Thursday, March 28, 2024 11:32 PM
Yesnews Logo
Home News

മമത ബാനര്‍ജി നന്ദിഗ്രാമിൽ ;ടി.എം.സി യുടെ സ്ഥാനാർഥി പട്ടിക പുറത്ത്

M.B. Krishnakumar . Mar 05, 2021
mamata-baneji-to-contest-in-nandigram
News

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക മമത ബാനര്‍ജി പുറത്തുവിട്ടു. 294 നിയമസഭാ മണ്ഡലങ്ങളാണ് ബംഗാളിലുള്ളത്. 291 സ്ഥാനാര്‍ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. മമത ബാനര്‍ജി നന്ദി ഗ്രാമിലായിരിക്കും മല്‍സരിക്കുക. 20 സിറ്റിങ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റില്ല. പാര്‍ഥ ഛത്തോബാധ്യായ, അമിത് മിത്ര എന്നി മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റ് നല്‍കിയിട്ടില്ല.

80 വയസിന് മുകളിലുള്ളവരെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വടക്കന്‍ ബംഗാളിലെ മൂന്ന് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ മറ്റു ചിലരുമായി ചേര്‍ന്ന് സൗഹൃദ മല്‍സരമാണ് നടക്കുക എന്ന് മമത ബാനര്‍ജി പറഞ്ഞു. പുതിയ സ്ഥാനാര്‍ഥി പട്ടികയില്‍ 50 വനിതകളുണ്ട്. 42 മുസ്ലിങ്ങളും. 79 പട്ടിക ജാതിക്കാരും 17 പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും പട്ടികയില്‍ ഇടംപിടിച്ചു.

കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജിയുടെ ഭാര്യ രത്‌ന ചാറ്റര്‍ജി ബെഹല പുര്‍ബയില്‍ നിന്ന് മല്‍സരിക്കും. നേരത്തെ സോവന്‍ ചാറ്റര്‍ജിയുടെ സീറ്റായിരുന്നു ഇത്. ഒട്ടേറെ വിവാദങ്ങളില്‍പെട്ട സോവന്‍ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. ധനമന്ത്രി അമിത് മിത്രയെ ആരോഗ്യ കാരണങ്ങളാലാണ് മല്‍സരിപ്പിക്കാത്തത് എന്ന് മമത പറഞ്ഞു. ഈ വര്‍ഷം ബജറ്റ് അവതരിപ്പിക്കുന്നതിന് പോലും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

നേരത്തെ മമത ബാനര്‍ജി മല്‍സരിച്ചിരുന്നത് കൊല്‍ക്കത്തയിലെ ഭവാനിപൂര്‍ മണ്ഡലത്തിലായിരുന്നു. ഇത്തവണ ഈ സീറ്റില്‍ മന്ത്രി സോവന്‍ദേബ് ചാറ്റര്‍ജിയാണ് മല്‍സരിക്കുക. മമത നന്തിഗ്രാമിലേക്ക് മാറി. നേരത്തെ മമത രണ്ടുസീറ്റിലും മല്‍സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ നന്തിഗ്രാമില്‍ മാത്രമാണ് അവര്‍ ജനവിധി തേടുക. ഇവിടെ മുന്‍ തൃണമൂല്‍ നേതാവ് സുവേന്ദു അധികാരിയാണ് ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങുക എന്നാണ് വിവരം. അതുകൊണ്ടുതന്നെ ഇത്തവണ ബംഗാളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മല്‍സരം നടക്കുന്ന സീറ്റാകും നന്ദിഗ്രാം .

Write a comment
News Category