Saturday, April 20, 2024 06:01 AM
Yesnews Logo
Home News

പോളിംഗ് കുറഞ്ഞു; രാഷ്ട്രീയ വിവാദങ്ങളിൽ ജനം മടുത്തുവെന്നു വിലയിരുത്തൽ

Arjun Marthandan . Dec 09, 2020
kerala-local-body-election-polling-percentage
News

സ്വര്ണക്കടത്തും  അഴിമതിയും കോഴ വിവാദങ്ങളും ജനങ്ങളുടെ മനം മടുപ്പിച്ചു. തദ്ദേശ തിരെഞ്ഞെടുപ്പിൽ ആവേശം ഉയർത്താൻ ശ്രമിച്ചിട്ടും ജനങ്ങൾ മുഖം തിരിച്ചത് രാഷ്ട്രീയ പാർട്ടികളിൽ പരിഭ്രാന്തിയുണ്ടാക്കി. 

തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ, അന്തിമ കണക്കുകൾ അനുസരിച്ച് ഔദ്യോഗിക പോളിങ് ശതമാനം 72.67% ആണ്. തിരുവനന്തപുരം- 69.76%, കൊല്ലം- 73.41%, പത്തനംതിട്ട- 69.70%, ആലപ്പുഴ- 77.23%, ഇടുക്കി- 74.56% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് ശതമാനം. അതേസമയം 2015നെ അപേക്ഷിച്ച് പോളിങ് ശതാനത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.മൂന്നു ശതമാനം മുതൽ അഞ്ചയ് ശതമാനം വരെ പോളിംഗ് കുറഞ്ഞിട്ടുണ്ട്. 

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടു ഘട്ടങ്ങളിലായി 78.33 ശതമാനം പേർ വോട്ട് ചെയ്തു. ആദ്യ ഘട്ടത്തിൽ 77.83% പേരും രണ്ടാം ഘട്ടത്തിൽ 78.83% പേരുമാണ് വോട്ട് ചെയ്തത്. ഇതിനെ അപേക്ഷിച്ച് ആദ്യ ഘട്ട വോട്ടെടുപ്പിൽ പോളിങ് ശതമാനം താരതമ്യേന കുറവാണെങ്കിൽ കോവിഡ് സാഹചര്യത്തിൽ 70 ശതമാനം കടന്നത് ആർക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ.

ഇന്ന് വോട്ടെടുപ്പ് നടന്ന ജില്ലകളിൽ ഉയർന്ന പോളിങ് ശതമാനം ആലപ്പുഴയിലും(77.23%) കുറവ് പത്തനംതിട്ടയിലുമാണ്(69.70%). തിരുവനന്തപുരത്ത് പോളിങ് കുറഞ്ഞതും ആലപ്പുഴയിൽ കൂടിയതും തങ്ങൾക്ക് അനുകൂലമാണെന്ന വിലയിരുത്തലിലാണ് എൽഡിഎഫ്. എന്നാൽ ഇത്തവണ ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ പിഴയ്ക്കുമെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. ഇരു മുന്നണികളെയും ഞെട്ടിച്ചുകൊണ്ട് തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. കൂടാതെ ശ്രദ്ധേയമായ ചില അട്ടിമറി വിജയങ്ങളും നേടുമെന്ന് അവർ പറയുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്നത്. വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. രാവിലെ മുതൽ തന്നെ ആളുകൾ വോട്ട് ചെയ്യാനെത്തി. കോവിഡ് പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളൊക്കെ കർശന സുരക്ഷ മാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ് പ്രവർത്തിച്ചത്.

അഞ്ചു ജില്ലകളിലെ 395 തദ്ദേശസ്ഥാപനങ്ങളില്‍ 6910 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 41,58,395 പുരുഷന്‍മാരും 46,68,267 സ്ത്രീകളും 61 ട്രാന്‍സ്‌ജെന്റേഴ്‌സും അടക്കം 88,26,873 വോട്ടര്‍മാരാണ് ഒന്നാം ഘട്ടത്തിലുള്ളത്. ഇതില്‍ 150 പ്രവാസി ഭാരതീയരും 42530 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചത്. 320 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു.

Write a comment
News Category