Friday, April 26, 2024 04:33 AM
Yesnews Logo
Home News

ശ്രീനാരായണഗുരു സർവകലശാല വി.സി നിയമനത്തിൽ ഹിന്ദു സംഘടനകൾക്ക് രോഷം ;മുബാറക്ക് പാഷയെ ഇറക്കിയത് ജലീലിന്റെ മുസ്‌ലിം പ്രീണനമെന്നു വിമർശനം

Arjun Marthandan . Oct 09, 2020
sreenarayaneeya-open-university-vc-appointment-in-controversy-hindu-organisation-protest
News

ശ്രീനാരായണ ഗുരുവിന്റെ പേരിൽ ആരംഭിച്ച ഓപ്പൺ സർവകലാശാലയുടെ വൈസ് ചാൻസലറായി മുബാറക് പാഷയെ നിയമിച്ചതിൽ  എസ്..എൻ.ഡി.പി ക്കു കടുത്ത പ്രതിഷേധം.ജമാ അത്തെ  ഇസ്ലാമിയുമായി അടുപ്പമുള്ള മുബാറക്ക് പാഷയെ നിയമിച്ചത് കെ.ടി.ജലീലിന്റെ പ്രീണന നയത്തിന്റെ തെളിവാണെന്നാണ് വിവിധ ഹിന്ദു സംഘടനകളും കുറ്റപ്പെടുത്തുന്നത്.
 കോഴിക്കോട്ടെ ഫാറൂക്ക് കോളേജിന്റെ മുൻ പ്രിൻസിപ്പലാണ് മുബാറക്ക് പാഷ.

നിലവിൽ ഒമാനിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഹെഡ് ഓഫ് ഗവേര്ണൻസ് ആൻഡ് സ്ട്രാറ്റജി പ്ലാനിംഗ് ആയി സേവനം അനുഷ്ഠിക്കയാണ്.പ്രമുഖ അറബിക്ക് പണ്ഡിതൻ മൗലവി മുഹമ്മദ് പി.ഇടശേരിയുടെ പുത്രനായ പാഷ ജലീലിന്റെ താല്പര്യപ്രകാരം വൈസ് ചാൻസലറായി നിയമിക്കപ്പെട്ടതെന്ന്‌  ആരോപണമുണ്ട്.

നിയമങ്ങളിൽ നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നു  ചൂണ്ടി കാട്ടി  ഡെമോക്രറ്റിക്ക് സോഷ്യൽ ജസ്റ്റിസ്  പാർട്ടി ഗവർണർക്കു പരാതി നൽകി. ഗുരുദേവന്റെ പേരിൽ സ്ഥാപിച്ച സര്വകലാശാലയ്ക്കു തുടക്കം മുതൽ വിവാദങ്ങളിലേക്ക് തള്ളി വിടാൻ ശ്രമം നടന്നതിൽ പാർട്ടി രോഷം പ്രകടിപ്പിച്ചു.

പാഷയെ അറബിക്ക് യൂണിവേഴ്സിറ്റി  സ്ഥാപിച്ചു അവിടെ വൈസ് ചാൻസലർ ആയി നിയമിക്കയാണ് ഭേദമെന്നു പ്രമുഖ നാരായണീയൻ  എസ്..സുവർണ്ണകുമാർ പരിഹസിച്ചു.
  
ശ്രീനാരായണ ഗുരുവിന്റെ പേരിൽ സ്‌ഥാപിച്ച സർവകലാശാലയുടെ തലപ്പത്ത് മുസ്‌ലിം സമുദായക്കാരനായ വി.സി യെ അവരോധിച്ചതിൽ ജലീലിനെതിരെ ഹിന്ദു സംഘടനകളുടെ രോഷം ഉയരുകയാണ്. സർവകലാശാല തലപ്പത്തു യോഗ്യരായവരെ വെക്കുന്നതിൽ തടസ്സങ്ങൾ ഇല്ലെങ്കിലും ഈഴവ സമുദായത്തെ തഴഞ്ഞെന്ന വികാരം സമുദായ നേതാക്കൾ പ്രകടിപ്പിക്കുകയാണ്.ജലീൽ മതം ഉപയോഗിച്ചെന്ന ആരോപണം അവർ പരസ്യമാക്കിയിരിക്കയാണ്.

 സർവകലശാലാ തലപ്പത്ത് ഒരു ഈഴവ സമുദായാംഗത്തെ കൊണ്ടുവരാതെ സർക്കാർ ശ്രീ നാരായണീയരുടെ കണ്ണിൽകുത്തിയെന്നു വെള്ളാപ്പള്ളി പറഞ്ഞു.

അധികാര കേന്ദ്രങ്ങളിൽ നിന്ന് അധ:സ്ഥിതർ മാറ്റി നിറുത്തപ്പെടുകയാണ്. മലബാറിൽ നിന്നുള്ള പ്രവാസിയെ വിസിയാക്കുന്ന ജലീലിൻ്റെ ചേതോവികാരം അറിയാം. ഇതു മനസ്സിലാക്കാൻ പാഴൂർ പഠിപ്പുര വരെ പോകേണ്ടതില്ല.  സർവകലാശാലകളുടെ തലപ്പത്തെ നിയമനങ്ങൾ സർക്കാരിൻ്റെ പ്രതിച്ഛായയെ ബാധിച്ചു. സർവകലാശാലാ ഉദ്ഘാടനം രാഷ്ട്രീയ മാമാങ്കമാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ചടങ്ങിലേക്ക് എസ് എൻ ഡി പി യുടെ ഒരു പ്രതിനിധിയെപ്പോലും ക്ഷണിച്ചില്ല. എൻഎസ്എസിൻ്റെയോ ഒരു ക്രിസ്ത്യൻ സഭയുടെയോ ആചാര്യൻ്റെ പേരിലുള്ള സ്ഥാപനത്തിൻ്റെ തലപ്പത്ത് മറ്റൊരു സമുദയാംഗത്തെ നിയമിക്കാൻ സർക്കാർ തയ്യാറാകുമായിരുന്നോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

'ശ്രീ നാരായണീയ സമൂഹത്തിനുണ്ടായ ഹൃദയ വേദനയ്ക്കു മന്ത്രി കെ.ടി ജലീലും സംസ്ഥാന സർക്കാരും മറുപടി പറഞ്ഞേ മതിയാകൂ. ജലീലിന്റെ വാശിക്കു സർക്കാര്‍ കീഴടങ്ങാൻ പാടില്ലായിരുന്നു. ന്യൂനപക്ഷങ്ങളും സംഘടിത മതശക്തികളും ഇരിക്കാൻ പറയുമ്പോൾ കിടക്കുന്ന സംസ്കാരമാകരുത് ഇടതുപക്ഷത്തിന്റേത്. ഈ തീരുമാനത്തോടു മന്ത്രിസഭയിലെ പല അംഗങ്ങൾക്കും ഇടതുപക്ഷ ചിന്താഗതിക്കാരായ മഹാഭൂരിപക്ഷത്തിനും അഭിപ്രായ വ്യത്യാസവും അമർഷവും ഉണ്ടെന്നു വ്യക്തമായിട്ടുണ്ട്- വെള്ളാപ്പള്ളി പറഞ്ഞു.

'നക്കാപ്പിച്ച വലിച്ചെറിഞ്ഞു കൊടുക്കുന്നതു പോലെ സർവകലാശാലയുടെ പ്രോ-വൈസ് ചാൻസിലർ പദവി ശ്രീനാരായണ സമൂഹത്തിനു വച്ചു നീട്ടി. വിസി കൈമാറുന്ന അധികാരങ്ങൾ മാത്രമേ പ്രോ-വിസിക്കുള്ളൂ. അധികാരത്തിന്റെ യഥാർഥ ഇരിപ്പിടത്തിൽ ശ്രീ നാരായണീയൻ ഇരിക്കാൻ പാടില്ലെന്നും അധികാരം പിന്നാക്കക്കാർക്കു വേണ്ടെന്നും ആരോ നിശ്ചയിച്ച് ഉറപ്പിച്ചതു പോലെയായി കാര്യങ്ങൾ. പുത്തരിയിൽ കല്ലു കടിച്ചതിനു സർക്കാർ മറുപടി പറയണം- വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കെ.ടി.ജലീൽ കടുത്ത മുസ്‌ലിം പ്രീണനം നടത്തുന്നതായി നേരത്തെ ബി.ജെ.പി ഉൾപ്പെടെയുള്ള പാർട്ടികൾ ആരോപിച്ചിരുന്നതാണ്. ജലീലിന്റെ രഹസ്യ അജണ്ട നടപ്പായിരിക്കയാണെന്നാണ് എപ്പോൾ എസ്..എൻ.ഡി.പി യുടെയും നിലപാട്.

Write a comment
News Category