Friday, April 19, 2024 03:45 PM
Yesnews Logo
Home News

ലോക്ക് ഡൗൺ 9 വരെ നീട്ടി; ഇളവുകളുണ്ടാകുമെന്ന് മുഖ്യമന്ത്രി; പ്രവാസികൾ വാക്സിനേഷൻ മുൻ്ഗണന പട്ടികയിൽ

News Desk . May 29, 2021
kerala-extended-lock-down--june-9th
News

കോവിഡ് ലോക്ക് ഡൗൺ ജൂൺ 9 വരെ നീട്ടി. പൂർണ്ണമായും ലോക്ക് ഡൗൺ പിൻവലിക്കുന്ന സാഹചര്യമല്ല കേരളത്തിൽ ഉള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ഒട്ടേറെ  ഇളവുകൾ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. . കയര്‍, കശുവണ്ടി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും 50 ശതമാനം ജീവനക്കാരുമായി തുറന്നു പ്രവര്‍ത്തിക്കാം.

വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും നല്‍കുന്ന സ്ഥാപനങ്ങളും കടകളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അഞ്ചു മണി വരെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ നിലവിലുള്ളത് പോലെ മൂന്നു ദിവസം പ്രവര്‍ത്തിക്കും. എന്നാല്‍ പ്രവര്‍ത്തി സമയം വൈകിട്ട് അഞ്ചു മണി വരെയാക്കി.

വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, തുണിക്കടകള്‍, സ്വര്‍ണം, പാദരക്ഷ എന്നീ കടകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചു മണിവരെ തുറന്നു പ്രവര്‍ത്തിക്കാം. കള്ളു ഷാപ്പുകള്‍ക്ക് കള്ള് പാഴ്‌സലായി നല്‍കാന്‍ അനുമതി നല്‍കി. പാഴ്‌വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍ അവ മാറ്റുന്നതിനായി ആഴ്ചയില്‍ രണ്ടു ദിവസം തുറന്നുപ്രവര്‍ത്തിക്കാം.

പ്രവാസികൾ വാക്സിനേഷൻ മുൻ്ഗണന പട്ടികയിൽ; നന്ദി അറിയിച്ച് ടാൻസാനിയയിലെ  പ്രവാസികൾ  

വിദേശത്ത് തൊഴിലിനും പഠനത്തിനും പോകുന്നവരെയും വാക്സിനേഷൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 18 വയസ്സിനും 44 വയസ്സിനും ഇടയിലുള്ള ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കാന്‍ ആരംഭിച്ചപ്പോള്‍ മെയ് 19ന് ഇറങ്ങിയ ഉത്തരവ് പ്രകാരം 32 വിഭാഗം ആളുകള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു. മെയ് 24ന് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം 11 പുതിയ വിഭാഗങ്ങള്‍ കൂടെ അതോടൊപ്പം ചേര്‍ത്തിരിക്കുന്നു. അതില്‍ വിദേശ രാജ്യങ്ങളിലേയ്ക്ക് തൊഴിലിനും പഠനത്തിനുമായി പോകേണ്ടവരെ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പഠനവും മറ്റുള്ളവരുടെ ജീവനോപാധികളും നഷ്ടപ്പെടാതിരിക്കാനാണ് അവര്‍ക്കു കൂടെ ആദ്യഘട്ടത്തില്‍ തന്നെ വാക്സിന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്‍റെ മുന്‍പുണ്ടായ മാര്‍ഗ നിര്‍ദേശമനുസരിച്ച് 4 മുതല്‍ 6 ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ആണ് വിദേശത്തു പോകേണ്ട പലരും യാത്രകള്‍ക്കായി തയ്യാറെടുത്തത്. അതിനാല്‍ രണ്ടാമത്തെ ഡോസ് ലഭിക്കാനുള്ള സമയം 12 മുതല്‍ 16 ആഴ്ച വരെ ദീര്‍ഘിപ്പിച്ച പുതിയ കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം അവരെ ബുദ്ധിമുട്ടിലാക്കി. പല രാജ്യങ്ങളും വാക്സിനേഷനു ശേഷം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ കൂടെ ഉള്‍പ്പെടുത്തണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ടെങ്കിലും അതിനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാരിന്‍റെ കോവിന്‍ പോര്‍ട്ടലില്‍ സജ്ജമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി എടുത്ത തീരുമാനത്തെ ടാൻസാനിയയിലെ പ്രവാസികൾ നന്ദി രേഖപ്പെടുത്തി. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഒട്ടേറെ പേര് അവധികാലം ആഘോഷിക്കുന്നതിനും വോട്ടെടുപ്പിൽ പങ്കെടുക്കാനുമായി എത്തിയിരുന്നു.പലരുടെയും വിമാന ടിക്കറ്റ് കാലാവധി  തീരുവാൻ ഇരിക്കയാണ്.ഈ സന്ദർഭത്തിൽ രണ്ടാം ഡോസ് കിട്ടിയില്ലെങ്കിൽ യാത്ര റദ്ദാക്കേണ്ട സാഹചര്യം  വന്നേനെ.പ്രവാസികൾക്ക് വാക്സിനേഷനിൽ മുൻ്ഗണന നൽകണമെന്നാവശ്യപ്പെട്ട് ശക്തമായ ഇടപെടൽ നടത്തിയ ടാൻസാനിയൻ ബിസിനസ്സുകാരൻ പി.വി ജയരാജ് യെസ് ന്യൂസിനോട് പറഞ്ഞു.  പ്രവാസികളുടെ ആശങ്ക പരിഹരിച്ച മുഖ്യമന്ത്രിക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. 

കോവിഡ് കണക്കുകൾ 

സംസ്ഥാനത്ത് ഇന്ന് 23,513 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂര്‍ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂര്‍ 984, പത്തനംതിട്ട 683, ഇടുക്കി 662, കാസര്‍ഗോഡ് 506, വയനാട് 244 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് 198 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മരണ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,95,82,046 സാമ്പിളുകളാണ് പരിശോധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,100 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 3058, കൊല്ലം 1657, പത്തനംതിട്ട 485, ആലപ്പുഴ 1780, കോട്ടയം 954, ഇടുക്കി 619, എറണാകുളം 4280, തൃശൂര്‍ 2574, പാലക്കാട് 3060, മലപ്പുറം 4289, കോഴിക്കോട് 2466, വയനാട് 839, കണ്ണൂര്‍ 1204, കാസര്‍ഗോഡ് 835 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,33,034 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 22,52,505 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


 

Write a comment
News Category