Wednesday, April 24, 2024 02:48 AM
Yesnews Logo
Home News

വയനാട്ടിലെ ഭൂമി തട്ടിപ്പ് ; നിർമ്മാണ- ക്വാറി-റിസോർട്ട് മാഫിയ തരം മാറ്റിയത് നൂറു കണക്കിന് ഏക്കർ തോട്ട ഭൂമി

Alamelu C . Jun 19, 2021
wayanad-land-scam-plantation-conversion-land--mafia-revenue-dept
News

റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വയനാട്ടിൽ ഭൂ മാഫിയ തോട്ട ഭൂമി വ്യാപകമായി  തരം മാറ്റി കൊണ്ടിരിക്കയാണ്. അതീവ പാരിസ്ഥിതിക ദുർബല പ്രദേശമായ വയനാട്ടിലെ പ്രദേശങ്ങളിൽ നടക്കുന്ന തരം മാറ്റൽ സമീപ ഭാവിയിൽ സങ്കീർണ്ണമായ സാഹചര്യങ്ങൾ ജില്ലയിൽ  വിളിച്ചു വരുത്തും.ടൂറിസം മേഖലയുടെ മറവിലാണ് ഭൂമി തരം  മാറ്റൽ വ്യാപകമായിട്ടുള്ളത്. സെന്റിന് കാൽ കോടിയിലധികം വില വരുന്ന വൈത്തിരി പോലുള്ള മേഖലകളിൽ തോട്ട ഭൂമി തരം  മാറ്റാൻ  വ്യാജ രേഖകളും നിരാക്ഷേപ പത്രങ്ങളിൽ ക്രമക്കേടുകളും നടത്തിയത് പുറത്തായി കഴിഞ്ഞു. . സർക്കാർ സീലുകൾ വരെ വ്യാജമായി ഉണ്ടാക്കി തട്ടിപ്പ് നടത്താൻ പ്രത്യേക സംഘം തന്നെ സജീവമാണ്. 

ഈയിടെ വയനാട്  ജില്ല കളക്ടർ അദീല അബ്ദുല്ല  പ്രത്യേക ഓഫിസറായി കൊണ്ട് വന്ന് വൈത്തിരി തഹസീൽദാറായി നിയമിച്ച തലശ്ശേരിക്കാരൻ അഫ്സൽ എന്ന റവന്യു  ഉദ്യോഗസ്‌ഥൻ ഭൂമി തട്ടിപ്പിന് നേതൃത്വം കൊടുത്തതിന് സസ്പെൻഷനിലായിരുന്നു. ഭൂ മാഫിയയുടെ ഇഷ്ട കളിത്തോഴനായിരുന്നു സസ്പെൻഷനിലായ അഫ്സൽ.നാദാപുരം; കൊടുവള്ളി, മുക്കം തുടങ്ങിയ മേഖലകളിലുള്ള കള്ളപണക്കാരുടെ  താല്പര്യങ്ങൾ വയനാട്ടിൽ നടപ്പാക്കിയത് അഫ്സലാണെന്നാണ്  വയനാട്ടിൽ പ്രചരിക്കുന്ന പിന്നാമ്പുറ വർത്തമാനങ്ങൾ. റവന്യു  ഇന്റെലിജൻസ് നടത്തിയ അന്വേഷണത്തെ തുടർന്ന് അഫ്സൽ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടി.അഫ്സലിനെ നിയമിച്ച ജില്ലാ കളക്ടർ  മൗനത്തിലുമാണ്. കളക്ടറുടെ നടപടിയിൽ സംശയങ്ങൾ ഉയർന്നിട്ടുമുണ്ട്.ഇക്കാര്യത്തിലും പരാതിയിൽ കേന്ദ്ര  അന്വേഷണം നടക്കയാണ്. 

തോട്ട ഭൂമി തരം മാറ്റുന്നതിൽ കർശനവിലക്ക് 

(തോട്ട ഭൂമി തരം മാറ്റുന്ന ചിത്രങ്ങൾ)

വയനാട്ടിലെ പ്രത്യേക  ഭൂപ്രകൃതി കണക്കിലെടുത്തും പാരിസ്ഥിതിക പ്രശ്നങ്ങൾ  കണക്കിലെടുത്തും ജില്ലയിൽ  കേരള ഭൂ സംരക്ഷണ നിയമം കർശനമായ നിബന്ധനകൾ ഭൂ വിനിയോഗത്തിനു ഏർപ്പെടുത്തിയിരുന്നു.  കേരള ഭൂ സംരക്ഷണ നിയമം  സെക്ഷൻ 81 പ്രകാരം ഒഴിവു കിട്ടിയ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങളോ ക്വാറി പ്രവർത്തനങ്ങളോ , റിസോർട്ട് നിർമ്മാണമോ ,  ഭവന നിർമ്മാണമോ  ഉൾപ്പെടെ യാതൊരു പ്രവർത്തനങ്ങളും നടത്താൻ പാടില്ല .ഭൂമി കിടക്കുന്നതു എങ്ങനെയാണോആ വിധത്തിൽ ഭൂമി സംരക്ഷിക്കണമെന്നണ് ചട്ടം അനുശാസിക്കുന്നത്. കൃഷിക്ക് വേണ്ടി ഭൂമി ഉപയോഗിക്കാം.അതല്ലാതെ ഒരു വാണിജ്യ ആവശ്യങ്ങൾക്കും കെ.എൽ.ആർ സെക്ഷൻ 81 പ്രകാരം ഒഴിവു കിട്ടിയ ഭൂമി ഉപയോഗിക്കാൻ  പാടുള്ളതല്ല .

ഒഴിവു കിട്ടിയ ഭൂമി എന്നാൽ ?

കേരളത്തിലെ ഭൂ നിയമം അനുസരിച്ചു ഒരു വ്യക്തിക്ക് സ്വന്തമായി കൈവശം വെക്കാവുന്ന  ഭൂമി 7 ഏക്കറും ഒരു കുടുംബത്തിന് 15 ഏക്കറുമാണ്. ഭൂപരിഷ്കരണ നിയമം  നടപ്പാക്കിയപ്പോൾ അതിൽ കൂടുതലുള്ള ഭൂമി കൈവശം വെച്ചിരുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും അധികമുള്ള ഭൂമി  ഒഴിവു കിട്ടിയ ഭൂമിയായി  കൈവശംവെക്കാൻ റവന്യു   വകുപ്പ് അനുവദിച്ചിരുന്നു.എന്നാൽ ഇത്തരം ഭൂമി കൃഷി ഭൂമിയായി നില നിറുത്തുക എന്ന ഉദ്ദേശത്തിൽ നിർമ്മാണ പ്രവർത്തനങ്ങളോ മറ്റു വാണിജ്യ ഉപയോഗങ്ങൾക്കോ ഉപയോഗപ്പെടുത്തരുതെന്ന്  കർശന നിബന്ധനയും ഉൾപ്പെടുത്തി.

(തോട്ട ഭൂമി തരം മാറ്റുന്ന ചിത്രങ്ങൾ)

എന്നാൽ ഭൂമി തരം   മാറ്റാതെ ഉടമക്ക്  കൃഷി   ആവശ്യങ്ങൾക്കു ഉപയോഗിക്കാം. വിൽക്കാനും സാധിക്കും എന്നാൽ കൃഷിക്കായി മാത്രമേ ഭൂമി ഉപയോഗപ്പെടുത്താവൂ. ക്വാറി പ്രവർത്തനം, കെട്ടിട നിർമ്മാണം എന്നിവ അനുവദനീയമല്ല. വീട് പോലും നിർമ്മിക്കാൻ സാധിക്കില്ല.

വയനാട്ടിൽ ഇപ്പോൾ നടക്കുന്നത് ഇത്തരം ഒഴിവു കിട്ടിയ ഭൂമി മുറിച്ചു വിൽക്കുന്ന അനധികൃത പ്രവർത്തനങ്ങളാണ്. ഇതിനായി വ്യാജ രേഖകൾ ചാമക്കാനും നിരാക്ഷേപ   പത്രങ്ങളിൽ( സാക്ഷ്യ പത്രം )  ഭൂ സംരക്ഷണ നിയമത്തിന്റെ കീഴിൽ വരുന്നതല്ലന്ന് സർട്ടിഫിക്കറ്റ് നൽകാനുമുള്ള ലോബികൾ സജീവമാണ്. വയനാട്ടിൽ ഇപ്പോൾ പൊങ്ങി വന്നിട്ടുള്ള കെട്ടിടങ്ങളും ഏതാണ്ടെല്ലാ ക്വാറികളും നിരാക്ഷേപ പത്രത്തിൽ തിരിമറി നടത്തി ലൈസൻസ് വാങ്ങിയവയാണ്.

നിരാക്ഷേപ പത്രം എന്നാൽ എന്താണ് ?  വയനാട്ടിൽ  നടക്കുന്നത്

ഭൂമിയുടെ സ്വഭാവം സംബന്ധിച്ചു വില്ലേജ് ഓഫിസർ നൽകുന്ന സാക്ഷ്യപത്രമാണ് നിരാക്ഷേപ പത്രം. ഭൂമി ആദിവാസി ഭൂമി, തോട്ട ഭൂമി, ഒഴിവു കിട്ടിയ ഭൂമി, പട്ടയ ഭൂമി, തുടങ്ങി ഭൂമിയുടെ ത്തരം സംബന്ധിച്ചു വില്ലേജ്  ഓഫിസറുടെ സാക്ഷ്യപത്രം  ഭൂമി ഇടപാടുകൾക്ക്‌ അനിവാര്യമാണ്. ഒഴിവു കിട്ടിയ തോട്ട ഭൂമിയാണെന്ന് കാര്യം മറച്ചു വെച്ച് ആ ഭൂമി ഭൂ സരംക്ഷണ നിയമം സെക്ഷൻ 81 ൽ     പെട്ടത് അല്ലെന്ന് സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസർമാരിൽ    നിന്ന് സംഘടിപ്പിച്ച ശേഷം  അത് കോടിക്കണക്കിനു രൂപയ്ക്കു മറിച്ചു വിൽക്കുകയാണ് പതിവ്.  സെക്ഷൻ 81 പെട്ട ഭൂമി അല്ലെന്ന് നിരാക്ഷേപ പത്രം ലഭിക്കുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്കും ക്വാറി പ്രവർത്തനങ്ങൾക്കു ആവശ്യമായ ലൈസൻസ് സംഘടിപ്പിക്കാൻ കഴിയും.

(ക്വാറി  മാഫിയക്ക് വേണ്ടി തയാറാക്കിയ വ്യാജ നിരാക്ഷേപപത്രം)

പ്ലാന്റേഷൻ മേഖലയായ വയനാട്ടിൽ വ്യക്തികളുടെയും കുടുംബങ്ങളുടെയും കൈവശം ഒഴിവു കിട്ടിയ  ആയിരക്കണക്കിന് ഏക്കർ ഭൂമിയുണ്ട്. ഇതാണ് അവിശ്വസനീയ വിലക്ക് വ്യാജ രേഖകൾ ചമച്ച് വിറ്റു കൊണ്ടിരിക്കുന്നത്. ഒരു ബുദ്ധിമുട്ടുമില്ലാതെ  രണ്ടേക്കർ ഭൂമി  വ്യാജ നിരാക്ഷേപ പത്രം സംഘടിപ്പിച്ച വിറ്റാൽ ലഭിക്കുന്നത്  അമ്പതു കോടിയോളം രൂപ.ഇതിൽ കൈകൂലിക്കും  ഇടനിലക്കാരനും 50 ലക്ഷം മുടക്കിയാൽ തന്നെ ഒരു അധ്വാനവുമില്ലാതെ 45  .50 കോടിയോളം ലഭിക്കും. വൈത്തിരിയിലും  മേപ്പാടിയിലും  
   പടിഞ്ഞാറെത്തറയിലും വെങ്ങപ്പള്ളിയിലും  ഉയർന്നു വരുന്ന കെട്ടിടങ്ങളും സ്ഥാപനങ്ങളും ഒട്ടു മിക്കതും ഈ വിധത്തിൽ കെട്ടിപ്പൊക്കിയതാണെന്ന് പരാതി  റവന്യു-എൻഫോഴ്‌സ്‌മെന്റ് വകുപ്പുകൾ അന്വേഷിച്ചു കൊണ്ടിരിക്കയാണ്.  വയനാട്ടിലെ എല്ലാ കരിങ്കൽ ക്വാറികളും ഈ തരത്തിൽ നിരാക്ഷേപ പത്രത്തിൽ  കൃത്രിമത്വം കാട്ടി ലൈസൻസ് നേടിയെടുത്തതാണ്. ഈ മേഖലയിൽ മാത്രം  ഏതാണ്ട് 1000 കോടിയുടെ തട്ടിപ്പു നടന്നിട്ടുണ്ട്.

റിസോർട്ട് മേഖലയായ വൈത്തിരിയിലും മേപ്പാടി, മൂപ്പനാടും, വെങ്ങപ്പള്ളിയിലും തട്ടിപ്പിന് പിന്നിൽ വമ്പന്മാർ  ; കോടികളുടെ കള്ള പണം -ഇ.ഡി  അന്വേഷണവും

റിസോർട്ടുകാരുടെ  ഇഷ്ട മേഖലയായ വൈത്തിരിയിലും മേപ്പാടി, പടിഞ്ഞാറത്തറ, മൂപ്പനാട്, കൽപ്പറ്റ വില്ലേജുകളിലും ക്വാറിമാഫിയ നോട്ടമിട്ടിരിക്കുന്ന വെങ്ങപ്പള്ളിയിലുമാണ് നിരാക്ഷേപ പത്രങ്ങളിൽ ക്രമക്കേട്  കൂടുതലും നടക്കുന്നത്.. ഇവിടങ്ങളിലെ   ഒഴിവു കിട്ടിയ തോട്ട ഭൂമികൾ വാങ്ങി പിന്നീട് വ്യാജ നിരാക്ഷേപ  പത്രങ്ങൾ ചമച്ച്   നിർമ്മാണ പ്രവർത്തനങ്ങൾക്കു അനുവാദം വാങ്ങുകയോ   ദീഘനാളത്തെ ലീസിനു നൽകുകയോ ആണ് ചെയ്യുന്നത്. നിരാക്ഷേപപത്രങ്ങളിൽ തട്ടിപ്പു നടത്താനും സെക്ഷൻ 81 ന്നിൽ പെട്ട    ഭൂമിയാണെന്ന് കാര്യം മറച്ചു വെച്ച്  സർട്ടിഫിക്കറ്റു നൽകാനും  3  ലക്ഷം മുതൽ 10  ലക്ഷം വരെ വാങ്ങുന്ന വില്ലേജ് ഓഫീസുകൾ ഉൾപ്പെട്ട ലോബികൾ വയനാട്  ജില്ലയിൽ സജീവമാണ്. .. ഇവർ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ ലൈസൻസുകൾ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന്   വാങ്ങിയ ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയാൽ അത്  നിരോധിക്കാൻ നിയമപരമായി ഏറെ കടമ്പകളുമുണ്ട്. ഈ പഴുതുകൾ അറിയുന്ന മാഫിയ സംഘങ്ങൾ കോടികൾ ഒഴുക്കുകയാണ്  പതിവ്.

Write a comment
News Category