Saturday, April 20, 2024 05:03 AM
Yesnews Logo
Home News

ടൂറിസം കേന്ദ്രങ്ങൾ ഇന്ന് മുതൽ സജീവം ; ബീച്ചുകൾ തുറക്കുന്നത് നവംബർ ഒന്നിന്

Alamelu C . Oct 12, 2020
kerala-tourism-sector--open-from-today
News

കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ആറ് മാസക്കാലമായി അടഞ്ഞു കിടന്നിരുന്ന ടൂറിസം സെക്ടറിന്   ആശ്വാസം.മലയോരകേന്ദ്രങ്ങളും മറ്റു സഞ്ചാര കേന്ദ്രങ്ങളും ഇന്ന്  മുതൽ തുറക്കാം.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സഞ്ചാരികളെ പ്രവേശിപ്പിക്കാൻ സർക്കാർ അനുമതിയായി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെ ഏഴു ദിവസം വരെ കോവിഡ് പരിശോധന ഇല്ലാതെ പ്രവേശിപ്പിക്കാൻ അനുമതി ഉണ്ട്. കൂടുതൽ ദിവസങ്ങൾ തങ്ങുകയാണെങ്കിൽ സ്വന്തം ചിലവിൽ ടെസ്റ്റു നടത്തേണ്ടി വരും.

ബീച്ചുകളിൽ നവമ്പർ ഒന്ന് മുതൽ മാത്രമാണ് പ്രവേശനം അനുവദിക്കുക. ഇവിടെ ജനക്കൂട്ടത്തെ നിയന്ത്രിക്കുക  എളുപ്പമല്ലാത്തുകൊണ്ടാണ് ഈ തീരുമാനം.ടൂറിസം മേഖലയുടെ അതിജീവനം കണക്കിലെടുത്താണ് തീരുമാനമെന്ന് 
 മന്ത്രി  കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഹൗസ് ബോട്ടുകള്‍ക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താനും അനുമതി നല്‍കി.  കഴിഞ്ഞ 6 മാസങ്ങളായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.

കൊവിഡ്  ഭീഷണിക്കിടെയും രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും ടൂറിസം മേഖല നേരത്തെ തുറന്നുകൊടുത്തിരുന്നു. എന്നാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട ജനസാന്ദ്രതയേറിയ സംസ്ഥാനമെന്ന നിലയില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കുന്ന രീതിയാണ് കേരളത്തില്‍ അവലംബിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അണ്‍ലോക്ക് 4 ഉത്തരവില്‍ നിരോധിത കാറ്റഗറിയില്‍ ടൂറിസം ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായി മുന്‍കരുതലുകള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുന്നതില്‍ അപാകതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന് ആശ്വാസം പകരുന്ന തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്.

 സംസ്ഥാനത്തിന് പുറത്ത് നിന്നുമെത്തുന്ന സഞ്ചാരികള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.  7 ദിവസത്തില്‍ കൂടുതല്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊവി‍ഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റുമായി എത്തുകയോ, കേരളത്തില്‍ എത്തിയാല്‍ ഉടന്‍ കൊവിഡ് പരിശോധന നടത്തുകയോ ചെയ്യണം. അതല്ലെങ്കില്‍ ആ സഞ്ചാരികള്‍ 7 ദിവസം ക്വാറന്റൈനില്‍ പോകേണ്ടിവരും.

കൊവിഡ് രോഗലക്ഷണങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ടൂറിസ്റ്റുകള്‍ യാത്ര ചെയ്യാന്‍ പാടില്ലെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാസ്ക് നിര്‍ബന്ധമായും ധരിക്കുകയും, സാനിട്ടൈസര്‍ ഉപയോഗിക്കുകയും, രണ്ട് മീറ്റര്‍ സാമൂഹിക അകലം മറ്റുള്ളവരില്‍ നിന്നും പാലിക്കുകയും വേണം. വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശന വേളയില്‍ കൊവിഡ് രോഗബാധ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ദിശയില്‍ ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകരുടെ സേവനം തേടേണ്ടതാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഐസോലേഷനില്‍ പോകേണ്ടതുമാണ്.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും പുലര്‍ത്തേണ്ട കൊവിഡ് മുന്‍കരുതലുകളും, നിയന്ത്രണങ്ങളും ഉത്തരവിലുണ്ട്. സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും, കൈകള്‍ സോപ്പിട്ട് കഴുകുന്നതിനും, ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം ടൂറിസ്റ്റ് കേന്ദ്രങ്ങളിലും, ഹോട്ടലുകളിലും ഉണ്ടാകണം.

നടപ്പാതകളും, കൈവരികളും, ഇരിപ്പിടങ്ങളുമെല്ലാം സാനിട്ടൈസര്‍ സ്പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ചുമതല ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും, ഡിടിപിസി സെക്രട്ടറിമാര്‍ക്കുമായിരിക്കും. നിശ്ചിത ഇടവേളകളില്‍ ടൂറിസം കേന്ദ്രങ്ങള്‍ ശുചീകരിക്കുകയും, അണുവിമുക്തമാക്കുകയും ചെയ്യണം.ഹോട്ടല്‍ ബുക്കിംഗും, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റെടുക്കുന്നതും  ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാകണമെന്ന നിര്‍ദ്ദേശവും ഉത്തരവിലുണ്ട്. ആയുര്‍വേദ കേന്ദ്രങ്ങളിലും സംസ്ഥാന സര്‍ക്കാരിന്‍റെ കൊവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.


ഒരുക്കങ്ങൾ നേരത്തെ തുടങ്ങി 

 സർക്കാർ തീരുമാനത്തോടെ വിനോദ സഞ്ചര മേഖലകളിലെ ഹോട്ടലുകളും റിസോർട്ടുകളും ആഹ്ലാദത്തിലാണ്. ആഴ്ച്ചകൾക്കു മുൻപേ ഈ തീരുമാനത്തിന്റെ സോചനകൾ ഇവർക്ക് ലഭിച്ചിരുന്നു. ഹോട്ടലുകൾ ആണ് വിമുക്തമാക്കുന്ന നടപടികളും കേടുപാടുകൾ തീർക്കുന്ന ജോലികളായും പലരും ദിവസങ്ങൾക്കു മുൻപേ തുടങ്ങി. ഉത്സവ സീസണിത് കൊണ്ട് വിനോദ സഞ്ചാരികളെ കൂടുതൽ പ്രതീക്ഷിക്കയാണ് ടൂറിസം മേഖല. മലയോര റിസോർട്ടുകളിൽ ബുക്കിംഗ് ആഴ്ച്ചകൾക്കു മുൻപേ തുടങ്ങി.ഡിസംബർ വരെ  പലർക്കും.കനത്ത ബുക്കിംഗ് ലഭിച്ചു കഴിഞ്ഞു.

Write a comment
News Category