Friday, March 29, 2024 01:17 PM
Yesnews Logo
Home News

200 മീറ്റർ ദൂരപരിധി പാലിയ്ക്കാത്ത ക്വാറികൾ അടച്ചുപൂട്ടേണ്ടി വരും ; ഹരിത ട്രിബുണൽ വിധി നടപ്പാക്കാൻ സർക്കാർ നിർദേശം

Bindu Milton . Nov 12, 2020
green-tribunal-quarry-kerala
News


ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച് ദേശീയ ഹരിത ട്രിബുണലിന്റെ 21 /07 /2020  ലെ വിധി നടപ്പാക്കാൻ സർക്കാർ വില്ലജ് ഓഫീസർമാർക്ക് നിർദേശം നൽകി. ഹരിത ട്രിബുണലിന്റെ വിധി അനുസരിച്ചു സ്ഫോടനമില്ലാതെ ഖനനം നടത്തുന്ന ക്വാറികൾക്ക് നൂറു മീറ്ററും സ്ഫോടനം നടത്തുന്ന ക്വാറികളുടെ ദൂരപരിധി 200  മീറ്ററും ആക്കി നിശ്ചയിച്ചുകൊണ്ടായിരുന്നു ഹരിത ട്രിബുണലിന്റെ ഉത്തരവ് . കൂടാതെ ക്വാറിയ്ക്കു ചുറ്റുമുള്ള അഞ്ഞൂറ് മീറ്റർ ദൂരപരിധിയെ അപകടമേഖലയാക്കി നിശ്‌ചയിയ്കാനും  ട്രിബുണൽ വിധിയിൽ ആവശ്യപ്പെട്ടിരുന്നു .

 ആ വിധി നടപ്പാക്കാനുള്ള നിർദേശം ജില്ലാ കളക്ടർമാർക്ക് ഓഗസ്റ്റ് 27  നു തന്നെ ലാൻഡ് റവന്യു  കമ്മീഷണർ  നൽകിയിരുന്നു . സെപ്റ്റംബർ 10  നു വയനാട് ജില്ലാ കളക്ടർ  ബന്ധപ്പെട്ട ഡിപ്പാർട്മെന്റുകൾക്കു വിധി നടപ്പാക്കാൻ  നിർദേശം നൽകിയിട്ടുണ്ട്  . ഒക്ടോബർ 10  നു തന്നെ  സർക്കാർ ഉത്തരവ് എത്തിയിട്ടുണ്ട് . ഒക്ടോബർ 20  ഓടെ വയനാട് ജില്ലയിലെ വില്ലേജ്‌ ഓഫീസുകളിലേക്കും സർക്കാർ ഉത്തരവ് എത്തിയിട്ടുണ്ട്   

 

 

ക്വാറിയിൽ നിന്ന് അടുത്തുള്ള താമസസ്ഥലം, പൊതു കെട്ടിടങ്ങൾ റോഡ് , റെയിൽവേ , പാലം തുടങ്ങിയവയും തമ്മിലുള്ള ദൂരം 2016  ലാണ് ഇടതു പക്ഷ സർക്കാർ അമ്പതു മീറ്ററാക്കി കുറച്ചത്. യു ഡി എഫ് സർക്കാരിന്റെ കാലത്തു 100  മീറ്ററായിരുന്നു. വൻ സ്ഫോടനങ്ങൾ നടത്തുന്ന ക്വാറികളുടെ ദൂര പരിധി 50  മീറ്ററായതോടെ സംസ്ഥാനത്തുടനീളം നൂറുകണക്കിന്  ക്വാറികളാണ് പ്രവർത്തനം തുടങ്ങിയത് . ക്വാറി മേഖലകളിൽ താമസിയ്ക്കുന്നവരുടെ ജീവിതം നരക തുല്യമായി . കേരളം പോലെ ജനസാന്ദ്രത ഉള്ള പ്രദേശത്തു അമ്പതു മീറ്റർ ദൂരപരിധിയാക്കിയത് ലാഭം മാത്രം കണ്ടു കൊണ്ടായിരുന്നു . 

ഇടതുപക്ഷ മന്ത്രിമാരുൾപ്പെടയുള്ളവർക്കു ബിനാമി പേരുകളിൽ സംസ്ഥാനത്തു ക്വാറികൾ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ് .രാഷ്ട്രീയക്കാരുടെയും വൻ വ്യവസായികളുടെയും  ബിനാമി നിക്ഷേപങ്ങൾക്ക് പറ്റിയ സുരക്ഷിത താവളമായിരുന്നു കേരളത്തിൽ ക്വാറികൾ .ലഹരി മരുന്ന് കേസിൽ പിടിയിലായ ബിനീഷ് കൊടിയേരിയ്ക്കു   ബിനാമി പേരിൽ ക്വാറികളിൽ   വൻ നിക്ഷേപങ്ങൾ ഉണ്ടെന്ന വിവരങ്ങൾ പുറത്തു വരുന്നുണ്ട് .
 
അമ്പതു മീറ്റർ ദൂരപരിധിയ്ക്കെതിരെ ഹരിത ട്രിബുണലിനെ   സമീപിച്ചത് പാലക്കാടു സ്വദേശി എം ഹരിദാസൻ എന്ന വ്യകതിയാണ്. ദൂരപരിധി 50  മീറ്റർ ആയി നില നിർത്തണമെന്നാവശ്യപ്പെട്ടു കേരള സർക്കാർ ഗ്രീൻ ട്രിബുണലിൽ ശക്തമായ  വാദമുയർത്തിയിരുന്നു . കേരളം മാത്രമാണ് ഈ 50  മീറ്റർ ദൂരപരിധി തന്നെ നിലനിർത്തണമെന്ന് വാദിച്ചത് . മിയ്ക്ക സംസ്ഥാനങ്ങളിലും ക്വാറികളുടെ ദൂരപരിധി നേരത്തെ തന്നെ 200  -500  മീറ്ററാണ്.  

കേരളത്തിന്റെ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഗ്രീൻ  ട്രിബ്യുണൽ  ജൂലായിൽ വിധി പുറപ്പെടുവിച്ചത് . 50  മീറ്റർ ദൂരപരിധി തീരെ അപര്യാപ്തമാണെന്നും ജനജീവിതത്തിനും ആരോഗ്യത്തിനും പരിസ്ഥിതിക്കും സർവത്ര നാശമുണ്ടാക്കുന്ന നയമാണ് കേരളം സ്വീകരിച്ചരിക്കുന്നതെന്നും ട്രിബ്യുണൽ  ആവർത്തിച്ചു. ഡയറക്ടറേറ്റ്   ജനറൽ  ഓഫ്  മൈൻസ്   സേഫ്റ്റി നിർദേശിച്ചിരിക്കുന്നത് പോലെ ഖനന  മേഖലയുടെ 500  മീറ്റർ അപകടമേഖലയായ് പരിഗണിച്ചുകൊണ്ട് കർശന സുരക്ഷാ നടപടികൾ സ്വീകരിയ്ക്കാനും ഹരിത ട്രിബുണൽ ആവശ്യപ്പെട്ടിട്ടുണ്ട് .

ദൂരപരിധി സംബന്ധിച്ച കേസ് കേരള ഹൈകോടതിയിൽ തുടരുന്നുണ്ടെന്നും അതുകൊണ്ടു ഗവണ്മെന്റ് ഉത്തരവ്  നടപ്പാക്കേണ്ട കാര്യമില്ലെന്നുമാണ് വയനാട് ജില്ലാ ജിയോളജിസ്റ് യെസ് ന്യൂസിനോട് പ്രതികരിച്ചത് . അതെ സമയം   വിധിയ്‌ക്കെതിരെ എന്തെങ്കിലും കേസോ സ്റ്റെയോ ഉള്ളതായി അറിയില്ലെന്നും  ദൂരപരിധി സംബന്ധിച്ച ഹരിത ട്രിബ്യുണൽ ഉത്തരവാണ് നില നിൽക്കുകയെന്നും തിരുവനന്തപുരത്തെ  ലാൻഡ്  റെവന്യൂ കമ്മീഷണറുടെ  ഓഫീസ് യെസ് ന്യൂസിനോട് പറഞ്ഞു.  ഡിപ്പാർട്‌മെന്റുകൾക്കിടയിൽ ഇത്തരത്തിലുള്ള ആശയകുഴപ്പം ഉണ്ടാക്കുന്നത് പൊതുജനങ്ങളെ കബളിപ്പിയ്ക്കാനും ക്വാറി മാഫിയയെ സഹായിയ്ക്കാനുമാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.  

Write a comment
News Category