Friday, March 29, 2024 12:34 PM
Yesnews Logo
Home News

ദുരന്തമൊഴിയാതെ കടൽത്തീരം, തിരിഞ്ഞുനോക്കാതെ രാഷ്ട്രീയക്കാരും തീര ദേശ ഗ്രാമങ്ങളിൽ ബദൽ രാഷ്ട്രീയത്തിന് തീവ്രശ്രമങ്ങൾ

സെബാസ്റ്റ്യൻ ലെനിസ് . Aug 16, 2020
coastal-village-kerala
News

എല്ലാ വർഷവും നിരന്തരം അനുഭവിക്കുന്ന കടൽക്ഷോഭത്തിനും കാലവർഷ കെടുതിക്കും ഒരു അറുതിയും കാണാതെ വലയുകയാണ് തീരപ്രദേശം . ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന് പറഞ്ഞപോലെയാണ് കോവിഡും ക്വറന്റിനും. കഴിഞ്ഞ മൂന്നുമാസത്തിലധികമായി പണിക്കു പോവാതെ അന്നന്നത്തെ അന്നത്തിനു കഷ്ടപ്പെടുകയാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ. തദ്ദേശ ഭരണ നേതൃത്വത്തെ കൊണ്ട് ഒരു ചുക്കും നടക്കില്ലെന്നറിയാവുന്നതു കൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാർ നിലയ്ക്കാത്ത പ്രതിഷേധവുമായി രംഗത്തുണ്ട് . കാലാകാലങ്ങളായി  പല വാഗ്ദാനങ്ങളും മാറി മാറി ഭരിച്ച രാഷ്ട്രീയ കക്ഷികൾ നൽകിയെങ്കിലും അതൊക്കെ കടലാസിൽ മാത്രമേ ഒതുങ്ങിയുള്ളു .

ഭീകരമായ  കടൽത്തീരമാലകളെ പ്രതിരോധിക്കാൻ മണൽച്ചാക്കും മണൽതിട്ടയും മതിയെന്നുള്ളതാണ് തദ്ദേശ  പൊതുസേവകരുടെ നിലപാട് . ഇരു രാഷ്ട്രീയ കക്ഷികളോടും കടുത്ത നിലപാടിലാണ് കടപ്പുറത്തെ ജനങ്ങൾ. അവരെ പാട്ടിലാക്കാൻ പല കുതന്ത്രങ്ങളും പയറ്റുന്നുണ്ടെങ്കിലും ഇനി രാഷ്ട്രീയക്കാരെ ആശ്രയിക്കേണ്ട എന്ന നിലപാടിലാണ് ഭൂരിപക്ഷ പ്രബുദ്ധരായ തീരദേശവാസികൾ.

 

പുലിമുട്ടോട് (ഗ്രോയ്ൻസ്) കൂടിയ കടൽഭിത്തിയാണ് കടപ്പുറത്തുള്ളവരുടെ ചിരകാല ആവശ്യം. അതുതന്നെയാണ് ഉദാത്തമായ പരിഹാരവും. എന്നാൽ 10 ലക്ഷം രൂപ കൊടുത്തു മാറ്റി താമസിപ്പിക്കാനുള്ള സർക്കാരിന്റെ നിലപാട് ആശങ്കയോടെയാണ് നോക്കികാണുന്നത്.ഇക്കാലത്തു 10 ലക്ഷം രൂപ കൊടുത്തു സ്ഥലം വാങ്ങി സാധാരണനിലയിൽ ഒരു വീട് വെയ്ക്കുന്നത് പ്രായോഗികമല്ലെന്ന് വ്യെക്തമാണ് . ഇനി മാറി താമസിച്ചാൽ തന്നെ കടലിനെ ആശ്രയിച്ചു ജീവിക്കുന്ന മൽസ്യത്തൊഴിലാളികൾക്കു മറ്റൊരു ഉപജീവനം സാധ്യമോ എന്നൊരു ഭയവും നിലനിൽക്കുന്നുണ്ട്. പുനരധിവാസമെങ്കിൽ പ്രായോഗികവും മാന്യവും ആയിരിക്കണം അല്ലെങ്കിൽ തീരദേശ പുനർനിർമാണം നടപ്പിൽ വരുത്തണം .

തീരദേശത്തു ഏറ്റവും പ്രായോഗികവും മാതൃകാപരവുമായ പുനരധിവാസം നടന്നത് അറുപതുകളുടെ കാലഘട്ടത്തിലാണ്. ഇന്ത്യൻ സ്പെയ്സ് പ്രോഗ്രാമിന്റെ പിതാവെന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ശ്രീ വിക്രം സാരാഭായി ഭാരതത്തിന്റെ ബഹിരാകാശ വികസനത്തിനായി അനുയോജ്യമായി കണ്ടെത്തിയത് തിരുവനതപുരത്ത് തുമ്പയ്ക്കടുത്തുള്ള 'പള്ളിത്തുറ' എന്ന മൽസ്യബന്ധന ഗ്രാമമാണ്. 
തന്റെ ലക്ഷ്യപ്രാപ്തിക്കായി അദ്ദേഹം ആദ്യം സമീപിച്ചത് അന്നത്തെ തിരുവനതപുരം ബിഷപ് ശ്രീ പീറ്റർ ബർണാഡ് പെരേരയെയാണ്. ബിഷപ്പിന്റെ വാക്കുകളെ വിശ്വസിച്ചുകൊണ്ടാണ് രാജ്യത്തിൻറെ ഉന്നമനത്തിനും ശ്രെയസ്സിനും വേണ്ടി ഉണ്ടായിരുന്ന കിടപ്പാടം അവിടുത്തെ പാവപ്പെട്ടവരായ മൽസ്യത്തൊഴിലാളികൾ ഒഴിഞ്ഞു കൊടുത്തത്. എന്നാൽ ഇന്നത്തെ ഇടയന്മാരെപോലെയും നേതാക്കളെപോലെയും  പോയവഴിക്കു അവരെ ഈ വൈദികൻ ഉപേക്ഷിച്ചില്ല. വ്യെക്തവും മാതൃകാപരവുമായ ഒരു പുനരധിവാസ സംവിധാനം ഉറപ്പുവരുത്തി . 10 സെന്റ് പുരയിടത്തിൽ ഒരു കിടപ്പുമുറി , അടുക്കള , അതിഥി മുറി , അടച്ചുറപ്പുള്ള കക്കൂസും കുളിമുറിയും മുറ്റവുമുള്ള 200 ൽ അധികം വീടുകൾ റോഡിനു ഇരുവശമായി 18 നിരകളിൽ പണിതുതീർത്തു.കൂടാതെ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രവും , പോലീസ് ചെക് പോസ്റ്റും , സായാഹ്ന ഒത്തുകൂടലുകൾക്കായി ഒരു റേഡിയോ ക്യോസ്കും. അതിനുപുറമെ , ആ നാട്ടിലെ പലർക്കും അനുയോജ്യമായ രീതിയിൽ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ കാലക്രമേണ ജോലിയും . മറ്റെന്തു വേണം . 1960 കളിൽ സാധ്യമാക്കിയ മാതൃക പുനരധിവാസം ഇന്ന് നടപ്പിലാക്കാൻ കഴിയില്ലേ എന്നൊരു ചോദ്യത്തിന് മൗനമോ , തട്ടാമുട്ടിയോ മാത്രം ഉത്തരം .

ബദൽ രാഷ്ട്രീയ സാദ്ധ്യതകൾ തേടുന്നു 

ഉത്തരവാദിത്ത രഹിതമായ മൗനം ഇനി ഉണ്ടാവില്ലെന്ന നിശ്ചയ ദാർഢ്യത്തിലാണ് തീരദേശ വാസികൾ . വരും തലമുറയ്ക്കെങ്കിലും സുരക്ഷിതവും സമാധാനവുമുള്ള ഒരു ജീവിതം കൊടുക്കാനാവട്ടെ എന്നൊരു ബോധ്യത്തിലാണ് നിലയ്ക്കാത്ത ഈ പ്രതിഷേധപ്പോര്. കിഴക്കമ്പലം 20-20 പോലെ രാഷ്ട്രീയത്തിനധീതമായ ബദൽ സംഘടന സംവിധാനങ്ങൾ ഇതിനകം  രൂപീകരിക്കപ്പെട്ടു കഴിഞ്ഞു. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മുൻപെങ്ങും കാണാത്ത പുതുമയുള്ള അനിവാര്യമായ മത്സരങ്ങൾ നിശ്ചയമായും തീരദേശത്തുണ്ടാവുമെന്നതിൽ സംശയമില്ല .

Write a comment
News Category