Saturday, April 20, 2024 01:33 AM
Yesnews Logo
Home News

കോവിഡ് പ്രതിരോധം ; സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള വയനാട് ജില്ലാ കളക്ടറുടെ വീഡിയോ പുറത്ത്;ഉദ്യോഗസ്ഥർക്ക് കടുത്ത അമർഷം

സ്വന്തം ലേഖകന്‍ . Oct 22, 2020
News

കോവിഡ് പ്രതിരോധത്തിനായി സർക്കാർ ജീവനക്കാരെ സജീവമാക്കാൻ വിവിധ ജില്ലാ കളക്ടർമാർ ഫലപ്രദമായി നടപടികൾ സ്വീകരിച്ച് വരികയാണ്. വിവിധ മേഖലകളിലെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പു വരുത്തിയാണ് മിക്ക ജില്ലാ കളക്ടർമാരും മുന്നോട്ടുപോകുന്നത്.

എന്നാൽ വയനാട്ടിൽ ജില്ലാ കളക്ടർ അദീല അബ്ദുല്ല ജീവനക്കർക്കു അയച്ചുകൊടുത്ത വീഡിയോ സന്ദേശം വിവാദമാവുകയാണ്. മുതിർന്ന ജീവനക്കാരെ ഭീഷിണിപ്പെടുത്തുന്ന  ശൈലിയിലുള്ള വീഡിയോ സന്ദേശത്തിൽ ഉദ്യോഗസ്ഥർ രോഷാകുലരാണ്.ഭീഷിണിപ്പെടുത്തി ജോലി ചെയ്യിപ്പിക്കാനുള്ള കളക്ടറുടെ നീക്കം അപഹാസ്യമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.``പല കളക്ടർമാരെയും ഞങ്ങൾ കണ്ടിട്ടുണ്ട്.ഇത്തരത്തിൽ ആദ്യമാണ്'',ഒരു ഉദ്യോഗസ്‌ഥൻ പറഞ്ഞു.
 ``അവർ പറയുന്നത് എന്താണെന്നു പോലും വ്യക്തമായി മനസ്സിലാകുന്നില്ല. ഭാഷയിൽ വ്യക്തതയില്ല. ഭീഷിണിയുടെ ഭാഷ ഉയർന്ന പദവിയിലുള്ള ആൾക്ക് ചേർന്നതല്ല''-മറ്റൊരു ഉദ്യോഗസ്ഥൻ  പറഞ്ഞു.
 
26 ഓളം വരുന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്മാരെ  സെക്ട്ടോറൽ ഓഫീസർമാരായി  നിയമിച്ചു കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. സ്‌പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെ അധികാരങ്ങൾ നൽകി നിയമിക്കുന്ന സെക്ട്ടോറൽഓഫീസർമാർ ജില്ലയിലെ കോവിഡ് പ്രതിരോധം ഫലപ്രദമായി നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നത്.
എന്നാൽ ജില്ലാ കളക്ടറുടേതായി പുറത്തു വരുന്ന വീഡിയോ സന്ദേശത്തിൽ ഭീഷിണിയുടെ സ്വരമുണ്ടെന്നാണ് ജീവനക്കാരുടെ നിലപാട്. ഉച്ചക്ക് മുമ്പ് ജോലിക്കു ഹാജരായില്ലെങ്കിൽ സസ്‌പെസൻഷൻ അടിച്ചു തരുമെന്ന് കളക്ടർ ജീവനക്കാരെ ഭീഷിണിപ്പെടുത്തിയതായി ഉദ്യോഗസ്ഥർ   പറയുന്നു.
രാവിലെ ഏഴു മണി മുതൽ ഫീൽഡിൽ സജീവമായില്ലെങ്കിൽ  സസ്‌പെൻഷൻ അടിച്ചു തരുമെന്ന  അദീല അബ്ദുല്ലയുടെ ഭീഷണി  കലർന്ന സന്ദേശം ജീവനക്കാർ ഗൗരവമായി എടുത്തിട്ടുണ്ട്. സെക്ട്ടോറൽഓഫീസർമാർ ജില്ലയിൽ ഉടനീളം സഞ്ചരിച്ച് കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾ പിടികൂടണമെന്നാണ് നിർദേശം .

കീഴ്ജീവനക്കാരോട് മുൻപും ജില്ലാ കളക്ടർ മര്യാദയില്ലാതെ പെരുമാറുന്നതായി ജീവനക്കാർ  പരാതിപ്പെടുന്നുണ്ട്.കീഴ്ജീവനക്കാരെ ഭീഷിണിയുടെ ഭാഷയിൽ കൈകാര്യം ചെയ്യുന്ന വയനാട് ജില്ലാ കളക്ടർ  ഭരണ സംവിധാനം പാടെ തകിടം മറിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുമെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.
കീഴ് ജീവനക്കാർക്ക് വാക്കാൽ നിർദേശം കൊടുക്കുന്ന പതിവ് വയനാട് ജില്ലയിൽ കൂടി വരുന്നതായി നേരത്തെ വ്യാപക ആരോപണം ഉയർന്നിരുന്നു. കീഴ്ജീവനക്കാരെ നേരിട്ട് വിളിച്ച്  നിർദേശങ്ങൾ കൊടുക്കുന്നത് വഴിവിട്ട പ്രവർത്തനങ്ങൾക്കു വഴിതുറക്കുമെന്ന് ആശങ്ക ഒരു വിഭാഗം ജീവനക്കാരിൽ സൃഷ്ടിച്ചിട്ടുണ്ട്. സ്വർണക്കടത്തു  കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ കോടതി തോറും മുൻ കൂർ ജാമ്യത്തിന്  നടക്കുന്നത് പോലുള്ള  സാഹചര്യവും  തങ്ങൾക്കു വരുമോ എന്ന ഭയം ഒരു വിഭാഗം ജീനക്കാർക്കുണ്ട്.

ഭരണ തലത്തിൽ നില നിന്നിരുന്ന അച്ചടക്കം പാടെ തകിടം മറിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് വാക്കാൽ നിർദേശത്തെ കീഴ് ജീവനക്കാർ കാണുന്നത്. ഇനി ഇത്തരത്തിൽ നിർദേശങ്ങൾ വന്നാൽ അത്  റെക്കോർഡ് ചെയ്തു സൂക്ഷിക്കാനാണ് ഒരു വിഭാഗം ജീവനക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും അറിയുന്നു.

കോവിഡിന്റെ വ്യാപനം സങ്കീർണമായി നീങ്ങുന്ന വയനാട്ടിൽ രോഗ പ്രതിരോധത്തിൽ എല്ലാവരെയും വിശ്വാസത്തിലെടുക്കേണ്ട സാഹചര്യമാണുള്ളത്. ആദിവാസികൾക്കും പ്രായം  കുറഞ്ഞവരിലും കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. ഈ വേളയിൽ ജീവനക്കാരുടെ പൂർണ്ണ സഹകരണം ഉറപ്പു വരുത്തേണ്ട ജില്ലാ കളക്ടർ അപക്വമായി   ഭീഷിണിയുടെ ശബ്ദം ഉയർത്തുന്നതിൽ ജീവനക്കാരിൽ അതൃപ്തി കനക്കുകയാണ് .
കളക്ടറുടെ ഏകാധിപത്യ പ്രവണതയിൽ രോഷാകുലരായ ഒരു വിഭാഗം ജീവനക്കാർ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാനുള്ള നീക്കത്തിലാണ്.
 
കളക്ട്രേറ്റിലും താളപ്പിഴകൾ 

കോവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന് വയനാട്‌  ജില്ലാ കളക്ടറേറ്റിൽ നടപ്പിലാക്കിയ ഭരണ പരിഷ്‌കാരങ്ങൾ വ്യാപക പരാതി ക്ഷണിച്ചു വരുത്തിയിരുന്നു.കളക്ടറേറ്റിൽ ഏതെങ്കിലും ആവശ്യങ്ങൾക്കു പരാതി നൽകാനോ അപേക്ഷ നൽകാനോ ചെല്ലുന്ന ആളുകൾക്ക് അപേക്ഷയുടെയോ പരാതികളുടെയോ റെസിപ്റ് നൽകുന്നില്ല.പകരം ഒരു പെട്ടി സ്ഥാപിച്ച്  അതിൽ നിക്ഷേപിക്കാനുള്ള നിർദേശമാണ് ജനങ്ങൾക്കു നൽകുന്നത്. പല  പരാതികളും പെട്ടിയിൽ നിന്നു നഷ്ടപ്പെടുന്നതായി പരാതികൾ ഉയരുന്നുണ്ട്.  വിവരവകാശ അപേക്ഷകളിൽ പോലും റെസിപ്റ്റുകൾ ലഭ്യമല്ല.

 കോവിഡ് വ്യാപനത്തിന്റെ പേരിൽ നടപ്പാക്കിയ ഈ പരിഷ്‌കാരങ്ങൾ പൊതു ജനങ്ങളെ അകറ്റുന്നത് ഉദ്ദേശിച്ചാണെന്നു പരാതി ഇപ്പോൾ തന്നെയുണ്ട്. വിവരാവകാശ  നിയമത്തിൻെറ പരസ്യമായ  ലംഘനമാണ് വയനാട്  ജില്ലാ കളക്ടറേറ്റിൽ നടക്കുന്നത്. റെസിപ്റ് നൽകിയാൽ കോവിഡ്  പിടിപെടുമെന്നാണ് ജീവനക്കാർ പറയുന്നത്. അതെ സമയം ജില്ലയിലെ മറ്റു സർക്കാർ ഓഫീസുകളിലൊന്നും ജനങ്ങളെ ആട്ടി അകറ്റുന്ന ഈ നിലപാടില്ല. എല്ലാ ഓഫീസുകളിലും സാധാരണ ജനങ്ങൾക്കു പ്രോട്ടോകോൾ പ്രകാരം പ്രവേശനം അനുവദിയ്ക്കുകയും  അപേക്ഷകൾ നേരിട്ട് സ്വീകരിയ്ക്കുകയും ചെയ്യുന്നുണ്ട്.

 വയനാട്  ജില്ലാ കളക്ടറുടെ പ്രവർത്തനം സംബന്ധിച്ച് ഉയർന്നു വരുന്ന പരാതികളിൽ ഒടുവിലത്തേതാണ് ഇപ്പോൾ ജീവനക്കാർ തന്നെ പരസ്യമാക്കിയിട്ടുള്ളത്.  ജില്ലാ കളക്ടർമാർക്കുള്ള പ്രധാനമന്ത്രിയുടെ അവാർഡിന് വേണ്ടി പരിശ്രമിക്കുന്ന അദീല അബ്ദുല്ല സാധാരണ ഗതിയിൽ ഉറപ്പു വരുത്തേണ്ട കാര്യങ്ങൾ  പോലും  നിഷേധിക്കുന്നത് വീണ്ടും ചർച്ചാ വിഷയമാവുകയാണ്.

Write a comment
News Category