നടപ്പ് സാമ്പത്തിക വര്‍ഷത്തെ അഞ്ചാമത്തെ പണവായ്പ നയം റിസര്‍വ് ബാങ്ക പ്രഖ്യാപിച്ചു. നിരക്കുകളില്‍ മാറ്റംവരുത്തേണ്ടെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ സമിതിയുടെ തീരുമാനം.റിപ്പോ നിരക്ക് 5.15 ശതമാനത്തില്‍ തുടരും. ആറംഗ സമിതിയില്‍ എല്ലാവരും നിരക്ക് കുറയ്ക്കുന്നതിന് എതിരായാണ് വോട്ടുചെയ്തത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.1ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമായി കുറച്ചിട്ടുമുണ്ട്.പണപ്പെരുപ്പ നിരക്കിലെ വര്‍ധനയാണ് നിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐയ്ക്കുമുന്നില്‍ തടസ്സം നില്‍ക്കുന്നത്. നാലു ശതമാനത്തില്‍ നിര്‍ത്താന്‍ ലക്ഷ്യമിട്ടിരുന്ന പണപ്പെരുപ്പം 4.62 ശതമാനത്തിലേയ്ക്കാണ് ഈയിടെ ഉയര്‍ന്നത്.
കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ചുതവണ ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചിരുന്നു. മൊത്തം 1.35ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷം വരുത്തിയത്. സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം 4.5 ശതമാനത്തിലേയ്ക്ക് താഴ്ന്നിരുന്നു. ആറര വര്‍ഷത്തെ താഴ്ന്ന നിരക്കാണിത്.