Thursday, March 28, 2024 06:37 PM
Yesnews Logo
Home News

മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തു; അറസ്റ്റിനെ കുറിച്ച് മുൻകൂട്ടി വിവരം ഉണ്ടായിരുന്നുവെന്ന് ലീഗ് നേതാക്കൾ

Alamelu C . Nov 18, 2020
vigilance-arrested-ibrahim-kunju--palarivattom-case-dramatic-arrest-from-hospital
News

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. രാവിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയ അന്വേഷണസംഘം അദ്ദേഹം ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞ് അവിടേക്ക് എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വീട്ടിലെത്തി ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു ആദ്യം വിജിലന്‍സ് നീക്കം. എന്നാല്‍ വിജിലന്‍സ് നീക്കത്തെ കുറിച്ച് വിവരം ലഭിച്ച ഇബ്രാഹിംകുഞ്ഞ് ഇന്നലെ രാത്രി ആശുപത്രിയില്‍ ചികിത്സ നേടുകയായിരുന്നു.

അറസ്റ്റു    രാഷ്ട്രീയ പ്രേരിതമാണെന്നു മുസ്‌ലിം ലീഗ് പ്രതികരിച്ചു. അറസ്റ്റ് ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്നു  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു.കേസ്സുകളിൽ പെട്ട കൂടുതൽ യു.ഡി.എഫു നേതാക്കൾക്കെതിരെ അറസ്റ്റു ഭീഷിണി നില നിൽക്കെയാണ്.
ബാർ കോഴ കേസും സോളാർ കേസുമായി ബന്ധപ്പെട്ടാണ് യു.ഡി.എഫ് നേതാക്കളെ കുരുക്കാൻ കരുനീക്കങ്ങൾ നടക്കുന്നത്. മുസ്ളീം ലീഗിലെ കുഞ്ഞാലികുട്ടി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുമായി ഉറ്റബന്ധമുള്ള നേതാവാണ് ഇബ്രാഹിം കുഞ്ഞു. 

ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് ഇന്ന് രാവിലെ 8.30ഓടെ കൊച്ചി ആലുവയിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയത്. എന്നാല്‍ ഇബ്രാഹിംകുഞ്ഞ് വീട്ടില്‍ ഇല്ലെന്നും കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വീട്ടുകാര്‍ അറിയിച്ചു. അന്വേഷണസംഘം എത്തിയപ്പോള്‍ ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വനിത പൊലീസ് എത്തിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇബ്രാഹിംകുഞ്ഞിന്റെ വീടിനുള്ളില്‍ കടന്ന് പരിശോധന നടത്തി. തുടർന്ന് ആശുപത്രിയിലെത്തിയ വിജിലൻസ് സംഘം ആശുപത്രിയിലെത്തി ഡോക്ടർമാരുമായി രോഗവിവരങ്ങൾ ചോദിച്ച് മനസ്സിലാക്കി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

മുന്‍പ് പലതവണ വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു. അപ്പോഴൊക്കെ നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് നോട്ടീസ് നല്‍കി വിളിച്ചുവരുത്തുന്നതിന് പകരം ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുകയായിരുന്നു. ഇതോടെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലാകുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. ഇഡിയും വിജിലന്‍സുമാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ ഇഡി ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള കാര്യം ലേക്‌ഷോര്‍ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് ഇദ്ദേഹം ആശുപത്രിയില്‍ പ്രവേശിച്ചത്.

അറസ്റ്റിൽ ലീഗിന് രോഷം;രാഷ്ട്രീയപ്രേരിതമെന്നു കുഞ്ഞാലിക്കുട്ടി 

വിവിധ വിഷയങ്ങളിൽ നട്ടം തിരിയുന്ന ഇടതു പക്ഷ സർക്കാർ ശ്രദ്ധ തിരിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് അറെസ്റ്റെന്ന് ലീഗ് നേതാക്കൾ ആരോപിച്ചു. രാഷ്ട്രീയ കാരണങ്ങൾ അറസ്റ്റിനു പിന്നിലുണ്ട്. മൂന്നു ദിവസങ്ങൾക്കു മുൻപ് തന്നെ അറെസ്റ്റുണ്ടാകുമെന്നു വിവരം ലഭിച്ചിരുന്നു. അറസ്റ്റിനു മുൻപ് പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. 

സ്വർണ്ണക്കടത്തു വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കങ്ങൾ നടക്കയാണ്-കൂടുതൽ ലീഗ് നേതാക്കളെ കേസിൽ പെടുത്താൻ നീക്കം നടക്കുമെന്ന ആശങ്ക ലീഗ് നേതാക്കൾക്കുണ്ട്. ഈ സാഹചര്യത്തിൽ മുതിർന്ന നേതാക്കൾ യോഗം ചേർന്ന് രാഷ്ട്രീയ സ്ഥിതിഗതികൾ ചർച്ച ചെയ്തു.
 

Write a comment
News Category