Friday, April 19, 2024 05:57 PM
Yesnews Logo
Home News

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വി വി പ്രകാശ് അന്തരിച്ചു

സ്വന്തം ലേഖകന്‍ . Apr 29, 2021
vv-prakash-nilambur-udf-candidate-died
News

 നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാർഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി വി പ്രകാശ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 55 വയസായിരുന്നു.  ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍നിന്ന് എടക്കരയില്‍ തന്നെയുള്ള ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നിലമ്പൂരില്‍ നഷ്ടപ്പെട്ട സീറ്റ് വി വി പ്രകാശിലൂടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തെഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് അന്ത്യം. കെ.പി.സി.സി സെക്രട്ടറി, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലകളിൽ  പ്രവർത്തിച്ചിട്ടുണ്ട്..

കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണൻ നായര്‍- സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയിലായിരുന്നു വി വി പ്രകാശ് ജനിച്ചത്. എടക്കര ഗവൺമെന്‍റ് ഹൈസ്കൂളിലും ചുങ്കത്തറ എം പി എം ഹൈസ്കൂളിലുമായി സ്കൂള്‍ പഠനം. മമ്പാട് എം ഇ എസ് കോളേജിലും മഞ്ചേരി എൻ എസ്എ സ് കോളേജിലുമായി കോളേജ് വിദ്യഭ്യാസം. കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി. 

 വി വി പ്രകാശിന്റെ നിര്യാണത്തിൽ രമേശ്‌ ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി. സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താൻ ഇപ്പോൾ അനുഭവിക്കുന്നത്. നിലമ്പൂരിൽ യുഡിഎഫിന് വൻ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടി വന്നു എന്നത് വളരെ ദുഃഖകരമാണ്. ഒരു സഹപ്രവർത്തകൻ എന്നതിനേക്കാൾ സ്നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് പ്രകാശിന്റെ നിര്യാണത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത് എന്നും രമേശ്‌ ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും പ്രകാശിന്റെ വിയോഗത്തിൽ അനുശോചിച്ചു. 
 

Write a comment
News Category