Friday, March 29, 2024 05:13 PM
Yesnews Logo
Home News

രാമക്ഷേത്ര നിർമ്മാണം ; സമാഹരിച്ചത് 2500 കോടി രൂപ ; കേരളത്തിൽ നിന്ന് 13 കോടി

News Desk . Mar 07, 2021
ram-temple-ayodhya-contribution
News

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി രാജ്യത്തു നിന്ന് ആകെ ലഭിച്ചത് 2500  കോടി രൂപയെന്നു ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായി അറിയിച്ചു. 

അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് രാജസ്ഥാനിൽ നിന്നെന്ന ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. കേരളത്തിൽ നിന്ന് പതിമൂന്ന് കോടി രൂപ ലഭിച്ചതായും ട്രസ്റ്റ്  അറിയിച്ചു . 44 ദിവസം നീണ്ടുനിന്ന വീടുകൾ കയറിയുള്ള ധനസമാഹരണ യജ്ഞം ഫെബ്രുവരി 27നാണ് അവസാനിച്ചത്

തമിഴ്‌നാട്ടിൽ നിന്ന് ക്ഷേത്ര നിർമ്മാണത്തിന് 85 കോടി രൂപയാണ് സംഭാവന ലഭിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് സംഭാവന സ്വീകരിക്കുന്നതിന് ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായും ചമ്പത്ത് റായി അറിയിച്ചു. എന്നാൽ ഇത് മറികടന്ന് മികച്ച പ്രതികരണമാണ് സംസ്ഥാനത്ത് നിന്ന് ലഭിച്ചത്. രാജ്യത്ത് നിന്ന് ഏറ്റവും കൂടുതൽ തുക നൽകിയത് ആരാണെന്നോ തുക എത്രയെന്നോ വ്യക്തമാക്കാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ടവരും സംഭാവന നൽകിയിട്ടുണ്ടെന്ന് ചമ്പത്ത് റായി അറിയിച്ചു.

കേരളത്തിനും തമിഴ്‌നാട്ടിനും പുറമെ അരുണാചൽ പ്രദേശ്(4.5 കോടി) മണിപ്പൂർ (2 കോടി), മിസോറാം (0.2 കോടി), നാഗാലാൻഡ് (0.3 കോടി), മേഘാലയ (0.9 കോടി) എന്നീ സംസ്ഥാനങ്ങളിൽ നിന്നും സംഭാവനകൾ ലഭിച്ചു. ക്ഷേത്ര നിർമ്മാണത്തിന് വീടുകൾ കയറിയുള്ള സംഭാവന സ്വീകരിക്കുന്നത് ഫെബ്രുവരി 27 വരെയായിരുന്നു. ഇനി ഓൺലൈൻ മുഖേന മാത്രമെ സംഭാവന സ്വീകരിക്കുകയുള്ളൂ. വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി ക്ഷേത്ര ട്രസ്റ്റിന് ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാൽ ഉടൻ വിദേശത്ത് നിന്നുള്ള സംഭാവനയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന ക്ഷേത്ര നിർമ്മാണത്തിന് മാത്രമായി 400 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇതു ഇനിയും ഉയരുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. ക്ഷേത്രത്തിന് പുറമെ 67 ഏക്കർ വിസ്തൃതിയിലുള്ള ക്ഷേത്ര സമുച്ചയം വികസിപ്പിക്കുന്നത് 1100 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ലഭിച്ച ഭൂമിയുടെ സമീപത്തുള്ള ചില ഭൂമിയും പണം നൽകി വാങ്ങാൻ ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ  രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകുമെന്നും ചമ്പത്ത് റായി വ്യക്തമാക്കി.

Write a comment
News Category