Tuesday, March 19, 2024 07:53 AM
Yesnews Logo
Home News

കർഷക സമരത്തിന് പഞ്ചാബിലെ ഗ്രാമങ്ങളിൽ നിന്ന് 127 കോടിയിലധികം പിരിച്ചെന്ന് വെളിപ്പെടുത്തൽ;സമരം പിൻവലിക്കില്ല; എൻ.ഐ.എ ക്കു മുന്നിൽ ഹാജരാകില്ലെന്ന് മാധ്യമ പ്രവർത്തകൻ ബെൽതേജ് പന്നു യെസ് ന്യൂസിനോട്

Bindu Milton . Jan 17, 2021
farmers-agitation-127-crore-collected-from-punjab-revelation--majority-leaders-will-not-appear-before-nia
News

EXCLUSIVE 

കർഷക സമരത്തിന് വേണ്ടി പഞ്ചാബിലെ ഗ്രാമങ്ങളിൽ നിന്ന് മാത്രം 127 കോടിയിലധികം  രൂപ പിരിച്ചെടുത്തുവെന്ന് വെളിപ്പെടുത്തൽ.മാസങ്ങളോളം സമരം ചെയ്യാനുള്ള സാമ്പത്തിക ശക്തി ഉണ്ടെന്നും സമര  മുഖത്തു നിന്ന് പിൻവാങ്ങില്ലെന്നും കർഷക നേതാക്കൾ യെസ് ന്യൂസിനോട്  പ്രതികരിച്ചു.എൻ.ഐ.എ ചോദ്യം ചെയ്യൽ നോട്ടീസ് ലഭിച്ചതോടെ സമര മേഖലയിൽ അങ്കലാപ്പ് ഉണ്ടായിട്ടുള്ളതായി നേതാക്കൾ സമ്മതിച്ചു. എന്നാൽ സമരം തുടരും.അഞ്ചോ ആറോ മാസം സമരം തുടരാനുള്ള സമ്പത്തും ഭക്ഷണവും കരുതിയിട്ടുണ്ട്. -സമര രംഗത്തുള്ള സിഖ് മാധ്യമ പ്രവർത്തകൻ ബെൽതേജ് പന്നു  വെളിപ്പെടുത്തി.യു.എസ്, കാനഡ രാജ്യങ്ങളിലെ സിഖ് സ്ഥാപനങ്ങളുമായി ബന്ധമുള്ള പന്നുവിനെ എൻ.ഐ.എ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.  19  നു ഡൽഹിയിലെ എൻ.ഐ.എ ആസ്ഥാനത്തു എത്താനാണ് നിർദേശം.

പഞ്ചാബിൽ മാത്രം 12700 ഗ്രാമങ്ങളാണ് ഉള്ളത്.ഒരു ലക്ഷം രൂപ വെച്ചാണ് ഓരോ ഗ്രാമത്തിൽ നിന്നും സമരത്തിന് വേണ്ടി പിരിച്ചടുത്തിട്ടുള്ളത്. ഏതാണ്ട് 12700 ലക്ഷം രൂപ ഗ്രാമങ്ങളിൽ  നിന്ന് മാത്രം ലഭിച്ചു. അതായത് 127 കോടി പക്കലുണ്ട്.വിദേശ സഹായം  ഈ സന്ദർഭത്തിൽ  ആവശ്യമില്ലെന്നും നേതാക്കൾ പറഞ്ഞു. 

ആയിരകണക്കിന് കർഷകരാണ് മാസങ്ങളായി   സമര രംഗത്ത് തുടരുന്നത്.ഭീമമായ തുക ആവശ്യമായിരിക്കെ വൻ തോതിൽ സാമ്പത്തിക സംഭരണം നടന്നതായി സർക്കാർ കണ്ടെത്തിയിരുന്നു.തദ്ദേശീയമായും വിദേശത്തു നിന്നും ഫണ്ടിംഗ് നടന്നതിനുള്ള ആദ്യ സൂചനകളാണ്  യെസ് ന്യൂസ് ഇപ്പോൾ പുറത്തു വിടുന്നത്. 

എൻ.ഐ.എ ക്കു മുന്നിൽ ഹാജരാകില്ല-മാധ്യമ പ്രവർത്തകൻ ബെൽതേജ് പന്നു , ഭൂരിഭാഗം പേരും ചോദ്യം ചെയ്യലിൽ നിന്ന് വിട്ടു നിന്നേക്കും  


കർഷക സമരത്തെ നേരിടാൻ ദേശീയ അന്വേഷണ ഏജൻസിയെ ഉപയോഗിക്കയാണെന്ന് എൻ.ഐ.എ നോട്ടിസ് ലഭിച്ച മാധ്യമ പ്രവർത്തകൻ ബെൽതേജ് പന്നു യെസ് ന്യൂസിനോട് പറഞ്ഞു. 19   നു ഹാജരാകാനാണ് നോട്ടീസ്  ലഭിച്ചിട്ടുള്ളത്. ആ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉദ്ദേശമില്ല. അഭിഭാഷകരുമായി ചേർന്ന് ആലോചിച്ച ശേഷം മാത്രെമേ തീരുമാനമെടുക്കൂ-യെസ് ന്യൂസിനെ അദ്ദേഹം അറിയിച്ചു. 

ചോദ്യം ചെയ്യലിന് ഹാജരാകാനായി   കാരണങ്ങൾ ദേശീയ അന്വേഷണ ഏജൻസി നോട്ടിസിൽ അറിയിച്ചിട്ടില്ല. അത് കൊണ്ട് തന്നെ 19 നു ഡൽഹിയിലെ എൻ.ഐ.എ ഓഫീസിൽ ചോദ്യം ചെയ്യലിന് എത്തില്ല.നേരത്തെ സിഖ് നേതാവ് ബൽദേവ് സിംഗ് സിർസ എൻ.ഐ.എ ക്കു മുന്നിൽ എത്തില്ലെന്ന് അറിയിച്ചിരുന്നു. പേരക്കുട്ടിയുടെ കല്യാണം ആയതു കൊണ്ട് ഹാജരാകാൻ കഴിയില്ലെന്നാണ് സിർസ എൻ.ഐ.എ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. ഫെബ്രുവരി  7 നു  ശേഷം മറ്റൊരു ദിവസം  ഹാജരാകാമെന്നും സിർസ വ്യക്തമാക്കുന്നു.എൻ.ഐ.എ നടപടി ഉണ്ടായതോടെ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ നിന്നും സിർസ വിട്ടു നിന്നിരുന്നു. സമര  മുഖത്തു  സിർസയെ ഇപ്പോൾ കാണാനില്ല. സിർസയുടെ സന്നദ്ധ സംഘടന വഴി സിഖ് ഭീകര സംഘടനകൾ കോടികൾ ഒഴുക്കിയെന്ന ആരോപണം ശക്തമാണ്. 

ഏതാണ്ട് 40 ഓളം പേർക്കാണ് എൻ.ഐ എ നോട്ടീസ് ലഭിച്ചിട്ടുള്ളത്.ഇതിൽ രണ്ടു മാധ്യമ പ്രവർത്തകരും പ്രമുഖ പഞ്ചാബി നടനും അകാലി ദളിന്റെ പ്രമുഖ നേതാവും ഉൾപ്പെടുന്നു.ഇതിൽ കാനഡയിലെ മാധ്യമങ്ങൾക്കു  വേണ്ടി  പ്രവർത്തിക്കുന്ന ബെൽതേജ് പന്നവുമായുമാണ് യെസ് ന്യൂസ് സംസാരിച്ചത്. അകാലിദളിന്റെ ഫണ്ട് മൊബൈലിസർ എന്നറിയപ്പെടുന്ന പരംജിത് സിംഗ് അകാലിയാണ് എൻ.ഐ.എ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ളവരിൽ മറ്റൊരു  പ്രധാനി. പരംജിത്തിന്‌ പാക്കിസ്ഥാൻ-ഖാലിസ്ഥാൻ ഗ്രൂപ്പുകളുമായി  ബന്ധമുണ്ടെന്ന ആരോപണം നേരത്തെ പഞ്ചാബിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയർന്നിരുന്നതാണ്. 

സിഖ് നേതാക്കളിൽ അങ്കലാപ്പ്, എൻ.ഐ.എ നോട്ടിസ്ലഭിച്ചതോടെ  പ്രമുഖ നേതാക്കളുടെ പങ്കാളിത്തം കുറഞ്ഞു 

ദേശീയ    അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടിസ് ലഭിച്ചതോടെ  സമര രംഗത്തെ ആവേശം ചോർന്നു തുടങ്ങി.പ്രമുഖ നേതാക്കൾ ഒന്നൊന്നായി പതുക്കെ രംഗം വിടുകയാണ്.നിയമ കുരുക്കിൽ ഉൾപ്പെടുമെന്ന് തോന്നൽ നേതാക്കളിൽ വളർന്നു കഴിഞ്ഞതായാണ് സമര മേഖലയിൽ നിന്ന് ലഭിക്കുന്ന വിവരം. നേതാക്കൾ അവരവരുടെ ഗ്രാമങ്ങളിലേക്ക്  മാറി തുടങ്ങി. എൻ.ഐ.എ നോട്ടിസ് ലഭിച്ചവർ അഭിഭാഷകരുമായി കൂടിയാലോചനക്കായി പോയിക്കഴിഞ്ഞു. 

ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടില്ല. അത് കൊണ്ട് തന്നെ എൻ.ഐ.എ ആസ്ഥാനത്തു എത്താൻ    പലരും ഭയപ്പെടുകയാണ്. ബഹു ഭൂരിപക്ഷം പേർക്കും വിദേശത്തു ബന്ധമുള്ളവരാണ്.മക്കളും ഉറ്റവരും വിദേശത്തു സ്ഥിര താമസം ഉറപ്പിച്ചവരാണ്. എൻ.ഐ.എ പിടിയിലായാൽ പിന്നെ വിദേശ യാത്രകൾ  മുടങ്ങുമെന്ന ആശങ്ക നേതാക്കളിൽ വളർന്നു വരുന്നതായി ബന്ധപ്പെട്ടവർ  യെസ് ന്യൂസിനോട് പറഞ്ഞു. 

ഭീകരവാദവുമായി ബന്ധപ്പെട്ട യു.എ.പി.എ നിയമത്തിലെ സെക്‌ഷൻ 13 , 17 ,18 ,18 ബി ,20 വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് ഹാജരാകാൻ മിക്കവർക്കും നോട്ടിസ് ലഭിച്ചിട്ടുള്ളത്. ഗൗരവമായ വകുപ്പുകൾ ഉൾപ്പെട്ടത് കൊണ്ട് ചോദ്യം ചെയ്യലിന് ശേഷം അറെസ്റ്റിലായാൽ ഭാവി ഇരുളടയുമെന്നു സമര മുഖത്തെ നേതാക്കൾക്ക് അറിയാം. ഇതോടെയാണ് സ്വന്തം  ഗ്രാമങ്ങളിലേക്ക് പലരും മടങ്ങുന്നത്.നോട്ടിസ്   ലഭിച്ചവർ അഭിഭാഷകരെ കാണുന്ന തിരക്കിലുമാണ്. 

സമരത്തെ തകർക്കാൻ നീക്കമെന്ന് ആരോപണം

എൻ.ഐ.എ ഉപയോഗിച്ച് സമരത്തെ തകർക്കാൻ ശ്രമിക്കയാണെന്നു അകാലിദൾ ആരോപിച്ചു. കടുത്ത അനീതിയാണിത്. ഒരു സമർദത്തിനും കീഴ്പ്പെടില്ലെന്നു  അകാലിദൾ നേതാവ് സുഖ്‌ബീർ സിംഗ് ബാദൽ  വ്യക്തമാക്കി. എൻ.ഐ.എ നോട്ടിസ് ലഭിച്ച നേതാക്കളും കടുത്ത പ്രതിഷധത്തിലാണ്. 

Write a comment
News Category