Friday, April 19, 2024 07:11 AM
Yesnews Logo
Home District

യാത്രാസൗകര്യമില്ലാതെ വിദ്യാര്‍ഥികള്‍ വലഞ്ഞു

News Desk . Mar 17, 2020
students-were-stranded
District

പരീക്ഷയ്‌ക്കെത്തേണ്ട വിദ്യാര്‍ഥികള്‍ യാത്രാസൗകര്യമില്ലാതെ വലഞ്ഞു. കൊറോണ ഭീതിയിലും യാത്രക്കാരുടെ കുറവിലും സ്വകാര്യബസുകള്‍ നിരത്തുകള്‍ വിട്ടതോടെയാണ് യാത്രാക്ലേശം രൂക്ഷമായത്. റാന്നി, സീതത്തോട്, ചിറ്റാര്‍, വടശേരിക്കര, പത്തനംതിട്ട, കോഴഞ്ചേരി, മല്ലപ്പള്ളി, അടൂര്‍ പ്രദേശങ്ങളിലാണ് ഇന്നലെ രാവിലെ യാത്രാബുദ്ധിമുട്ടില്‍ വിദ്യാര്‍ഥികള്‍ വലഞ്ഞത്. 

റാന്നിയില്‍ നിന്ന് പത്തനംതിട്ട, എരുമേലി, വടശേരിക്കര, മല്ലപ്പള്ളി റൂട്ടുകളില്‍വളരെ കുറച്ച് ബസുകള്‍ മാത്രമേ രാവിലെ നിരത്തിലിറങ്ങിയുള്ളൂ. പത്തനംതിട്ടയില്‍ നിന്നു കോഴഞ്ചേരി, അടൂര്‍, പന്തളം, സീതത്തോട്, കോന്നി ഭാഗങ്ങളിലേക്കും ബസുകള്‍ കുറഞ്ഞു. മല്ലപ്പള്ളിയില്‍ നിന്ന് കോഴഞ്ചേരി, റാന്നി, കോട്ടയം ഭാഗങ്ങളിലേക്ക് ബസുകള്‍ കുറഞ്ഞു.ഇതോടെ സര്‍വീസ് നടത്താനെത്തിയ ബസുകളില്‍ തിക്കും തിരക്കുമായി.

കൊറോണ കാലത്ത് ബസുകളിലനുഭവപ്പെട്ട തിക്കും തിരക്കും ഭീതി വര്‍ധിപ്പിച്ചു. തിരക്ക് ഒഴിവാക്കാനായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ശക്തമായ പ്രചാരണം നടത്തിവരുന്‌പോഴാണ് ബസുകളുടെ അഭാവത്തില്‍ തിരക്ക് വര്‍ധിച്ചത്. രാവിലെ 9.30ന് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കെത്തേണ്ട വിദ്യാര്‍ഥികള്‍ മാനസിക സംഘര്‍ഷത്തിലാണ് പരീക്ഷാഹാളിലേക്കെത്തിയത്. 

പല റൂട്ടുകളിലും പരീക്ഷ തുടങ്ങുന്നതിനു തൊട്ടുമുന്പാണ് കുട്ടികളെത്തിയത്. സര്‍വകലാശാല പരീക്ഷകള്‍ ഇന്നലെ ആരംഭിച്ചതിനാല്‍ വിദൂരങ്ങളിലേക്കു പോകേണ്ട കുട്ടികളും ബുദ്ധിമുട്ടി. രാവിലെ ദീര്‍ഘദൂര യാത്ര നടത്തേണ്ട വിദ്യാര്‍ഥികള്‍ക്കും ബസുകള്‍ ലഭിച്ചില്ല. കുട്ടികള്‍ക്ക് ജില്ലയ്ക്കു പുറത്ത് ലോഡ്ജുകളിലും ഹോസ്റ്റലുകളിലും താമസിക്കാന്‍ സൗകര്യം ലഭിച്ചിരുന്നതുമില്ല.
 

Write a comment
News Category