Saturday, April 20, 2024 09:06 PM
Yesnews Logo
Home News

കേരളത്തിലെ ബി.ജെ.പി ക്കു എന്ത് പറ്റി ? അണികളിൽ ആശയകുഴപ്പം, തെരെഞ്ഞെടുപ്പിനു മുൻപേ തളർന്ന നിലയിലായ പാർട്ടിയെ കുറിച്ച് അസ്വസ്ഥരായി അണികൾ , സുരേന്ദ്രന്റെ നേതൃത്വം പോരെന്ന തോന്നലുണ്ടോ ? ബി.ജെ.പി നേതാക്കളെ വലയിലാക്കാൻ സി.പി.എം ശ്രമം തുടങ്ങിയെന്നു റിപ്പോർട്ട്

Swapna. V . Feb 15, 2021
kerala-unit-of-bjp-enthusiasm-vanished-group-ism
News

ഒരു സമയത്ത് കേരള രാഷ്ട്രീയത്തിൽ ബി.ജെ.പി കത്തി ജ്വലിച്ചു നിൽക്കുകയായിരുന്നു.സ്വർണ്ണ കടത്തു കേസും മറ്റു ആരോപണങ്ങളും ഉയർന്നപ്പോൾ മുഖ്യ പ്രതിപക്ഷ കക്ഷിയായ  കോൺഗ്രെസ്സിനെക്കാൾ അതി ശക്തമായ നിലയിലായിരുന്നു ബി.ജെ.പി. പാർട്ടി വലിയ കൈയ്യടി നേടിയ സമയമായിരുന്നു അത്. മുഖ്യമന്ത്രിക്കെതിരെയും സി.പി.എം നേതാക്കൾക്കെതിരെയും നിരന്തര ആക്രമണങ്ങൾ  നടത്തി കെ.സുരേന്ദ്രൻ താരമായി മാറിയ സാഹചര്യം ഇപ്പോൾ പാടെ മാറി. ബി.ജെ.പി യെ ആരും ഗൗരവമായി കാണാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

ഒരു ആത്മവിശ്വാസവും പാർട്ടിയിൽ കാണുന്നില്ല.തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരു മുന്നൊരുക്കങ്ങളും നടക്കുന്നില്ല.കീഴ്ഘടകങ്ങൾ പാടെ നിശ്ച്ചലമായ അവസ്ഥയാണ്.നേതാക്കളിലും അണികളിലും ഒരുപോലെ  ആശയക്കുഴപ്പവും വ്യക്തതയില്ലായ്‌മയും കാണുന്നു.എന്തോ  കാര്യമായി സംഭവിച്ചതുപോലെയുള്ള  പ്രതീതി ബി.ജെ.പി.യിൽ പടർന്നു കഴിഞ്ഞു.
സംസ്ഥാന നേതാക്കളിൽ തന്നെ ഈ ആശയകുഴപ്പം ദൃശ്യമാണ്. പഴയതു പോലെയുള്ള മൂർച്ചയുള്ള നീക്കങ്ങളൊന്നും  ബി.ജെ.പി യിൽ നിന്നുണ്ടാകുന്നില്ല. 

ബി.ജെ.പി യെ പ്രതീക്ഷയോടെ കണ്ടിരുന്നവർ  ഒന്നൊന്നായി പാർട്ടിയിൽ നിന്ന് മാനസികമായി അകലുകയാണ്. എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോകേണ്ട സംസ്ഥാന  നേതാക്കൾ തണുത്ത മട്ടിലുള്ള പ്രതികരണവുമായി നിൽക്കെയാണ്.നിയമസഭാ തിരെഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട ഒരു തന്ത്രവും ഗൗരവമായി നേതാക്കൾ ചർച്ച ചെയ്തിട്ടുമില്ല, സ്വീകരിച്ചിട്ടുമില്ല. 
പല ഇടങ്ങളിലും കീഴ്ഘടകങ്ങളിൽ നിന്ന് ചോർച്ച നടക്കുന്നുണ്ട്. താഴെത്തട്ടിൽ സ്വാധീനമുള്ള  നേതാക്കൾ സി.പി.എമ്മിലേക്കും കോൺഗ്രെസ്സിലേക്കും ചുവടു മാറുന്ന ഒട്ടേറെ സംഭവങ്ങൾ സംസ്ഥാനമൊട്ടുക്കു നിന്നും റിപ്പോർട്ടു ചെയ്യുന്നുണ്ട്. 
 
മുതിർന്ന നേതാക്കളെ റാഞ്ചാൻ സി.പി.എം; വൻ ഓഫറുകളുമായി പാർട്ടിയുടെ മാനേജർമാർ 

കേരളത്തിൽ ബി.ജെ.പി യുടെ വാഗ്ദാനങ്ങളായി വരുന്ന നേതാക്കളെ റാഞ്ചാനായി സി.പി.എം കർമ്മ പദ്ധതി തന്നെ രൂപപ്പെടുത്തി കഴിഞ്ഞു. പാർലമെന്ററി  സ്ഥാനങ്ങളും  മറ്റും സ്വപ്ന തുല്യമായ സ്ഥാനങ്ങളും നൽകാമെന്ന ഓഫറുകളാണ് സി.പി.എം നേതാക്കൾ മുന്നോട്ടു വെച്ചിട്ടുള്ളത്. ഈ ഓഫറുകളുമായി മുതിർന്ന നേതാക്കളെ   വരെ സി.പി.എം നേതുത്വം കണ്ടു കഴിഞ്ഞു. ഇതൊക്കെ അറിഞ്ഞിട്ടും ഒന്നും ചെയ്യാതെ മൗനം പാലിക്കുകയാണ് സംസ്ഥാന നേത്യത്വം എന്നാണ് നിലനിൽക്കുന്ന ഒരു പരാതി.

നിയമസഭാ തിരെഞ്ഞെടുപ്പിൽ   പ്രതീക്ഷിച്ച വിജയം നേടാനാകുമോ ?

ഇന്നത്തെ സാഹചര്യത്തിൽ ഇല്ല എന്ന ഒറ്റ മറുപടി നേതാക്കളും രാഷ്ട്രീയ നിരീക്ഷകരും ഒരേ പോലെ പറയും .ബി.ജെ.പി ശക്തമായ മണലങ്ങളിൽ പോലും വിജയം ലക്ഷ്യമിട്ടു ഒന്നും നടക്കുന്നില്ല. അപൂർവ്വം മണ്ഡലങ്ങൾ ഒഴിച്ചാൽ പ്രചരണ രംഗം നിർജ്ജീവം. സോഷ്യൽ എഞ്ചിനീയറിംഗ് ഫോർമുലകൾ നന്നായി പരീക്ഷിക്കേണ്ട കേരളത്തിൽ ഈ വഴിക്കു ഭാവനയുള്ള ഒരു നടപടികളും കാണുന്നില്ല. സ്ഥാനാർത്ഥികളെ നേരത്തെ തീരുമാനിച്ചു പ്രവർത്തിക്കേണ്ടിയിരുന്ന സ്ഥലത്തു ഒരു ഒരുക്കവും നടന്നിട്ടില്ല. ചില മണ്ഡലങ്ങൾ അപവാദമാണ്. എന്നാൽ നാൽപ്പതിലേറെ മണ്ഡലങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള  ഒരു പാർട്ടി ഒന്നിനെയും ഗൗരവമായി കാണുന്നില്ലെന്നതാണ് അതിശയകരം.

പ്രധാനമന്ത്രിക്കു  മുന്നിൽ പരാതി പ്രളയം; ഐക്യമുണ്ടാക്കാൻ നടപടി വൈകുന്നതിൽ  കേന്ദ്ര നേതാക്കൾക്ക് അതൃപ്തി

കേരളത്തിലെ സംഘടന സംവിധാനങ്ങളെ കുറിച്ച് അസ്വസ്ഥരായ  നേതാക്കൾ പ്രധാനമന്ത്രിയുടെ മുന്നിൽ പരാതി കെട്ടുകൾ അഴിച്ചു. സംസ്ഥാന  നേതാക്കളുടെ പതിവ് വിശദീകരണങ്ങളും അവകാശവാദങ്ങളും കേന്ദ്ര നേതാക്കൾ  വിശ്വസിക്കുന്നില്ല. കാര്യങ്ങൾ നല്ല നിലയിൽ നടക്കുന്നില്ലന്നാണ്  കേന്ദ്ര നേതാക്കളുടെ നിഗമനം.ഇക്കാര്യം  ചില  നേതാക്കൾ യെസ് ന്യൂസിനോട് പങ്കു വെച്ചു. ശിരിയായ തലത്തിൽ കാര്യങ്ങൾ നടക്കുന്നില്ല കേരളം പ്രതീക്ഷിച്ച നിലയിൽ ആകുന്നില്ല.ഗ്രൂപ്പുകൾ വിനയാവുകയാണ്-ഒരു നേതാവ് പറഞ്ഞു.കേരള ഘടകത്തെ കുറിച്ചുള്ള നിരാശ കേന്ദ്ര നേതാക്കളിൽ വളരുകയാണ്.കേരളം മാത്രമാണ് ബി.ജെ.പി കേന്ദ്ര നേതാക്കൾക്ക് ബാലികേറാമലയായി കാണേണ്ടി വരുന്നത്. 

ഇടതു-ബി.ജെ.പി  രഹസ്യ ധാരണ സത്യമെന്ന തോന്നൽ അണികൾക്കും ?

കേസ്സുകളിൽ നിന്നു രക്ഷപെടാൻ ഇടതു മുന്നണി ബി.ജെ.പി ക്കു പത്തോളം സീറ്റുകൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു യു.ഡി.എഫ് നേതാക്കൾ ആരോപിക്കുന്നതാണ്. ആദ്യമൊക്കെ ഇത് വിശ്വസിക്കാൻ ബിജെ.പി അണികൾ തയ്യാറായിരുന്നില്ല .എന്നാൽ പൊടുന്നനെ ബി.ജെ.പി നേതാക്കളിൽ കണ്ടു വരുന്ന തണുപ്പൻ നിലപടുകൾ ഈ ആരോപണം സത്യമാണെന്ന് തോന്നാൻ അവരെ പ്രേരിപ്പിക്കുകയാണ്.ബി.ജെ.പി യോട് അനുഭവം പുലർത്തുന്ന ഹൈന്ദവ  സംഘടനകൾ പോലും ഇക്കാര്യം അംഗീകരിച്ചു തുടങ്ങി. ബി.ജെ.പി ക്കു സ്വാധീനമുള്ള പത്തോളം മണ്ഡലങ്ങളിൽ ദുർബലരായ സ്ഥാർത്ഥികളെ നിറുത്തുകയും  സി.പി.എം വോട്ടുകൾ അയ്യായിരത്തോളം മറിച്ചു നൽകുമെന്ന് ധാരണ ഉണ്ടെന്നാണ് വ്യാപകമായി പ്രചരിക്കുന്നത്. സ്ഥാനാർഥി    മോഹികളായ നേതാക്കൾ അത് കൊണ്ടാണ്   മൗനം പാലിക്കുന്നതെന്നണ് ഇപ്പോൾ പ്രചരിക്കുന്നത്. 

തെരെഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കെ പാർട്ടിയെ സജീവമാക്കാൻ സംസ്ഥാന യാത്രക്ക് ഒരുക്കങ്ങൾ നടക്കയാണ്.എന്നാൽ കൂടുതൽ പേരെ വോട്ടേഴ്‌സ് ലിസ്റ്റിൽ ചേർക്കാനോ ഉള്ള വോട്ടു ഉറപ്പിക്കാനോ ഒരു നടപടികളും ഭൂരിഭാഗം കേന്ദ്രങ്ങളിലും ഉണ്ടാകുന്നില്ല. പിന്നെ എങ്ങനെയാണു ബി.ജെ.പി നേട്ടമുണ്ടാക്കുക എന്ന ചോദ്യം അണികളും   ഒപ്പം പർട്ടിയെ സ്നേഹിക്കുന്നവരും ഉന്നയിക്കുകയാണ്. 

Write a comment
News Category