Thursday, April 25, 2024 02:36 PM
Yesnews Logo
Home News

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതിയെ വിമർശിച്ച് മാണി സി കാപ്പൻ

സ്വന്തം ലേഖകന്‍ . Jun 18, 2021
mani-c-kappan-criticized-selection-opposition-leader-kerala
News

പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്ത നടപടിക്രമത്തെ വിമർശിച്ച് യുഡിഎഫ് ഘടകകക്ഷി നേതാവ് കൂടിയായ മാണി സി കാപ്പൻ രംഗത്ത്. കോൺഗ്രസ് നേതൃത്വം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതിൽ തനിക്ക് അഭിപ്രായഭിന്നത ഇല്ല. അതേസമയം തെരഞ്ഞെടുത്ത രീതിയോട് വിയോജിപ്പ് ഉണ്ടെന്ന് കോട്ടയത്ത് നടന്ന വാർത്താസമ്മേളനത്തിൽ മാണി സി കാപ്പൻ തുറന്നടിച്ചു.  ഇക്കാര്യത്തിൽ തന്റെ അതൃപ്തി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് എന്നും മാണി സി കാപ്പൻ തുറന്നുപറഞ്ഞു.

ഇതാദ്യമായാണ് കാപ്പൻ യുഡിഎഫിലെ ഒരു പ്രശ്നത്തിൽ പരസ്യ വിമർശനവുമായി മാധ്യമങ്ങൾക്ക് മുന്നിൽ എത്തുന്നത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മാണി സി കാപ്പൻ നിലപാട് തുറന്നുപറഞ്ഞത്. വി ഡി സതീശൻ നല്ല നേതാവാണ് എന്നും ഇക്കാര്യത്തിൽ തനിക്ക് അഭിപ്രായഭിന്നത ഇല്ല എന്നും മാണി സി കാപ്പൻ കൂട്ടിച്ചേർത്തു. മികച്ച പ്രവർത്തനമാണ് വി ഡി സതീശൻ നിയമസഭയിൽ കാഴ്ചവെക്കുന്നത് എന്നും മാണി സി കാപ്പൻ പറഞ്ഞു.

അതേസമയം  കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുത്ത രീതിയോട് മാണി സി കാപ്പൻ പൂർണമായും യോജിപ്പ് പ്രകടിപ്പിച്ചു. എല്ലാവരുമായും ആശയവിനിമയം നടത്തിയാണ് കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുത്തത് എന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. നേതൃത്വത്തിൽ പല തട്ടിലുമുള്ള ഗ്രൂപ്പ് പോര് പ്രതിസന്ധി ആകില്ല എന്നും മാണി സി കാപ്പൻ പറഞ്ഞു. ഇക്കാര്യത്തിൽ താഴെതട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കം കോൺഗ്രസ് ആരംഭിച്ചതായും ഇതിനെ സ്വാഗതം ചെയ്യുന്നതായും മാണി സി കാപ്പൻ പറഞ്ഞു. പാലായിൽ അടക്കം ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കോൺഗ്രസ് പ്രവർത്തകർ നടത്തുന്നതായി തനിക്ക് നേരിട്ട് അനുഭവമുണ്ട്.

Write a comment
News Category