Thursday, April 25, 2024 10:11 PM
Yesnews Logo
Home News

പോലീസ് ആക്ട് ഭേദഗതി റദ്ദാക്കാൻ വഴി തേടി സർക്കാർ

News Desk . Nov 24, 2020
police-act-amendment-kerala
News


ചർച്ചകളും സംവാദങ്ങളും  ഒഴിവാക്കി ഏകാധിപത്യപരമായി ഇറക്കിയ പോലീസ് ആക്ട് ഭേദഗതി ഓർഡിനൻസ് പിൻവലിയ്ക്കാനുള്ള വഴി തേടി സർക്കാർ
വിവാദമായ പൊലീസ് ആക്ട് ഭേദഗതി ഓര്‍ഡിനന്‍സ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണറെ സമീപിയ്ക്കാനാണ് ആലോചന  ഇത്തരമൊരു തീരുമാനത്തിന്റെ സാഹചര്യം ഗവര്‍ണറെ ബോധ്യപ്പെടുത്താനാണ് തീരുമാനം. പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ രാഷ്ട്രീയതീരുമാനം എടുത്തെങ്കിലും ഭരണപരമായ നടപടിക്രമങ്ങള്‍ ബാക്കിയാണ്.

പാര്‍ട്ടിയുടേയും മുന്നണിയുടേയും നയങ്ങളില്‍ നിന്ന് വ്യതിചലിച്ചെന്ന വിമര്‍ശനം ഒഴിവാക്കാന്‍ സര്‍ക്കാരിന് മുന്നില്‍ മറ്റുവഴികള്‍ ഇല്ലായിരുന്നു എന്നതാണ് വസ്തുത. അതുകൊണ്ടാണ് കടുത്ത തീരുമാനത്തിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. ഇനി മൂന്നു വഴികളാണ് സര്‍ക്കാരിനു മുന്നില്‍. ഭരണഘടനയുടെ അനുച്ഛേദം 213(2)പ്രകാരം നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസം മുതല്‍ ആറാഴ്ച വരെ ഓര്‍ഡിനന്‍സ് നിയമപ്രാബല്യമുണ്ടാകും. ആറാഴ്ചയ്ക്കുള്ളില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കിയില്ലെങ്കില്‍ ഓര്‍ഡിനന്‍സ് റദ്ദാകും.

 ഓര്‍ഡിനന്‍സ് റദ്ദ് ചെയ്യണമെന്ന പ്രമേയം സഭയില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കാമെന്നാണ് മറ്റൊരു വഴി.എന്നാല്‍ സഭാ സമ്മേളനം ഇനി ജനുവരിയിലേ ഉണ്ടാകൂ. ഓര്‍ഡിനന്‍സ് റദ്ദ് ചെയ്യാനുള്ള തീരുമാനം വൈകുംതോറും രാഷ്ട്രീയ സമ്മര്‍ദ്ദമേറും. ഓര്‍ഡിനന്‍സില്‍ നിന്ന് പിന്മാറുന്നെന്ന് വെറുതേ പറഞ്ഞാല്‍ പോരാ, റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു കഴിഞ്ഞു. അതിനാലാണ് സര്‍ക്കാര്‍ മൂന്നാമത്തെ വഴി തേടുന്നത്. മന്ത്രിസഭ ശുപാര്‍ശ ചെയ്താല്‍ ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സ് പിന്‍വലിക്കാം. ഈ വഴിയിലൂടെയാകും സര്‍ക്കാര്‍ നീങ്ങുക

.മാധ്യമങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമഭേദഗതിയോട് ഗവര്‍ണര്‍ക്ക് പൂര്‍ണ യോജിപ്പുണ്ടായിരുന്നില്ലെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ രണ്ടു ദിവസത്തിനുള്ളില്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അക്കാര്യത്തിലും ഗവര്‍ണര്‍ക്ക് വിശദീകരണം തേടാം. അത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.

Write a comment
News Category