Friday, March 29, 2024 12:21 PM
Yesnews Logo
Home News

ഡീഗോ മറഡോണ അന്തരിച്ചു,വിട വാങ്ങിയത് ലോക പ്രിയ ഫുട്‌ബോൾ ഇതിഹാസം

News Desk . Nov 26, 2020
deigo-maradona-died-football-legend-no-more
News

കാൽപ്പന്തു കളിക്ക് പുതു മാനങ്ങൾ നൽകിയ ഫുട്‌ബോൾ ഇതിഹാസം    ഡീഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നും അർജന്‍റീനയിൽനിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണവാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. രണ്ട് ആഴ്ചകൾക്കു മുൻപ് മറഡോണയ്ക്ക് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം വീട്ടിലേക്ക് മടങ്ങിയ അദ്ദേഹം വിശ്രമത്തിലായിരുന്നു.
 
ഡീഗോ അർമാൻഡോ മറഡോണ 1960 ഒക്ടോബർ 30ന് ബ്യൂണസ് അയേഴ്‌സിൽ ജനിച്ചു. ആധുനിക ഫുട്ബോളിലെ ഏറ്റവും പ്രതിഭാധനനായ കളിക്കാരിലൊരാളാണ് മറഡോണ. അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ സുപ്രധാന പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കിടുന്നു.

തന്റെ പ്രൊഫഷണൽ ക്ലബ് ഫുട്ബോൾ ജീവിതത്തിൽ, അർജന്റീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നെവെൽസ് ഓൾഡ് ബോയ്സ് എന്നീ പ്രമുഖ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള കൈമാറ്റത്തുകയിൽ പുതിയ ചരിത്രമെഴുതിയ ഫുട്ബോളറാണ്. അന്താരാഷ്ട്രഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടി.

1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചു. അതിൽ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജന്റീന ടീം ഫൈനലിൽ പശ്ചിമജർമ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടി. ആ ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കി.

ഈ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ 'ദൈവത്തിന്റെ കൈ' എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന ഇംഗ്ലണ്ടിന്റെ തോൽപ്പിച്ചു.

ലോകകപ്പുകളിലും, ക്ലബ് ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും നടത്തിയ മികവാർന്ന പ്രകടനങ്ങളെക്കാൾ സംഭവബഹുലമായിരുന്നു മറഡോണയുടെ പൊതുജീവിതം.

Write a comment
News Category