവിധ കമ്മിറ്റികള്‍ പുന:സംഘടിപ്പിച്ച് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ജില്ലയില്‍ 28 സ്ഥലങ്ങളില്‍ നിരീക്ഷണ സന്ദര്‍ശനം നടത്തി. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഹെല്‍പ് ഡെസ്‌ക് കൂടാതെ എക്സിറ്റ് ഗേറ്റ്, കിളികൊല്ലൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നീ റെയില്‍വേ സ്റ്റേഷനുകളിലും കൊല്ലം കെഎസ്ആര്‍ടിസി സ്റ്റേഷനിലും ജനമൈത്രി പോലീസ്, ട്രാക്ക്, ആശ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്സ് സഹായത്തിനായി ഉണ്ടാകുമെന്ന് ഡിഎംഒ ഡോ.വി.വി.ഷേര്‍ളി അറിയിച്ചു.

Write a comment
News Category