Friday, April 19, 2024 04:23 PM
Yesnews Logo
Home News

കൊട്ടിക്കലാശം ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചു

Kariyachan . Apr 02, 2021
cec-bans-kottikalasham-
News

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുന്നതിന് മുൻപ്  കൊട്ടിക്കലാശം നിരോധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. കൊട്ടിക്കലാശം നിരോധിക്കണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കൊട്ടിക്കലാശം വിലക്കിയത്. പകരം ഞായറാഴ്ച വൈകിട്ട് 7 മണി വരെ പ്രചാരണമാകാം. തിരുവനന്തപുരത്ത് വോട്ടെടുപ്പിന് 48 മണിക്കൂർ മുന്നേ ഉച്ചഭാഷിണികൾ നിരോധിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതുവരെ യാതൊരുവിധത്തിലുള്ള ഉച്ചഭാഷിണികളോ അനൗണ്‌സ്‌മെന്റുകളോ തിരുവനന്തപുരത്ത് പാടില്ലെന്നാണ് നിർദ്ദേശം. ജില്ലയിലെ ഗസ്റ്റ് ഹൗസുകളില്‍ ഉള്‍പ്പടെ ആളുകള്‍ അനധികൃതമായി കൂട്ടം കൂടുന്നുണ്ടോയെന്ന് പ്രത്യേക സംഘം നിരീക്ഷിക്കും. ഇവിടെ സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോ വോട്ടര്‍മാരെ സ്വാധീനിക്കുന്നില്ലെന്നും ഉറപ്പാക്കും.

തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിന്റെ നൂറ് മീറ്റര്‍ പരിധിയിക്കുള്ളില്‍ ഒരുതരത്തിലുള്ള പ്രചരണവും അനുവദിക്കില്ല. ചുമരെഴുത്തുകള്‍, കൊടി തോരണങ്ങള്‍, പോസ്റ്ററുകള്‍ എന്നിവ ഈ മേഖലയില്‍ നിയന്ത്രിക്കും. നൂറുമീറ്ററിനുള്ളില്‍ വരുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. സ്ഥാനാര്‍ത്ഥിക്ക് ഒരുവാഹനം, ഇലക്ഷന്‍ ഏജന്റിന് ഒരു വാഹനം, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരുവാഹനം എന്നിവ മാത്രമേ തെരഞ്ഞെടുപ്പ് ദിവസം അനുവദിക്കൂ. വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യം ഏതെങ്കിലും സ്ഥാനാര്‍ഥിയോ ബൂത്ത് ഏജന്റോ ഏര്‍പ്പെടുത്താന്‍ പാടില്ല. സ്ഥാനാര്‍ത്ഥികളുടെ ഇലക്ഷന്‍ ബൂത്തുകള്‍ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ പാടില്ലെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

Write a comment
News Category