Saturday, April 20, 2024 06:42 AM
Yesnews Logo
Home News

പെരിയ ഇരട്ടക്കൊലപാതകം: കേസ്സ് ഡയറി പിടിച്ചെടുക്കാൻ നീക്കം നടത്തി സി.ബി.ഐ

Alamelu C . Sep 30, 2020
periya-murder-case-cbi-issues-notice-to-crime-branch-files
News

പെരിയ  കേസിൽ സി.ബി.ഐ നിലപാട് കർക്കശമാക്കുന്നു. കേസിൽ ആവശ്യമായ രേഖകൾ കൈമാറാതെ  ഒളിച്ചു കളി തുടരുന്ന ക്രൈം ബ്രാഞ്ചിനോട് കേന്ദ്ര ഏജൻസി നിലപാട് കനപ്പിക്കയാണ്.
   രേഖകൾ കൈമാറാൻ സിആർപിസി സെക്ഷൻ 91 പ്രകാരം ആവശ്യപ്പെട്ടിരിക്കുകയാണ് സിബിഐ.  അപൂർവമായി മാത്രമാണ് സെക്ഷൻ 91 ഉപയോഗിക്കുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സിബിഐക്ക് കൈമാറാൻ കേരള ഹൈക്കോടതി നിർദേശിച്ചിരുന്നു. ഏഴുതവണ ആവശ്യപ്പെട്ടിട്ടും ഫയലുകൾ കൈമാറിയില്ലെന്നാണ് സിബിഐ പറയുന്നത്.

സി.ബി.ഐ അന്വേഷണം തടസ്സപ്പെടുത്താൻ സംസ്ഥാന സർക്കാർ നിരന്തരം ശ്രമിച്ചു വരികയാണ്.ഈ ആരോപണം നില നിൽക്കെയാണ് സി.ബി.ഐ യുടെ പുതിയ നീക്കം.

സി‌ആർ‌പി‌സി സെക്ഷൻ 91 പ്രകാരമുള്ള ഫയലുകൾ‌ ആവശ്യപ്പെടുന്ന സി‌ബി‌ഐ ഉത്തരവ്, സി‌ആർ‌പി‌സിയുടെ സെക്ഷൻ 93 പ്രയോഗിക്കുന്നതിന് മുന്നോടിയായിട്ടാണ് ഉപയോഗിക്കുന്നത്. കോടതിയിൽ നിന്ന് വാറണ്ട് നേടിയ ശേഷം തിരച്ചിൽ നടത്താനും രേഖകൾ പിടിച്ചെടുക്കാനും ഇത് കേന്ദ്ര അന്വേഷണ ഏജൻസിയെ അധികാരപ്പെടുത്തുന്നു.

സിബിഐ അന്വേഷണം തടയാൻ മുൻപ് രാജസ്ഥാൻ സർക്കാർ ചെയ്തതുപോലെ ഓർഡിനൻസ് കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. എന്നാൽ ഇത്തരമൊരു കാര്യം ആലോചിച്ചിട്ടുപോലുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

2019 ഫെബ്രുവരി 17ന് പെരിയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെടുന്നത്. സിപിഎം പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പരാതി. 2019 സെപ്റ്റംബർ ഹൈക്കോടതി സിംഗിൾ ബെഞ്ച് അന്വേഷണം സിബിഐക്ക് വിടാൻ ഉത്തരവിട്ടു. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകിയെങ്കിലും ഡിവിഷൻ ബെഞ്ചും സുപ്രീംകോടതിയും സിംഗിൾ ബെഞ്ച് വിധി ശരിവെക്കുകയായിരുന്നു.

കാസർകോട് പ്രിൻസിപ്പൽ കോടതിയിൽ നിന്ന് കേസ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരുന്നു. അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ യഥാർത്ഥ കേസ് ഡയറിയും മറ്റ് ഫയലുകളും സിബിഐക്ക് ആവശ്യമാണ്. എന്നാൽ ഫയലുകൾ കൈമാറുന്നത് സംബന്ധിച്ച് പൊലീസിന് നിയപരമായ ചില സംശയങ്ങളുണ്ടെന്നും നിയമോപദേശത്തിനായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ സമീപിച്ചിരിക്കുയാണെന്നും കഴിഞ്ഞ ആഴ്ച ഡിജിപി ലോക്നാഥ് ബെഹ്റ സിബിഐയെ അറിയിച്ചിരുന്നു. ഇത് അന്വേഷണം വൈകിപ്പിക്കാനുള്ള നീക്കമാണെന്നാണ് സിബിഐ പറയുന്നത്.
പെരിയ കൊലപാതക കേസിന്റെ പേരിൽ സി.ബി.ഐ കടുത്ത നിലപട് എടുക്കുന്നതോടെ രാഷ്ട്രീയ കോലാഹലങ്ങൾക്കും സാധ്യത വര്ധിക്കയാണ്.

Write a comment
News Category