Friday, April 26, 2024 01:17 AM
Yesnews Logo
Home News

യൂറോ കപ്പിൽ ഇറ്റലി പ്രീ ക്വാര്‍ട്ടറിലേക്ക്, സ്വിസിനെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്

സ്വന്തം ലേഖകന്‍ . Jun 17, 2021
euro-cup-italy-marching-to-pre-quarter
News

ഗ്രൂപ്പ് സ്റ്റേജിലെ രണ്ടാം മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്ത് ഇറ്റലി യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടേറിലേക്ക്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇത്തവണയും ഇറ്റലിയുടെ ജയം. മാനുവല്‍ ലൊക്കാറ്റലിയാണ് ഇറ്റലിക്കായി രണ്ട് ഗോളുകളും നേടിയത്. സീറോ ഇമോബില്ലേയാണ് ഇറ്റലിയുടെ മറ്റൊരു ഗോള്‍ സ്‌കോറര്‍. ഈ വിജയത്തോടെ യൂറോ കപ്പ് നോക്കൗട്ട് റൗണ്ട് യോഗ്യത ഉറപ്പാക്കുന്ന ആദ്യ ടീമായും ഇറ്റലി മാറി.

ആദ്യ മത്സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയരായ ഇറ്റലി ഇന്ന് സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ഇറങ്ങിയത്. തുടക്കം മുതലേ ആക്രമണശൈലിയിലാണ് ഇറ്റലി കളിച്ചത്. മത്സരത്തിന്റെ 19ആം മിനിട്ടില്‍ ഇറ്റലി നായകന്‍ ജോര്‍ജിയോ കെല്ലീനി തങ്ങള്‍ക്ക് ലഭിച്ച ഒരു കോര്‍ണര്‍ അനായാസം ലക്ഷ്യത്തിലെത്തിച്ചെങ്കിലും റെഫറി വാറിന്റെ സഹായത്തോടെ ഗോള്‍ നിഷേധിക്കുകയായിരുന്നു. കെല്ലീനിയുടെ കൈ പന്തില്‍ തട്ടിയതാണ് ഇറ്റലിക്ക് നിര്‍ഭാഗ്യകരമായത്. 23ആം മിനിട്ടില്‍ മുപ്പത്തിയാറുകാരന്‍ കെല്ലീനി കളിക്കളത്തില്‍ നിന്നും മടങ്ങി. ശേഷം മൂന്ന് മിനിട്ടിനുള്ളില്‍ മാനുവല്‍ ലൊക്കാറ്റലിയിലൂടെ ഇറ്റലി മത്സരത്തില്‍ ആദ്യ ലീഡ് നേടി. വലതു വിങ്ങിലൂടെ പന്തുമായി ഒറ്റക്ക് മുന്നേറിയ ബെറാടി ബോക്‌സിനുള്ളില്‍ നിന്ന് നല്‍കിയ ഒരു കട്ട് പാസ് ലൊക്കാറ്റലി അനായാസം ഗോള്‍ വര കടത്തുകയായിരുന്നു.

ആദ്യ പകുതിയില്‍ നേടിയ ഗോളിന്റെ വ്യക്തമായ മേധാവിത്വത്തോടെയാണ് ആതിഥേയര്‍ രണ്ടാം പകുതി തുടങ്ങിയത്. ഏഴ് മിനിട്ടിനുള്ളില്‍ ഇറ്റലി രണ്ടാം ഗോള്‍ നേടി. ലൊക്കാറ്റലി തന്നെയായിരുന്നു ഇത്തവണയും ഗോള്‍ സ്‌കോറര്‍. ബോക്‌സിന് വെളിയില്‍ ബരെല്ല നല്‍കിയ ഒരു ക്രോസ് സ്വിറ്റ്‌സര്‍ലന്‍ഡ് ഗോളിയെ കാഴ്ചക്കാരനാക്കിക്കൊണ്ട് ലൊക്കാറ്റലി വല കുലുക്കുകയായിരുന്നു. രണ്ടു ഗോളുകള്‍ വീണിട്ടും സ്വിറ്റ്‌സര്‍ലന്‍ഡിന് ഇറ്റലിക്കെതിരെ മികച്ച ഒരു പ്രത്യാക്രമണം നടത്താന്‍ ആയില്ല. 89ആം മിനിട്ടില്‍ സീറോ ഇമോബില്ലേയിലൂടെ ഇറ്റലി മൂന്നാം ഗോളും നേടി. ബോക്‌സിന് വെളിയില്‍ നിന്നും തൊടുത്ത ബുള്ളറ്റ് ഷോട്ട് സ്വിറ്റ്‌സര്‍ലന്‍ഡ് ഗോളിയുടെ കൈകളില്‍ തഴുകിക്കൊണ്ട് ലക്ഷ്യം മറികടന്നു.

മത്സരത്തിലെ വിജയത്തിലൂടെ ഇറ്റലി യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുകയാണ്. അവസാനം കളിച്ച പത്ത് മത്സരങ്ങളും വിജയിച്ച ഇറ്റലി ഈ വര്‍ഷം ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല. 2018 സെപ്റ്റംബറിനു ശേഷം ഒരു മത്സരം പോലും അവര്‍ പരാജയപ്പെട്ടിട്ടില്ല. നിലവില്‍ ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമത് നില്‍ക്കുകയാണ് ഇറ്റലി. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അവര്‍ വെയില്‍സിനെയാണ് നേരിടുക.ഇറ്റലി താരം മാനുവല്‍ ലൊക്കാറ്റലി മത്സരത്തിലെ തന്റെ ഇരട്ട ഗോളിലൂടെ മറ്റൊരു നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. യൂറോ കപ്പില്‍ ഒരു മത്സരത്തില്‍ ഇറ്റലിക്കായി രണ്ട് ഗോളുകള്‍ നേടുന്ന മൂന്നാമത്തെ താരമായി ലൊക്കാറ്റലി മാറിയിരിക്കുകയാണ്.
 

Write a comment
News Category