Friday, March 29, 2024 11:45 AM
Yesnews Logo
Home News

വാക്സിൻ വാങ്ങാൻ പണമില്ല;റേഷൻ വാങ്ങാൻ പണമില്ല; ഒന്നിനും പണമില്ലാത്ത മലയാളി ഒറ്റ ദിവസം വാങ്ങി കുടിച്ചത് 60 കോടിയുടെ മദ്യം

Alamelu C . Jun 18, 2021
kerala-liqueur-sale-record-covid-unlock-
News

കോവിഡ് വാക്സിനു  നാമമാത്രമായ വില നല്കാൻ പണമില്ലെന്ന് പറഞ്ഞു കരഞ്ഞവരാണ് ഏതാണ്ടെല്ലാ മലയാളികളും. റേഷൻ വാങ്ങാൻ പോലും പണമില്ലെന്ന് പരാതിപ്പെട്ട  മലയാളി അങ്ങനെ റേഷൻ കിറ്റ് സൗജന്യമായി കൊടുത്ത ഒരു രാഷ്ട്രീയ മുന്നണിയെ വരെ അധികാരത്തിലെത്തിച്ചുവെന്നതാണ്  ചരിത്രം. പെട്രോളിന് നൂറു രൂപ കടന്നുവന്നു പറഞ്ഞു പ്രതിഷേധിച്ച   അതെ മലയാളി   കഴിഞ്ഞ ദിവസം മാത്രം കുടിച്ചു തീർത്തത് 60 കോടിയുടെ മദ്യം. 

കോവിഡ് ലോക്ക് ഡൗണിനു ശേഷം കേരളത്തിലെ മദ്യഷോപ്പുകൾ തുറന്നപ്പോൾ കിട്ടിയ വരുമാനത്തിന്റെ കണക്കുകൾ ബീവറേജസ് കോർപറേഷൻ പുറത്തു വിട്ടു.സർക്കാരിന്റെ പണപ്പെട്ടി നിറക്കുന്ന മദ്യശാലകൾ തന്നെയെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.  അൺലോക്കിൻ്റെ ആദ്യ ദിനം റെക്കോർഡ്‌ മദ്യ വിൽപനയാണ് സംസ്ഥാനത്ത് നടന്നത്.കിലോമീറ്ററോളം നീണ്ട മദ്യപാനികളുടെ നീണ്ട നിര ദേശീയ മാധ്യമങ്ങൾ ചർച്ച ചെയ്യുകയാണ്.രാജ്യത്തു തന്നെ ഏറ്റവും അധികം മദ്യം ഉപയോഗിക്കുന്നവരും മദ്യം വിൽക്കുന്നതും ആയ സംസ്ഥാനങ്ങളിൽ   ഏറ്റവും മുന്നിലാണ്  കേരളം.വാക്സിനും റേഷനും പെട്രോൾ വാങ്ങാനും പണമില്ലാത്ത മലയാളിക്ക്  പക്ഷെ മദ്യം വാങ്ങാൻ ഒരു  ബുദ്ധിമുട്ടുമില്ല.

ബെവ് കോ ഔട്ട് ലെറ്റുകളിൽ 52 കോടിയുടയും കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകളിൽ എട്ടു കോടിയുടേയും മദ്യം വിറ്റു. ഉയർന്ന ടി പി ആർ ഉള്ള പ്രദേശങ്ങളിലെ മദ്യവിൽപന ശാലകൾ തുറക്കാതെയാണ് ഇത്രയും ഉയർന്ന മദ്യ വിൽപന നടന്നത്. ബാറുകളിൽ നിന്നുള്ള മദ്യത്തിൻ്റെ കണക്ക് ഇതിനു പുറമേയാണ്.നേരത്തേ 49 കോടി രൂപയുടെ മദ്യമായിരുന്നു പ്രതിദിന ശരാശരി വിൽപന. ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തിൽ കൂടുതലുള്ള സ്ഥലങ്ങളിലെ 40 ഷോപ്പുകൾ തുറക്കാതെയാണ്  52 കോടിയുടെ കച്ചവടം എന്നതും ശ്രദ്ധേയം.

മദ്യം മദ്യം സർവത്ര 

പാലക്കാട് തേങ്കുറിശിയിലാണ് കൂടുതൽ മദ്യം വിറ്റത്. 69 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റുപോയത്. തമിഴ്നാടുമായി ചേർന്നു കിടക്കുന്ന സ്ഥലമാണിത്. അതിനാലാകാം ഇത്രയും ഉയർന്ന വിൽപനയെന്നാണ് ബെവ്കോയുടെ വിലയിരുത്തൽ.  തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട് ലെറ്റിൽ 66 ലക്ഷത്തിൻ്റെയും  ഇരിങ്ങാലക്കുടയിൽ 65 ലക്ഷത്തിൻ്റേയും കച്ചവടം നടന്നു.

കണ്‍സ്യൂമർഫെഡ് മദ്യശാലകളിലും  കച്ചവടം പൊടിപൊടിച്ചു.  എട്ടു കോടിരൂപയുടെ മദ്യമാണ് ഇന്നലെ വിറ്റത്. സാധാരണ ആറോ എഴോ കോടി രൂപയുടെ കച്ചവടമാണ് നടക്കുന്നത്. ആലപ്പുഴയിലെ ഔട്ട് ലെറ്റിലാണ് കൂടുതൽ മദ്യം വിറ്റത്. 43.27 ലക്ഷംരൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട്ടെ ഷോപ്പാണ്. 40.1 ലക്ഷം രൂപയുടെ മദ്യം വിറ്റു. കൊയിലാണ്ടിയിലെ ഔട്ട് ലെറ്റിൽ 40 ലക്ഷം രൂപയുടെ കച്ചവടവും നടന്നു.കൺസ്യൂമർ ഫെഡിൻ്റേയും മൂന്നു ഷോപ്പുകൾ തുറന്നിരുന്നില്ല. വരും ദിവസങ്ങളിലും കച്ചവട കണക്കുകൾ ഉയരുമെന്നാണ് ബെവ് കോയുടെ വിലയിരുത്തൽ. ചിലയിടങ്ങളിലെങ്കിലും കോവിഡ് പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്ന് പരാതിയുണ്ട്. അതിനാൽ കർശന നിയന്ത്രണം വേണമെന്നും നിർദേശമുണ്ട്. 

മദ്യത്തിന് വേണ്ടി ക്യൂ നിന്നവർ ഭൂരിഭാഗവും സാധാരണക്കാരാണെന്നതാണ് പ്രത്യേകത. ദിവസക്കൂലിക്കാരും  തൊഴിലാളികളും കർഷരുമൊക്കെ ഇവരിലുണ്ട്. ആളൊന്നിന് 600 മുതൽ 1500 വരെ കൂലി കിട്ടുന്ന നാടാണ് കേരളം.ഏറ്റവും കുറവ് കൂലി കിട്ടുന്ന ഹൈറേഞ്ച് മേഖലയിൽ പോലും 600 രൂപയ്ക്കു മുകളിൽ ദിവസ കൂലിയുണ്ട്..എല്ലാ ദിവസവും ജോലിയും ലഭ്യമെന്നിരിക്കെ കേരളത്തിൽ മാത്രം കേൾക്കുന്ന ദാരിദ്ര്യത്തിന്റെ യഥാർത്ഥ വില്ലൻ മദ്യമാണെന്ന്  ഇന്നലെ നടന്ന മദ്യ വിൽപ്പന യുടെ തോത്  സൂചിപ്പിക്കുന്നു. ലഭിക്കുന്ന കൂലിയുടെ  80 ശതമാനത്തോളം മദ്യത്തിന് വേണ്ടിയാണ് മിക്കവരും മുടക്കുന്നത്. 

Write a comment
News Category