Thursday, April 25, 2024 02:47 PM
Yesnews Logo
Home News

വയനാട്ടിലെ റോപ്പ്‌വേ; മന്ത്രിതല യോഗം തിരുവനന്തപുരത്തു ചേരും;കൽപ്പറ്റ എം.എൽ.എ പദ്ധതി പ്രദേശം സന്ദർശിച്ചു

Ritu.M . Jul 17, 2021
wayanad-ropeway-high-level-meetiing-tvm-kalpetta-mla
News

ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ റോപ്‌വേ യാഥാർഥ്യത്തിലേക്കടുക്കുന്നു.   പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാൻ മന്ത്രിതല യോഗം ഈ മാസം അവസാനം തിരുവന്തപുരത്തു ചേരും. കൽപ്പറ്റ എംഎ.ൽ.എ ടി.സിദ്ദീക്ക് മുൻകൈ എടുത്താണ് യോഗം വിളിച്ചു ചേർക്കുന്നത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസും മുതിർന്ന ഉദ്യോഗസ്ഥരും   യോഗത്തിൽ സംബന്ധിക്കും. പദ്ധതി നടത്തിപ്പുകാരായ വയനാട് ചേമ്പർ ഓഫ് കോമേഴ്‌സ് ഭാരവാഹികളും യോഗത്തിൽ  സംബന്ധിക്കും. പദ്ധതി നടത്തിപ്പിന് വേഗത കൂട്ടാനുള്ള മാർഗ്ഗങ്ങളാണ്   യോഗത്തിൽ ചർച്ച ചെയ്യുക എന്ന് ടി.സിദ്ദീക്ക് എം.എൽ.എ അറിയിച്ചു. വയനാടിന്റെ ടൂറിസം  മേഖലക്ക് വൻ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കുന്ന പദ്ധതി യാഥാർഥ്യമാകാൻ  സംസ്ഥാന ടൂറിസം മന്ത്രി മുഹമ്മദ് റിയാസും പ്രത്യേക താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

പ്രതിദിനം 5000 ടൂറിസ്റ്റുകളെയാണ് റോപ്‌വേ -കേബിൾ കാർ പദ്ധതിയിൽ പ്രതീക്ഷിക്കുന്നത്. കേബിൾ കാർ പദ്ധതി യാഥാർഥ്യമാകുന്നതോടെ വയനാട്ടിലെ ഹോട്ടൽ-റിസോർട്ട് മേഖലകൾ സജീവമാകും .ആഭ്യന്തര ടൂറിസ്റ്റുകളുടെ പ്രവാഹത്തിന് വഴിയൊരുക്കുന്നതാണ് പദ്ധതി. 

പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വയനാട് ചേമ്പർ ഓഫ് കോമേഴ്‌സ് ഭാരവാഹികൾ കൽപ്പറ്റ എം.എൽ.എ യും വിവിധ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ചകൾ സജീവമാക്കിയിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തിനായുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. കൽപ്പറ്റ എം.എൽ.എ പൂർണ്ണമായും പദ്ധതി നടത്തിപ്പിനായി സഹകരിക്കുന്നുണ്ട്.ടൂറിസം മാത്രിയുമായുള്ള ഏകോപനവും സിദീക്കിന്റെ മേൽനോട്ടത്തിൽ നടക്കുന്നു.മന്ത്രിതല ചർച്ചക്ക് നേതൃത്വം കൊടുക്കുന്നത് കൽപ്പറ്റ എം.എൽ.എ ആണ്. 

കഴിഞ്ഞ ദിവസം കോഴിക്കോട് മലബാർ പാലസിൽ വെച്ച് നടന്ന ചർച്ചകളിൽ വേഗത്തിൽ റോപ്‌വേ പദ്ധതി പൂർത്തിയാക്കാൻ ധാരണ ആയിരുന്നു. കോഴിക്കോട്-വയനാട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും വയനാട് ചേംബർ ഡയറക്ടർമാരും എം.എൽ.എ വിളിച്ച യോഗത്തിൽ സംബന്ധിച്ചു. ചേംബർ ഡയറക്ടർമാരായ ജോണി പാറ്റാനി ഇ.പി.മോഹൻദാസ്, മിൽട്ടൺ ഫ്രാൻസീസ് , മോഹൻ ചന്ദ്രഗിരി എന്നിവർ ചേംബറിനെ പ്രതിനിധീകരിച്ചു യോഗത്തിൽ പങ്കെടുത്തു. റോപ്‌വേക്കൊപ്പം ബൊട്ടാണിക്കൽ ഗാർഡൻ പദ്ധതിയും നടപ്പാക്കുമെന്ന് പദ്ധതി നടത്തിപ്പുകാരായ വയനാട് ചേമ്പർ യോഗത്തെ അറിയിച്ചു.

കോഴിക്കോട് യോഗത്തിന്റെ തുടർച്ചയായി ഇന്ന് എം.എൽ.എ യും പദ്ധതി നടത്തിപ്പുകാരും ഫോറസ്ററ് ഉദ്യൊഗസ്ഥരും വയനാട് ലക്കിടിയിൽ പദ്ധതി പ്രദേശം സന്ദർശിച്ച്  പുരോഗതികൾ വിലയിരുത്തി. ലക്കിടിയിലാണ് കേബിൾ കാർ പദ്ധതിയുടെ അപ്പർ ടെർമിനൽ സ്ഥാപിക്കുന്നത്.വിശാലമായ പാർക്കിങ് സൗകര്യങ്ങളും  ഒരുക്കുന്നുണ്ട്. 

രണ്ടു വര്ഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വയനാട് ചേമ്പർ സെക്രട്ടറി ഇ.പി.മോഹൻ ദാസ് പറഞ്ഞു. ഇതിനുള്ള എല്ലാ നടപടികളും ഊർജ്ജിതമായി പുരോഗമിക്കുകയാണ്.

(കൽപ്പറ്റ എം.എൽ.എ ടി.സിദ്ദീക്ക് വയനാട് ചേംബർ ഡയറക്ടർമാർക്കൊപ്പം)

ഈ മാസം അവസാനത്തോടെ തിരുവനന്തപുരത്തു   നടക്കുന്ന മന്ത്രിതല യോഗത്തിൽ റോപ്‌വേ പദ്ധതിക്ക് അവസാന രൂപമാകുമെന്നു പ്രതീക്ഷിക്കുന്നതായി ചേംബർ പ്രസിഡന്റ് ജോണി പാറ്റാനി അറിയിച്ചു. മുഖ്യമന്ത്രിക്ക് പ്രത്യേക താല്പര്യമുള്ള പദ്ധതിയാണ് വയനാട്ടിൽ യാഥാർഥ്യമാകാൻ പോകുന്നത്. 

ദക്ഷിണേന്ത്യയിലെ പ്രധാന ടൂറിസം ഹബ്ബായി വയനാടിനെ  മാറ്റാനുള്ള വിപുലമായ പദ്ധതികൾ ആവിഷ്‌കരിച്ചു കഴിഞ്ഞതായി ചേംബർ ഡയറക്ടർ മിൽട്ടൺ ഫ്രാൻസീസ് അറിയിച്ചു. 200 മുറികളുള്ള ആഡംഭര ഹോട്ടലും ലക്ഷ്വറി വില്ലകളും  ബൊട്ടാണിക്കൽ ഗാർഡനും റോപ്‌വേ പദ്ധതിക്കൊപ്പം തന്നെ നടപ്പാക്കാനുള്ള ശ്രമങ്ങളെന്നു അദ്ദേഹം   പറഞ്ഞു.750 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. പ്രവാസികളും വിദേശ നിക്ഷേപകരും പദ്ധതിയിൽ പങ്കാളികളാകും.

ഏറ്റവും ആധുനിക സൗകര്യങ്ങളാണ് റോപ്‌വേ-കേബിൾ കാർ പദ്ധതിയിൽ ഉപയോഗിക്കുന്നത്. ദിവസവും അയ്യായിരത്തോളം  സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്-ഡയറക്ടർ മോഹൻ ചന്ദ്രഗിരി പറഞ്ഞു.പ്രകൃതി ദുരന്തങ്ങൾ വരുമ്പോൾ ആവശ്യ സർവീസായും കേബിൾ കാറിനെ ഉപയോഗപ്പെടുത്താമെന്ന്   അദ്ദേഹം പറഞ്ഞു. 

(പദ്ധതി പ്രദേശം)

 എം.എൽ.എ യുടെ നേതൃത്ത്വത്തിൽ യുദ്ധകാലടിസ്ഥാനത്തിലാണ് റോപ്‌വേ പദ്ധതി യാഥാർഥ്യമാക്കാനുള്ള നടപടികൾ    മുന്നോട്ടു പോകുന്നത്. ഇന്ന് പദ്ധതി പ്രദേശം സന്ദർശിച്ചവരിൽ ചേമ്പർ ഡയറക്ടർമാരായ ജോസ് കപ്യാർമാല,  വീരേന്ദ്രകുമാർ , ജോർജ്ജ് അഞ്ജലി എന്നിവരും സന്നിഹിതരായിരുന്നു. 

വയനാടിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതി

2020 ഇൽ കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപക സംഗമത്തിൽ വെച്ച് സംസ്ഥാന സർക്കാരുമായി കരാർ ഒപ്പിട്ട പദ്ധതിയാണ് വയനാട്  റോപ്‌വേ പ്രോജക്ട്. 200 കോടിയാണ് പ്രതീക്ഷിക്കുന്ന നിക്ഷേപം. പ്രവാസി വ്യവസായികളും വിദേശ നിക്ഷേപകരും പദ്ധതിയിൽ താല്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ലക്കിടി മുതൽ അടിവാരം വരെ 3 .2  കിലോമീറ്റർ നീളത്തിലാണ് റോപ്‌വേ പദ്ധതി വരുന്നത്. മണിക്കൂറിൽ 400 പേർക്ക് സഞ്ചരിക്കാം.നാല്പതോളം കേബിൾ കാറുകളുണ്ടാകും. ഒന്നര മിനിറ്റിൽ കേബിൾ കാറുകൾ ഇടവിട്ട് സർവീസ്  നടത്തും. നാല്പതോളം കാറുകളാണ് സർവീസിൽ ഉൾപ്പെടുത്തുക. അതി മനോഹരമായ ഭൂപ്രദേശത്തിലൂടെ സ്വപ്ന തുല്യമായ സുഖകരമായ റോപ്‌വേ യാത്രയാണ് പദ്ധതി നടത്തിപ്പുകാർ ആവിഷ്കരിച്ചിട്ടുളത്.ലോകോത്തര സാങ്കേതിക വിദ്യയും സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാകും സർവീസ് തുടങ്ങുക. 

Write a comment
News Category