യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേയുള്ള ഇംപീച്ച്മെന്റ് നടപടികള്‍ തുടരാന്‍ സ്പീക്കര്‍ നാന്‍സി പെലോസിയുടെ അനുമതി. ട്രംപിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം തയാറാക്കാന്‍ ഡെമോക്രാറ്റ് ഭൂരിപക്ഷ ജനപ്രതിനിധി സഭയുടെ ജുഡീഷറി കമ്മിറ്റിക്ക് നിര്‍ദേശം നല്കി. അമേരിക്കയില്‍ ആരും നിയമത്തിന് അതീതരല്ലെന്ന് അവര്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
45ാം യുഎസ് പ്രസിഡന്റിനെ പദവിയില്‍നിന്നു നീക്കം ചെയ്യുന്നതു സംബന്ധിച്ച് ക്രിസ്മസിനു മുന്‍പ് വോട്ടെടുപ്പു നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡെമോക്രാറ്റുകള്‍ നീങ്ങുന്നത്. ട്രംപിനെതിരേ അന്വേഷണം നടത്തി ഇന്റലിജന്‍സ് കമ്മിറ്റി തയാറാക്കിയ 300 പേജുവരുന്ന റിപ്പോര്‍ട്ടില്‍ ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നു കുറ്റപ്പെടുത്തിയിരുന്നു.
അടുത്ത തെരഞ്ഞെടുപ്പില്‍ എതിരാളിയാവാന്‍ സാധ്യതയുള്ള ജോ ബൈഡനെതിരേ അന്വേഷണത്തിന് യുക്രെയ്ന് പ്രസിഡന്റിന്റെ മേല്‍ ട്രംപ് സമ്മര്‍ദം ചെലുത്തിയത് രാജ്യതാത്പര്യത്തിനല്ലെന്നും സ്വന്തം താത്പര്യം മുന്‍നിര്‍ത്തിയാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചു. ജുഡീഷറി കമ്മിറ്റി മുന്‍പാകെ മൂന്നു നിയമവിദഗ്ധര്‍ കഴിഞ്ഞ ദിവസം തെളിവു നല്കി. ഇംപീച്ച്മെന്റിനു മതിയായ കാരണമുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
റിപ്പബ്ളിക്കന്‍ പക്ഷത്തുനിന്നു ഹാജരായ നാലാമന്, ഇംപീച്ച്മെന്റ് ദ്രുതഗതിയില്‍ നടത്തുന്നതിനെതിരേ മുന്നറിയിപ്പു നല്കി. ജനപ്രതിനിധി സഭ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കിയാല്‍ സെനറ്റില്‍ വിചാരണയാണ് അടുത്തഘട്ടം. സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാണു ഭൂരിപക്ഷം.