Thursday, April 25, 2024 12:25 PM
Yesnews Logo
Home News

മകൻ നിരപരാധിയെന്ന് കെ.സുരേന്ദ്രൻ; മാധ്യമ വേട്ടയെന്നും പരാതി; സുരേന്ദ്രനെ ന്യായീകരിച്ച് കുമ്മനവും

സ്വന്തം ലേഖകന്‍ . Jun 06, 2021
media-trial-l-k-surendran-son-innocence
News

കൊടകര കള്ളപ്പണക്കേസിൽ തന്റെ മകനിലേക്ക് അന്വേഷണം എത്തില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ധര്‍മ്മരാജനെ മകന്‍ വിളിച്ചോ ഇല്ലെയോ എന്നത് പൊലീസ് അന്വേഷിച്ച് പറയട്ടെ. മാധ്യമങ്ങള്‍ കൊടുക്കുന്നത് വ്യാജ വാര്‍ത്തകളാണ്. ഒരു കുറ്റവും ചെയ്യാതെ  300 കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് താനെന്നും കെ. സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

''എന്റെ മകനിലേക്ക് ഒരു അന്വേഷണവും എത്തിക്കാന്‍ കഴിയില്ല. എന്റെ മകന്‍ എന്തിനാണ് ധര്‍മ്മരാജനെ വിളിക്കുന്നത്. ഏത് മൊഴികളുടെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഇത് പറയുന്നത്. ധര്‍മ്മരാജനെ മകന്‍ വിളിച്ചോ ഇല്ലെയോ എന്നത് പൊലീസ് അന്വേഷിച്ച് പറയട്ടെ. മാധ്യമങ്ങള്‍ കൊടുക്കുന്നത് വ്യാജവാര്‍ത്തകളാണ്. ഒരു കുറ്റവും ചെയ്യാതെ ഞാന്‍ 300 കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ്. ഈ സര്‍ക്കാരില്‍ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാണ് ഞാന്‍ ഇവിടെയിരിക്കുന്നത്. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും"- സുരേന്ദ്രന്‍ പറഞ്ഞു.

കുമ്മനം  സുരേന്ദ്രനെ പിന്തുണച്ചു രംഗത്തു വന്നു 

കൊടകര കുഴല്‍പ്പണ കേസില്‍ പാര്‍ട്ടിയെ വളഞ്ഞിട്ട് ആക്രമിച്ച് നശിപ്പിയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ആരോപിച്ചു.  ഏതാനും നാളുകളായി മാധ്യമങ്ങൾ ബി.ജെ.പിയെ കുത്തിക്കീറുകയാണെന്നും മുന്‍നിര നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുമ്മനം ആരോപിച്ചു. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയുടെ നേതൃത്വത്തില്‍ വി.മുരളീധരനും പി.കെ.കൃഷ്ണദാസുമടക്കമുളള നേതാക്കള്‍ യോഗം ചേര്‍ന്ന ശേഷമാണ് കോര്‍ കമ്മിറ്റിയോഗത്തിന് മുമ്പായി കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടത്.

കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ ബി.ജെ.പി നേതാക്കളിലേക്കും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനിലേക്കും അന്വേഷണം നീങ്ങുന്നതിനിടെയാണ് പാര്‍ട്ടിയിലെ ഭിന്നതകള്‍ മാറ്റി നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയത്.

കുഴല്‍പ്പണക്കേസില്‍ സംസ്ഥാന അധ്യക്ഷന്റെ കുടുംബാംഗങ്ങളെയടക്കം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിലൂടെ പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് സിപിഎം.എന്ന് കുമ്മനം ആരോപിച്ചു. സംസ്ഥാന പോലീസിനെ രാഷ്ട്രീയ പക പോക്കലിന് ഉപയോഗിക്കുകയാണ് സിപിഎം. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുന്‍ മന്ത്രിയും മുന്‍ സ്പീക്കറും ചോദ്യം ചെയ്യപ്പെടുകയും ആ കേസ് ഇപ്പോഴും മുന്നോട്ടു പോകുന്നുണ്ട് എന്ന തിരിച്ചറിവുമാണ് സിപിഎമ്മിനെ ഇതിന് പ്രേരിപ്പിക്കുന്ന ഒരു ഘടകം. മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. കേസില്‍ ചോദ്യം ചെയ്യപ്പെട്ട സി.എം രവീന്ദ്രന്‍ വീണ്ടും ചുമതലക്കാരനായി തുടരുന്നത് കള്ളക്കടത്തിലെ ഉന്നത രാഷ്ട്രീയ ബന്ധത്തിന്റെ തെളിവാണ്. രാജ്യദ്രോഹക്കുറ്റത്തില്‍ ആരോപണ വിധേയരായതിന്റെ ജാള്യത മറയ്കാനാണ് ബിജെപിയെ ചെളിവാരിയെറിയാന്‍ നോക്കുന്നത്. കുമ്മനം കുറ്റപ്പെടുത്തി 

Write a comment
News Category