Thursday, April 25, 2024 06:01 PM
Yesnews Logo
Home News

വിരട്ടാൻ വരേണ്ടെന്ന് എൻ.എസ്.എസ് മുഖ്യമന്ത്രിയോട് ;എൻ.എസ്.എസും പിണറായി വിജയനും നേർക്ക് നേർ

Alamelu C . Mar 24, 2021
nss-criticize-cm-pinarayi-vijayan
News

എൻ.എസ്.എസിനെ രാഷ്ട്രീയമായി നേരിടാനുള്ള സി.പി.എം നീക്കത്തെ അതെ നാണയത്തിൽ  തിരിച്ചടിച്ച് സംഘടന രംഗത്തു വന്നു. നിലപാടുകളെ ചൊല്ലി എൻ.എസ്.എസിനെ വിരട്ടാൻ വരേണ്ടെന്ന് മുഖ്യന്ത്രി പിണറായി വിജയന്  സംഘടന ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ മറുപടി കൊടുത്തു. സർക്കാരിന്റെ രാഷ്ട്രീയ നിലപാടോ മറ്റു വിവാദങ്ങളോ ഒന്നും ഇത് വരെ സംഘടന ചോദ്യം ചെയ്തിട്ടില്ല.എന്നാൽ സമുദായത്തെ സംബന്ധിച്ച്  കാര്യങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടുണ്ട്. രാഷ്ട്രീയ മായി എപ്പോളും സമദൂരം പാലിക്കുന്ന സംഘടനയാണ് എൻ.എസ്.എസ്. സംഘടനയെ രാഷ്ട്രീയമായി നേരിടാനുള്ള നീക്കം രതിരോധിക്കുമെന്ന് സൂചനയാണ് എൻ.എസ്.എസ് നൽകുന്നത്. 


  സംസ്ഥാന സര്‍ക്കാരിനെതിരായുള്ള എന്‍എസ്എസിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ പൊതുസമൂഹത്തില്‍ സംശയങ്ങൾ ഉണ്ടാകുന്നുവെന്നാണ്‌ മുഖ്യമന്ത്രിയുടെ വിമർശനം. സര്‍ക്കാരിനോട് എന്‍എസ്എസിന് ഒരു പ്രത്യേക പെരുമാറ്റം ഉണ്ടെന്ന് നാട്ടില്‍ ഒരു അഭിപ്രായം ഉയരുന്നുണ്ട്. അത് സുകുമാരന്‍ നായര്‍ മനസ്സിലാക്കുന്നത് നല്ലതാണെന്നുമാണ് മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്.

സംസ്ഥാന സര്‍ക്കാരിനോട് എൻഎസ്എസ് ആവശ്യപ്പെട്ട മൂന്നു കാര്യങ്ങളെ കുറിച്ചാണ് എൻഎസ്എസ് പ്രതികരിച്ചുകൊണ്ടിരിക്കുന്നതെന്ന് സുകുമാരൻ നായർ പറഞ്ഞു. ശബരിമലയിലെ യുവതീപ്രവശനം സംബന്ധിച്ച് വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാട് എടുക്കണം, ഭരണഘടനാഭേദഗതിയിലൂടെ കേന്ദ്രസർക്കാർ നടപ്പാക്കിയ 10 % സാമ്പത്തികസംവരണം കേരളത്തിലും നടപ്പാക്കണം, സാമൂഹികപരിഷ്‌കര്‍ത്താവും സമുദായാചാര്യനുമായ മന്നത്തു പത്മനാഭന്റെ ജന്മദിനം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുഅവധിയായി പ്രഖ്യാപിച്ചത് നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍കൂടി ഉള്‍പ്പെടുത്തണം എന്നിവയായിരുന്നു എൻഎസ്എസ് ആകെ ഉന്നയിച്ച ആവശ്യങ്ങള്‍.

ഇതില്‍, ശബരിമലയിലെ യുവതീപ്രവേശനവിഷയം ഇപ്പോഴും എവിടെ നിൽക്കുന്നു എന്ന് ജനങ്ങള്‍ക്കറിയാം. 10 ശതമാനം സാമ്പത്തികസംവരണം ഇന്ത്യന്‍ ഭരണഘടനാഭേദഗതി പ്രകാരം 2019 ജനുവരി ആദ്യമാണ് നിലവില്‍ വന്നത്. അത് കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള കമ്മീഷന്റെ റിപ്പോര്‍ട്ട് ഒരുവര്‍ഷത്തിനു ശേഷം 2020 ജനുവരി മൂന്നിനാണ് സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ സംവരണത്തിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും ഉള്‍പ്പെടുത്തി 2020 ഫെബ്രുവരി 12ല്‍ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ പിന്നെയും എട്ടുമാസം കഴിഞ്ഞാണ് കേരള സ്റ്റേറ്റ് ആൻഡ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂളില്‍ ഭേദഗതി വരുത്തി മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്കുള്ള 10% സംവരണം നടപ്പാക്കിക്കൊണ്ട് ഉത്തരവായത്.

പത്ത് ശതമാനം സാമ്പത്തികസംവരണം സംസ്ഥാനത്ത് നടപ്പാക്കി എന്ന് സര്‍ക്കാര്‍ ഘോരഘോരം അവകാശപ്പെടുമ്പോഴും, മുന്നാക്കസമുദായപട്ടിക നാളിതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാല്‍ സാമ്പത്തിക സംവരണത്തിന്റെ പ്രയോജനം മുന്നാക്കവിഭാഗത്തിന് ഇന്നേവരെ ലഭിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മന്നം ജയന്തിദിനമായ ജനുവരി 2 നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍കൂടി ഉള്‍പ്പെടുന്ന അവധിദിനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാരിന് പല തവണ നിവേദനങ്ങള്‍ സമര്‍പ്പിച്ചെങ്കിലും വൈകാരികമായ ഈ വിഷയത്തെ നിസ്സാരമായി കണ്ട് എന്‍എസ്എസ്സിന്റെ ആവശ്യം സര്‍ക്കാര്‍ നിരസിക്കുകയാണുണ്ടായത്.

ഈ മൂന്ന് ആവശ്യങ്ങളിലും എന്ത് രാഷ്ട്രീയമാണുള്ളത് എന്ന് ഇതിനെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി എന്‍എസ്എസ്സിനെ വിമര്‍ശിക്കുന്നവര്‍ വ്യക്തമാക്കട്ടെ. ഇതിലൊന്നും പൊതുസമൂഹത്തിന് സംശയത്തിനിടയില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചോ മറ്റു വിവാദങ്ങളെ സംബന്ധിച്ചോ എന്‍എസ്എസ് ഒരിക്കലും പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയമായി എന്‍എസ്എസ് ഇപ്പോഴും സമദൂരത്തില്‍തന്നെയാണ്. എന്‍എസ്എസ്സിനെയോ അതിന്റെ നേതൃത്വത്തിനെയോ ഇക്കാരണങ്ങള്‍ പറഞ്ഞ് വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാമെണെന്നേ പറയാനുള്ളൂവെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Write a comment
News Category