Friday, March 29, 2024 04:06 AM
Yesnews Logo
Home News

സംസ്ഥാനത്തു വാക്സിൻ ക്ഷാമം രൂക്ഷം

News Desk . Mar 07, 2021
vaccine-shortage-kerala
News


സംസ്ഥാനത്ത് അനർഹർ വ്യാപകമായി കോവിഡ് വാക്സിൻ സ്വീകരിച്ചതായി ആക്ഷേപം. തെരെഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടെന്ന വ്യാജേനയാണ് നിരവധി പേർ വാക്സിനെടുത്തത്. ഇതോടെ ആശുപത്രികളിലേക്ക് വിതരണം ചെയ്യാൻ ആവശ്യത്തിന് വാക്സിനില്ലാതായി. സ്വകാര്യ ആശുപത്രികളിൽ വിതരണത്തിന് നിയന്ത്രണമേർപ്പെടുത്തി.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്സിൻ നൽകാനായി വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മെഗാ വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവരെന്ന വ്യാജേന ഡ്യൂട്ടിയില്ലാത്ത ഉദ്യോഗസ്ഥരും വിരമിച്ച ജീവനക്കാരും മുതൽ സ്വകാര്യ വ്യക്തികൾ വരെ കുത്തിവെപ്പെടുത്തു.

ഉന്നത ഉദ്യോഗസ്ഥരുടെ ശുപാർശയുമായെത്തിയാണ് പലരും വാക്സിനെടുത്തതെന്നാണ് ആക്ഷേപം. ജില്ലയിൽ മുപ്പതിനായിരത്തില്‍ താഴെ ഉദ്യോഗസ്ഥർക്കാണ് യഥാര്‍ത്ഥത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളത്. എന്നാല്‍ അനർഹർ കൂടിയായതോടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി വിഭാഗത്തിലുള്ളവരുടെ എണ്ണം ജില്ലയിൽ അറുപതിനായിരം കടന്നു.
മെഗാവാക്സിൻ ക്യാംപിൽ കണക്കാക്കിയതിലും കൂടുതൽ വാക്സിൻ നൽകിയതോടെ ആശുപത്രികളിലേക്ക് നൽകാൻ വാക്സിനില്ലാതായി. ഇനി പതിനായിരത്തോളം ഡോസ് വാക്സിന്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതോടെ ജില്ലയിലെ വാക്സിൻ വിതരണത്തിൽ ആരോഗ്യവകുപ്പ് നിയന്ത്രണമേർപ്പെടുത്തി.

സര്‍ക്കാര്‍ ആശുപത്രികളിൽ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലേക്കുള്ള രജിസ്ട്രേഷൻ നിർത്തിവെച്ച് നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് മാത്രം ഈ ദിവസങ്ങളിൽ വാക്സിന്‍ നല്കാനാണ് തീരുമാനം. സ്വകാര്യ ആശുപത്രികൾക്ക് രണ്ട് ദിവസത്തേക്ക് വാക്സിൻ നൽകില്ല. അതിനാൽ രജിസ്റ്റര്‍ ചെയ്തവര്‍ക്കു പോലും വാക്സീന്‍ ലഭിക്കാതെ വരും. ഒരാഴ്ചയിലേറെയായി തുടരുന്ന വാക്സിനേഷൻ ക്യാംപിൽ
പ്രതിദിനം ആയിരത്തിലേറെപേരാണ് വാക്സിനെടുത്തു മടങ്ങിയത്. കൃത്യമായി രജിസ്ട്രേഷൻ ഒത്തുനോക്കാത്തതാണ്
മെഗാവാക്സിനേഷനിൽ അനർഹർ കടന്നുകൂടാനിടയാക്കിയതായാണ് കണക്കാക്കുന്നത്.

ഇതുകൂടാതെ മാര്‍ച്ച് 9ന് 21 ലക്ഷം ഡോസ് വാക്‌സിനുകള്‍ എത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത് ആശുപത്രികളിലെത്തിച്ചാലെ വാക്സിൻ വിതരണം സാധാരണഗതിയിലാകൂ.

Write a comment
News Category