Thursday, April 18, 2024 10:57 PM
Yesnews Logo
Home News

കൊടകര കേസിൽ ബി.ജെ.പിക്ക് ഒരു ബന്ധവുമില്ലെന്ന് കെ.സുരേന്ദ്രൻ ;. സി.കെ.ജാനുവിന് പണം കൊടുത്തിട്ടില്ല

Alamelu C . Jun 03, 2021
kosakara-hawala-case-bjp-president-denied-links
News

കൊടകരയില്‍ കുഴൽപ്പണം പിടികൂടിയ സംഭവവുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭാരതീയ ജനതാ പാര്‍ട്ടിയെ സംബന്ധിച്ച് കള്ള പ്രചാരണങ്ങളാണ് ഒരു വിഭാഗം മാധ്യമങ്ങളും സി.പി.എമ്മും നടത്തികൊണ്ടിരിക്കുന്നത്.  കൊടകരയില്‍ നടന്ന പണം കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ടാണ് അര്‍ധസത്യങ്ങളും ആസൂത്രിതമായ കള്ളപ്രചാരണങ്ങളും നടക്കുന്നത്. ബി.ജെ.പി. നേതാക്കന്‍മാരെ ഒരു കാരണവും ഇല്ലാതെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പണവുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ല. പുകമറ സൃഷ്ടിച്ചുകൊണ്ട് ബി.ജെ.പിയെ പ്രതികൂട്ടിലാക്കുകയാണ്. ബി.ജെ.പി. നേതാക്കന്‍മാരെ ഒരു കാരണവും ഇല്ലാതെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയാണ്. ഇവര്‍ക്ക് കേസുമായി ബന്ധമില്ല. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ഹാജരായിട്ടുണ്ട്. കോടതിയെ സമീപിക്കുകയോ നെഞ്ചുവേദന വരുകയോ ചെയ്തില്ല. പൂർണ്ണമായും അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്.

 ബി.ജെ.പി സ്ഥാനാർഥിയായി സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിച്ച സികെ. ജാനുവിന് പണം നൽകിയെന്ന ആരോപണവും   ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നിഷേധിച്ചു.. ജാനുവുമായി താന്‍ സംസാരിച്ചിട്ടില്ലെന്നും പണം കൈമാറിയിട്ടില്ലെന്നും കെ. സുരേന്ദ്രന്‍  പറഞ്ഞു. "സി.കെ. ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ല. സി.കെ. ജാനുവിന് ഞാന്‍ ഒരു രൂപ പോലും കൊടുത്തിട്ടില്ല. സി.കെ. ജാനു മത്സരിച്ച മണ്ഡലത്തില്‍ ഏതൊരു മണ്ഡലത്തിലെയും പോലെ നിയമാനുസൃതമായ കാര്യങ്ങള്‍ നടന്നിട്ടുണ്ട്."  ആദിവാസി നേതാവായത് കൊണ്ടാണോ ജനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

"ശബ്ദരേഖയില്‍ 10 കോടി പത്ത് ലക്ഷമായി കുറഞ്ഞത് ഒറ്റയടിക്കാണ്. ഓഡിയോ ക്ലിപ്പില്‍ കൃത്രിമം നടന്നിട്ടുണ്ട്. ഓഡിയോ എന്റേതാണെന്ന് സമ്മതിച്ചിട്ടില്ല. പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല. പക്ഷേ ഓഡിയോ ക്ലിപ്പിന്റെ മുഴുവന്‍ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങള്‍ വ്യക്തമാകു. സി.കെ. ജാനുവിന് എന്നെയൊ എന്നെക്കാള്‍ മുകളിലുള്ള നേതാവിനെയൊ വിളിക്കാന്‍ ആരുടെയും സഹായം ആവശ്യമില്ല. അങ്ങനെ സികെ. ജാനുവിന് പണം ആവശ്യമാണെങ്കില്‍, ബി.ജെ.പി. നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ അത് മറ്റാരും അറിയുമായിരുന്നില്ല. സി.കെ. ജാനുവിന് എന്നെ എപ്പോള്‍ വിളിക്കാനുള്ള സാതന്ത്രവും വിശ്വാസ്യതയും ഞങ്ങള്‍ തമ്മിലുണ്ട്. ഇപ്പോള്‍ പുറത്തുവന്ന ഓഡിയോ അവരുടെ പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്നങ്ങളുടെ ഭാഗമാണ്."- സുരേന്ദ്രൻ പറഞ്ഞു.

ആക്ഷേപിക്കുന്നത് കേരളത്തിലെ ആയിരക്കണക്കിന് ദളിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച സാമൂഹ്യപ്രവര്‍ത്തകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.സിപിഎമ്മിന് വേണ്ടി ബിജെപിക്കെതിരെ വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങള്‍ ഈ നാട്ടില്‍ നിയമവാഴ്ചയുണ്ടെന്ന് ഓര്‍ത്താല്‍ നല്ലതാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
 

Write a comment
News Category