Saturday, April 20, 2024 06:29 PM
Yesnews Logo
Home News

കർണാടകയിൽ ഷിമോഗയ്ക്ക് സമീപം വൻ സ്ഫോടനം; എട്ടു മരണം; ക്വാറി സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടം

Kariyachan . Jan 22, 2021
powerful-quarry-blast-shivamoga-in-karnataka-6-killed
News

 കർണാടകയിൽ ഷിമോഗക്കു   സമീപം ഉണ്ടായ വൻ സ്ഫോടനത്തിൽ എട്ടു  പേർ മരിച്ചു. മരണനിരക്ക് ഉയരാൻ സാധ്യത. ക്വാറിയിലേക്കുള്ള ഡൈനാമൈറ്റും ജെലാറ്റിനുമായി പോയ ലോറി വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് സംഭവം.തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.ഉഗ്ര  സ്‌ഫോടനത്തിൽ പരിസരവാസികൾ ഭയന്നിരിക്കയാണ്.  കൊല്ലപ്പെട്ടവർ ബീഹാർ സ്വദേശികളാണ്. 

ഷിമോഗയിലും ചിക്കമംഗളൂരിന്റെ ഭാഗങ്ങളിലും ഉത്തര കന്നഡ ജില്ലകളുടെ ഭാഗങ്ങളിലും  സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്. രാത്രി ഉറങ്ങാൻ പോയ ജനങ്ങൾ സ്ഫോടനവും പ്രകമ്പനവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശങ്കയിലായി. ഭൂചലനമാണെന്നായിരുന്നു അവർ ആദ്യം കരുതിയത്. തുടർന്ന് ജനങ്ങൾ കൂട്ടത്തോടെ വീടുകളിൽ നിന്ന് പുറത്തേക്ക് വന്നു.

കുറച്ചുസമയങ്ങൾക്ക് ശേഷമാണ് സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചുണ്ടായതിന്റെ പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചത്. ഒന്നിനുപുറകെ ഒന്നായി 50 ഓളം ഡൈനാമൈറ്റുകൾ പൊട്ടിച്ചിതറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് വെച്ച് തന്നെ എട്ടു  പേർ മരിച്ചു. ജെലാറ്റിനും ഡൈനാമൈറ്റുമായി പോയ ലോറി സ്ഫോടനത്തിൽ പൂർണമായും തകർന്നു.

സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായും പ്രകമ്പനം അനുഭവപ്പെട്ടതായും ഷിമോഗ റൂറൽ എംഎൽഎ അശോക് നായിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്റെ നിയോജക മണ്ഡലത്തിലുണ്ടായ അത്യന്തം ദൗർഭാഗ്യകരമായ സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''സ്ഫോടനത്തെ തുടർന്ന് കടുത്ത പുകപടലം ഉയർന്നിരുന്നു. ഒന്നും കാണാൻ കഴിയില്ലായിരുന്നു. കുറഞ്ഞത് ആറുപേർക്കെങ്കിലും ജീവൻ നഷ്ടമായിട്ടുണ്ട്. മരണനിരക്ക് ഇതിൽ അധികവുമാകാം. ഇപ്പോൾ എനിക്ക് ഒന്നും സ്ഥിരീകരിക്കാനാവില്ല''- എംഎൽഎ പറഞ്ഞു.

സ്ഫോടനത്തെ തുടർന്ന് സംഭവസ്ഥലത്തേക്ക് അധികൃതർ പാഞ്ഞെത്തി. എന്നാൽ ഇനിയും സ്ഫോടനം ഉണ്ടാകുമോ എന്ന ഭീതിയിൽ വളരെ സാവധാനവും കരുതലോടെയുമാണ് അവർ മുന്നോട്ടുപോയതെന്ന് പ്രദേശവാസികൾ പറയുന്നു. റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലത്ത് ചില ഖനന പ്രവർത്തനങ്ങൾ നടന്നിരുന്നതായി അധികൃതർ വ്യക്തമാക്കി. എന്നാൽ വൻ സ്ഫോടനത്തിന് പിന്നിലെ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.

കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ജന്മനാടാണ് ഷിമോഗ. അപകടത്തെ തുടർന്ന് അദ്ദേഹം അധികൃതരോട് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. അനധികൃത ഖനനപ്രവർത്തനങ്ങളും ക്വാറികളും പ്രദേശത്ത് സർവ സാധാരണമാണ്.

മലയാളികൾക്കും ക്വാറികൾ ;സ്‌ഫോടക വസ്തുക്കൾ എത്തിച്ചവർക്ക്  മലയാളികളുമായി ബന്ധം ?

ബെല്ലാരി, ഷിമോഗ മേഖലകളിൽ കരിങ്കൽ കവിവരികൾ നടത്തുന്നവരിൽ മലയാളികളുമുണ്ട്. കർണ്ണാടക സ്വദേശികളെ മുന്നിൽ നിർത്തിയാണ് ബഹു ഭൂരിപക്ഷം ക്വാറികളും പ്രവർത്തിക്കുന്നത്. കണ്ണൂർ, വയനാട് , കാസർഗോഡ്, മലപ്പുറം, കോഴിക്കോട്  ജില്ലകളിൽ നിന്നുള്ളവർക്ക് ക്വാറികൾ  ഏറെയുള്ള പ്രേദേശമാണ് ഷിമോഗ, ബെല്ലാരി മേഖലകൾ. സ്‌ഫോടക വസ്തുക്കൾ എത്തിച്ച്  നൽകുന്നതും മലയാളികളാണ്. ഷിമോഗ സ്‌ഫോടനത്തിൽ മലയാളി വ്യവസായികൾക്കുള്ള പങ്കു അന്വേഷിച്ചു വരികയാണ്.നിരവധി അനധികൃത ക്വാറികൾ  മലയാളികൾ നടത്തുന്നുണ്ടെന്നാണ് വിവരം. ഇവർക്കാർക്കെങ്കിലും സ്‌ഫോടനവുമായി ബന്ധമുണ്ടോ എന്ന് അന്വേഷണത്തിൽ തെളിയും. 

Write a comment
News Category