Thursday, April 18, 2024 08:43 PM
Yesnews Logo
Home News

രാജമല ഉരുൾപൊട്ടൽ ;11 മൃതദേഹങ്ങൾ കണ്ടെടുത്തു ,55 പേർക്കുള്ള തെരച്ചിൽ തുടരുന്നു

Special Correspondent . Aug 07, 2020
rajamala-11-dead
News

രാജമലയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ മരിച്ച 11 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 55 പേർക്കുള്ള തെരച്ചിൽ തുടരുകയാണ്.കനത്ത  മഴയും മൂടൽ മഞ്ഞും തിരച്ചിലിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്.കണ്ണൻ ദേവൻ കമ്പനിയുടെ ജീവനക്കാർ താമസിച്ചിരുന്ന ലയങ്ങളുടെ മുകളിലേക്ക് ഉരുൾ പൊട്ടലിനെ തുടർന്ന് പറയും മണ്ണും ഇടിഞ്ഞു വീണതിനെ തുടർന്നാണ് അപകടം ഉണ്ടായത്.

ഉരുൾ പൊട്ടലിൽ വൻ പാറകളും കല്ലുകളും മണ്ണും മരങ്ങളും ഒലിച്ചിറങ്ങി പ്രദേശം ആകെ  താറുമാറായി. തേയില ചെടികൾ വളർന്നിടം  ഇപ്പോൾ കല്ലും മണ്ണും നിറഞ്ഞ് നശിച്ചിരിക്കയാണ്.കഴിഞ്ഞ വര്ഷം വയനാട്ടിലെ പുത്തൂർ മലയിൽ ഉണ്ടായ ഉരുൾ പൊട്ടലിനെ അനുസ്മരിപ്പിക്കുന്ന ദുരന്തമായി മാറി രാജമലയിൽ .

ലയങ്ങൾ പൂർണ്ണമായും തകർന്നു മണ്ണിനടിയിലായി. ഇരുപതോളം കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ഇവരിൽ 12 പേരെ ഇത് വരെ രക്ഷപെടുത്തി. 55 ഓളം പേരെ കണ്ടു കിട്ടാനുണ്ട്.രക്ഷ പ്രവർത്തനം പ്രതികൂല കാലാവസ്ഥയിൽ കൂടുതൽ ദുഷ്കരമാകുകയാണെന്നു റെവന്യൂ മേധാവികൾ പറഞ്ഞു.ദുരന്ത നിവാരണ സേനയുടെ കൂടുതൽ യൂണിറ്റുകളെ എത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. 

നാലോളം ലയങ്ങൾ പൂർണ്ണമായും മണ്ണിനടിയിലാണ്. കണ്ണൻ ദേവൻ കമ്പനിയുടെ നെയ്മക്കാട് പെട്ടിമുടിയിലെ ലയങ്ങളിൽ താമസിച്ചവരാണ് അപകടത്തിൽ പെട്ടത്.സമീപ കാലത്തൊന്നും ഇത്ര ഭീകരമായ ദുരന്തം ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.കൂടുതൽ പേര് മണ്ണിനടിയിൽ പെട്ടുവെന്നു അവർ ഭയക്കുന്നു. കോവിഡ് ഭീഷിണിയെ തുടർന്ന് ലയങ്ങളിൽ തന്നെ കഴിഞ്ഞവർക്കാണ് ദുരന്തം  നേരിട്ടത്.


ശക്തമായ മൂടൽ മഞ്ഞുള്ളത് കൊണ്ട് ഹെലോകോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷ പ്രവർത്തനം അസാധ്യമായിരിക്കയാണ്.അമ്പതോളം വ്യോമ സേനാംഗങ്ങൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 

Write a comment
News Category