Thursday, April 25, 2024 01:27 PM
Yesnews Logo
Home News

കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു

സ്വന്തം ലേഖകന്‍ . Feb 25, 2021
vishnu-narayan-namboothiri-died
News

 പ്രമുഖ കവിയും  അധ്യാപകനുമായ കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തൈക്കാട്ടെ സ്വവസതിയായ ശ്രീവല്ലി ഇല്ലത്തുവെച്ചായിരുന്നു അന്ത്യം. പൂർണ മറവി രോഗം ബാധിച്ചതിനാൽ ഒരു വർഷമായി വിശ്രമത്തിലായിരുന്നു. ഭാര്യ; സാവിത്രി, മക്കൾ: അദിതി, അപർണ.2014 രാജ്യം പത്മശ്രീ പുരസ്‌കാരം  നൽകി ആദരിച്ചു. 

അധ്യാപകൻ, പത്രാധിപർ തുടങ്ങിയ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. 2014 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേന്ദ്ര – കേരള സാഹിത്യ അക്കാദമി അവാർഡുകളും എഴുത്തച്ഛൻ പുരസ്കാരവും ഉൾപ്പെടെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.പാരമ്പര്യവും ആധുനികതയും ഒന്നുചേര്‍ന്ന കാവ്യസംസ്‌കാരത്തിന്റെ തലമുതിർന്ന പ്രതിനിധിയെ വിഷ്ണുനാരായണന്‍ നമ്പൂതിരിയെ പരിഗണിക്കപ്പെടുന്നത്.

1939 ജൂണ്‍ 2ന് തിരുവല്ലയില്‍ ഇരിങ്ങോലിലായിരുന്നു ജനനം. പിതാവ് വിഷ്ണു നമ്പൂതിരി, മാതാവ് അദിതി അന്തർജനം.
സാമ്പ്രദായിക രീതിയിൽ മുത്തച്ഛനിൽനിന്ന് സംസ്കൃതവും വേദവും പുരാണങ്ങളും പഠിച്ചു. കൊച്ചുപെരിങ്ങര സ്കൂൾ, ചങ്ങനാശേരി എസ്ബി കോളജ്, കോഴിക്കോട് ദേവഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.  പെരിങ്ങര സ്കൂളിൽ കുറച്ചുകാലം കണക്ക് അധ്യാപകനായിരുന്നു. എംഎയ്ക്ക്ശേഷം മലബാർ ക്രിസ്ത്യൻ കോളജിൽ ഇംഗ്ലിഷ് അധ്യാപകനായി. കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ കോളജുകളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജില്‍നിന്നും വകുപ്പ് അധ്യക്ഷനായി ജോലിയില്‍ നിന്ന് പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തില്‍ ശാന്തിക്കാരനായി.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ച അദ്ദേഹം 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവർഷമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചത്‌.

ഇന്ത്യയെന്ന വികാരം, ആരണ്യകം, അതിര്‍ത്തിയിലേക്ക് ഒരു യാത്ര, ഉജ്ജെയിനിയിലെ രാപ്പകലുകള്‍, മുഖമെവിടെ, ഭൂമിഗീതങ്ങള്‍, പ്രണയഗീതങ്ങള്‍, സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, ചാരുലത എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. 'അസാഹിതീയം', 'കവിതകളുടെ ഡി.എന്‍.എ.' എന്നിവ ശ്രദ്ധേയമായ ലേഖനസമാഹാരങ്ങളാണ്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം,ബാലമണിയമ്മ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് വിഷ്ണുനാരായണന്‍ നമ്പൂതിരി അര്‍ഹനായിട്ടുണ്ട്.

Write a comment
News Category