Friday, April 19, 2024 06:27 PM
Yesnews Logo
Home News

കെ.പി.സി.സി പ്രസിഡണ്ടായി കെ സുധാകരന്‍ ചുമതലയേറ്റു

സ്വന്തം ലേഖകന്‍ . Jun 16, 2021
k-sudhakaran-took-charge-kpcc-president
News

ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ സാധിക്കുമെന്ന് കെ സുധാകരന്‍. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം ഇന്ദിരാ ഭവനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ വലിയ പ്രതീക്ഷകള്‍ തന്നെ ഭയപ്പെടുത്തുന്നുവെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ട കാര്യങ്ങളില്‍ ഊന്നിയായിരുന്നു സുധാകരന്റെ പ്രസംഗം.

 ജനാധിപത്യ സംവിധാനത്തില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ 19 സീറ്റും യുഡിഎഫ് നേടിയിരുന്നു. അന്ന് ഇടതുപക്ഷത്തിന് ഒരു സീറ്റ് മാത്രമാണ് കിട്ടിയത്. ആരും പറഞ്ഞില്ല ഇടതുപക്ഷം തകര്‍ന്നു പോയി എന്ന്. കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിയും. ആത്മവിശ്വാസവും പ്രതീക്ഷയും നിങ്ങള്‍ക്കില്ലേ. അധികാരത്തിന്റെ പിന്നാലെ പോകരുത്. പ്രാദേശിക തലത്തില്‍ പാര്‍ട്ടിക്ക് കരുത്തുപകരാനുള്ള മനസ് ഉണ്ടോ. എങ്കില്‍ നമുക്ക് വിജയിക്കാന്‍ സാധിക്കും. ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും പുതിയ കരുത്ത് നേടണം. അതൊരു പ്രതിജ്ഞയാണെന്നും സുധാകരന്‍ പറഞ്ഞു.

വലിയ പ്രതീക്ഷകള്‍ തന്നെ ഭയപ്പെടുത്തുന്നുണ്ട്. തന്നെ വര്‍ഗീയവാദിയാക്കി ചിത്രീകരിക്കുന്നത് സിപിഎമ്മിന് കോണ്‍ഗ്രസിനെ ഭയമുള്ളത് കൊണ്ടാണ്. സിപിഎമ്മിനാണ് ബിജെപി ബന്ധമെന്നും സുധാകരന്‍ പറഞ്ഞു. 

ചടങ്ങിൽ രമേശിന്റെ  മുന്നറിയിപ്പ് 

 ചിരിക്കുന്നവര്‍ എല്ലാവരും സ്‌നേഹിതരല്ലെന്ന് തിരിച്ചറിഞ്ഞു എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വാക്കുകള്‍. ഇക്കാര്യം സുധാകരനും മനസ്സിലാക്കണം..തന്നെ ബിജെപിക്കാരനായി ചിത്രീകരിച്ചപ്പോള്‍ കോണ്‍ഗ്രസുകാരും കൂടെ നില്‍ക്കുകയാണ് ചെയ്തത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎമ്മും ബിജെപിയും തമ്മിലുള്ള വോട്ട കച്ചവടത്തെ കുറിച്ച് താന്‍ വളരെ നേരത്തെ പറഞ്ഞിരുന്നുവെന്ന് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Write a comment
News Category