Friday, April 26, 2024 05:09 AM
Yesnews Logo
Home News

ഇസ്രയേലിൽ അവിയൽ സർക്കാർ; ഒരു വോട്ടിന്റെ ഭൂരിപക്ഷം മാത്രം ;അധിക കാലം വാഴില്ലെന്ന് മുൻ പ്രധാനമന്ത്രി നെതന്യാഹു

Patrik Lily . Jun 14, 2021
netanyahu-ousted-bennet-new-pm--coalition-govt-in-israel
News

ഒരു വോട്ടിന്റെ മാത്രം ഭൂരിപക്ഷമുള്ള  അവിയൽ സർക്കാർ ഇസ്രായേലിൽ അധികാരത്തിൽ വന്നു. വിശ്വാസ വോട്ടെടുപ്പിൽ ഒരു വോട്ടു  മാത്രം അധികം ലഭിച്ച അവിയൽ മുന്നണി ഇനി ഇസ്രായേൽ ഭരിക്കും. വലതു പക്ഷ പാർട്ടിയായ യാമിന പാർട്ടിയുടെ നേതാവ് നഫ്താലി ബെന്നറ്റ് പുതിയ പ്രധാനമന്ത്രിയാകും . 60 വോട്ടുകൾ കൂട്ടുമുന്നണിക്കു ലഭിച്ചപ്പോൾ നെതന്യാഹുവിന്  അനുകൂലമായി 59 വോട്ടുകൾ  ലഭിച്ചു .

ഇസ്രായേൽ ജനപ്രതിനിധി സഭയിൽ വെറും ഏഴ് അംഗങ്ങൾ  മാത്രമുള്ള കുഞ്ഞൻ പാർട്ടിയാണ് യാമിന. യാമിനയുടെ തീവ്ര മുഖമായ നഫ്താലി ബെന്നറ്റ് രണ്ടു വര്ഷം അധികാരത്തിൽ തുടരും .പിന്നീട് പ്രതിപക്ഷ നേതാവ് യെയിര്‍ ലാപിഡും പ്രധാനമന്ത്രിയായി അധികാരം  പങ്കിടാനാണ് ധാരണ. അവിയൽ സർക്കാരിൽ തീവ്ര വലതു പക്ഷ പാർട്ടിയായ യാമിനക്ക് ഏഴു പ്രതിനിധികൾ ഉണ്ട്.ഇവരിൽ ഒരാൾ കൂറ് മാറി. യേഷ്‌ അതീദ്17, ബ്ലൂ ആൻഡ് വൈറ്റ് 8, യിസ്രേയൽ ബെയ്‌തെന് 7 ,ലേബർ 7 , ന്യൂ ഹോപ്പ് 7 മെറിറ്റസ് 6 , അറബ് മുസ്‌ലിം പാർട്ടിയായ രാം  4 (ഇതിൽ ഒരാൾ കൂറ് മാറി) എന്നിങ്ങനെ 60 വോട്ടുകളാണ് അവിയൽ മുന്നണിക്ക് ലഭിച്ചത്.

  നെതന്യാഹുവിന്റെ  12 വർഷം നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച് കൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ രൂപീകരിച്ച ഐക്യ സർക്കാർ വിശ്വാസ വോട്ട് നേടിയത്. പ്രാദേശിക സമയം നാലുമണിക്കാണ് വോട്ടെടുപ്പ് നടപടികൾക്കായി പാർലമെന്‍റ് ചേർന്നത്. അഞ്ച് മണിക്കൂറുകളോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് വോട്ടെടുപ്പ് നടന്നത്. 

രണ്ടു വര്‍ഷത്തിനിടെ നാല് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളാണ് ഇസ്രയേലില്‍ നടന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം തുടര്‍ന്ന നെതന്യാഹുവിന് മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനായിരുന്നില്ല. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ആദ്യ അവസരം അദ്ദേഹത്തിന് ലഭിച്ചെങ്കിലും സഖ്യം രൂപീകരിച്ച് ആവശ്യമായ ഭൂരിപക്ഷം കണ്ടെത്താന്‍ നെതന്യാഹുവിന് ആയില്ല.

ഇതിന് പിന്നാലെയാണ് എട്ട് പ്രതിപക്ഷ പാർട്ടികൾ ചേർന്ന് സഖ്യം രൂപീകരിച്ചത്. ലാപിഡ്, നഫ്താലി ബെന്നറ്റ്, അറബ് ഇസ്ലാമിറ്റ് റാം പാര്‍ട്ടി നേതാവ് മന്‍സൂര്‍ അബ്ബാസ് എന്നിവര്‍ പുതിയ സര്‍ക്കാരിന്റെ കരാറില്‍ നേരത്തെ ഒപ്പുവെച്ചിരുന്നു.എല്ലാ ഇസ്രയേലികളുടെയും പ്രധാനമന്ത്രിയായിരിക്കുമെന്നാണ് വിശ്വാസ വോട്ട് നേടിയ ശേഷം സഭയിൽ നടത്തിയ പ്രസംഗത്തിൽ 49 കാരനായ നഫ്താലി ബെന്നറ്റ് അറിയിച്ചത്. നെതന്യാഹുവിന്‍റെ നീണ്ട കാലത്തെ സേവനത്തിനും ഈ കാലയളവിലുണ്ടായ നേട്ടങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു.

അവിയൽ സർക്കാർ അധിക കാലം തുടരാനിടയില്ല  ? സർക്കാരിന്റെ ഭാവി ഭദ്രമല്ലെന്ന് ആത്മഗതവുമായി പുതിയ മന്ത്രി ഗിഡോൺ സാർ 

ഇസ്രായേലിൽ അധികാരമേറ്റ അവിയൽ മുന്നണി സർക്കാർ അധിക കാലം അധികാരത്തിൽ തുടരുമോ എന്ന കാര്യത്തിൽ കൂട്ടുമുന്നണി നേതാക്കൾക്ക് തന്നെ ഉറപ്പില്ല . നെതന്യാഹുവിനെ  അധികാരത്തിനു പുറത്താക്കാനായി തട്ടിക്കൂട്ടിയ മുന്നണിക്ക് ആശയപരമായോ രാഷ്ട്രീയപരമായോ യാതൊരു സമാനതകളും  ഇല്ല. തീവ്ര  വലതു പക്ഷ നിലപാടുകൾ സ്വീകരിക്കുന്ന യാമിന  പാർട്ടി, ന്യൂ ഹോപ്പ്, യിസ്രേയൽ ബെയ്‌തെന് പാർട്ടികളും വലതു പക്ഷ പാർട്ടികളായ ബ്ലൂ ആൻഡ് വൈറ്റ്, യേഷ്‌ അതീദ് പാർട്ടികളും  ഇടതു പാർട്ടിയായ ലേബർ പാർട്ടിയും തീവ്ര മുസ്ളീംപാർട്ടിയായ റാമും എങ്ങനെ ഇസ്രായേലിൽ ഭരണം മുന്നോട്ടു കൊണ്ട് പോകും  എന്ന കാര്യത്തിൽ ഒരു വ്യക്തതയും ഉറപ്പും  ആർക്കുമില്ല. 

നെതന്യാഹു വിരുദ്ധ  സമീപനത്തിൽ ഒരുമിച്ച  പാർട്ടികൾ വൈകാതെ ഛിന്നഭിന്നമാകാനാണ്    സാധ്യത.ഭരണം അധികം നാൾ തുടരാൻ ബുദ്ധിമുട്ടാണെന്ന് പുതുതായി ചുമതലയേറ്റ നിയമമന്ത്രി ഗിഡോൺ സാർ തന്നെ വ്യക്തമാക്കി. ലികുഡ് പാർട്ടിയിൽ നെതന്യാഹുവിന്റെ എതിരാളി ആയിരുന്ന സാറാണ് അവിയൽ മുന്നണിയുടെ ശില്പി. ലികുഡ് വിട്ടു പുറത്തു വന്ന സാർ രുപീകരിച്ച ന്യൂസ് ഹോപ്പ് പാർട്ടിക്ക് 6 പേരെ വിജയിപ്പിക്കാൻ കഴിഞ്ഞു.എന്നാൽ വൈകാതെ തന്നെ ഭരണത്തിൽ ഭിന്നതകൾ ഉടലെടുക്കുമെന്നു ഇസ്രായേൽ നിരീക്ഷകരും ഇസ്രായൽ മാധ്യമങ്ങളും വിലയിരുത്തുന്നത്. 

Write a comment
News Category