Friday, April 19, 2024 08:48 PM
Yesnews Logo
Home News

എം.കെ.സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു

സ്വന്തം ലേഖകന്‍ . May 07, 2021
m-k-stalin--cm-tn
News

നീണ്ട പത്തു  കൊല്ലത്തെ ഇടവേളക്കു ശേഷം ഡി.എം.കെ മന്ത്രിസഭ തമിഴ്‌നാട്ടിൽ അധികാരത്തിൽ വന്നു.എന്ന് രാവിലെ  തമിഴ്നാട് മുഖ്യമന്ത്രിയായി ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈയിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ബന്‍വാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. സ്റ്റാലിനൊപ്പം 33 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയില്‍ മുതിര്‍ന്ന നേതാവ് കെ എന്‍ നെഹ്റുവും ആര്‍ ഗാന്ധിയും ഇടം നേടിയിട്ടുണ്ട്. കെ എന്‍ നെഹ്റു മുന്‍സിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ വകുപ്പും ആര്‍ ഗാന്ധി കൈത്തറി, ടെ്കസ്‌റ്റൈല്‍സ് വകുപ്പുമാണ് കൈകാര്യം ചെയ്യുന്നത്. ആഭ്യന്തരം, പോലീസ്, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, ഐഎഎസ്, ഐപിഎസ് എന്നിവയുള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ സ്റ്റാലിനാണ് കൈകാര്യം ചെയ്യുക.

 തെരഞ്ഞെടുപ്പിൽ 234 അംഗ നിയമസഭയിൽ 159 സീറ്റുകൾ നേടിയാണ് ഡി.എം.കെ സഖ്യം അധികാരത്തിലെത്തിയത്.  ഡിഎംകെയ്ക്കുമാത്രം 133 സീറ്റുകളാണ് ലഭിച്ചത്.  ഇതിൽ എംഡിഎംകെയുടെ 4 പേരും എംഎംകെയുടെ രണ്ടും ടിവികെ, കെഎൻഎംകെ പാർട്ടികളുടെ ഓരോരുത്തരും ഡിഎംകെയും ചിഹ്നമായ ഉദയസൂര്യനിലാണ് ജയിച്ചുകയറിയത്. ഇത് ആറാം തവണയാണ് ഡി.എം.കെ തമിഴ്നാട്ടിൽ അധികാരത്തിലെത്തിയത്.

മുൻ ഡി.എം.കെ സർക്കാരുകളിൽ മന്ത്രിയായും ഉപമുഖ്യമന്ത്രിയായും സ്റ്റാലിൻ പ്രവർത്തിച്ചിട്ടുണ്ട്. ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നവരിൽ 19 പേർ മന്ത്രിയായി മുൻ പരിചയമുള്ളവരാണ്. 15 പേർ പുതുമുഖങ്ങളും. 10 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഡിഎംകെ അധികാരമേൽക്കുന്നത്.‌സ്റ്റാലിന്റെ മകനും ആദ്യമായി എംഎൽഎയുമായ ഉദയനിധിയും സ്റ്റാലിന്റെ സഹോദരൻ എം.കെ. അഴഗിരിയുടെ മകൻ ദയാനിധിയും മകൾ കയൽവിഴിയും പങ്കെടുത്തു. സഹോദരന് ആശംസകൾ നൽകി അഴഗിരി വ്യാഴാഴ്ച വൈകുന്നേരം സന്ദേശം അയച്ചിരുന്നു.

സഖ്യകക്ഷി നേതാക്കളായ തമിഴ്നാട് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. അളഗിരി, എംഡിഎംകെ മേധാവി വൈകോ, വിസികെ അധ്യക്ഷൻ തോൽ തിരുമാവലവൻ, സിപിഎം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരാശൻ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. മുൻ‌ ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം മുൻ സ്പീക്കർ പി.ധനപാൽ എന്നിവർ എഐഎഡിഎംകെയ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തു. പിഎംകെ പ്രതിനിധിയായി അധ്യക്ഷൻ ജി.കെ. മണിയും പങ്കെടുത്തിരുന്നു. ബിജെപിക്കായി എൽ. ഗണേശൻ എംപിയും നടനും എംഎൻഎം അധ്യക്ഷനുമായ കമൽ ഹാസനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും സന്നിഹിതരായിരുന്നു.

Write a comment
News Category