Saturday, October 23, 2021 08:29 PM
Yesnews Logo
Home Travel

ഹിമാലയന്‍ ഒഡീസി : പോകാം ലാഹോള്‍ സ്പീതിയിലേക്ക്

Special Correspondent . Nov 23, 2019
himalayan_odisee
Travel


മഞ്ഞ് പുതച്ച് കിടക്കുന്ന മലകള്‍. നീലനിറത്തില്‍ സ്വര്‍ഗീയ സൗന്ദര്യം പേറി കുണുങ്ങിയൊഴുകുന്ന നദികള്‍. കൊതിപ്പിക്കുന്ന താഴ്‌വാരങ്ങള്‍. അല്‍പ്പം സാഹസികരായ  യാത്രക്കാരെ മോഹിപ്പിക്കുന്ന ഹിമാലയന്‍ പ്രദേശമാണ് ലാഹോള്‍ സ്പീതി. ഏതാണ്ട് വര്‍ഷം മുഴുവന്‍ മഞ്ഞ് പെയ്തിറങ്ങുന്ന  ഹിമാചല്‍പ്രദേശിലെ അതീവ സുന്ദര പ്രദേശമായ ലാഹോള്‍-സ്പീതി ടൂറിസ്റ്റുകള്‍ക്ക് ഏറ്റവും ഇഷ്ടപ്രദേശങ്ങളില്‍ ഒന്നാണ്. പര്‍വ്വതങ്ങളും മഞ്ഞ് മലകളുമാണ്  ലാഹോളിനെ സുന്ദരിയാക്കുന്നത്.

അതിര്‍ത്തി ദേശമായ ടിബറ്റിന്റെ ജൈവപ്രകൃതി കൊണ്ട് സാമ്യമുള്ള സ്പീതി ഒരു കൊച്ച് ടിബറ്റ് തന്നെയാണെന്ന് തന്നെ പറയാം. ബുദ്ധമതക്കാരാണ് ഇവിടെ കൂടുതലുള്ളത്. അമ്പലങ്ങളും ബുദ്ധമത ക്ഷേത്രങ്ങളും  ആശ്രമങ്ങളും ധാരാളമായുണ്ട്. സ്പീതിയിലെ ടോബോ ബുദ്ധമത ക്ഷേത്രം  അതിശയിപ്പിക്കുന്ന സൗന്ദര്യമുള്ളതാണ്. യുനസ്‌കോ ലോക പൈതൃക സ്മാരകമായി തെരഞ്ഞടുത്ത ടോബോ ദര്‍ശിക്കാന്‍ ആയിരക്കണക്കിന് പേരാണ്  സ്പീതിയില്‍ എത്തുന്നത്. ചെറിയ ആപ്പിളിനും നന്നേ ചെറുതായ കുറച്ച് മധുരമുള്ള ഉരുളക്കിഴങ്ങിനും പ്രശസ്തമാണ് സ്പീതി--ലാഹോള്‍ മേഖല.  മഞ്ഞ് വീഴ്ച കൃഷിയെ ബാധിക്കുന്നുണ്ട് എങ്കിലും ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ സ്പീതിയിലെ വിളകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. 

മാചലിലെ മനാലിയില്‍ നിന്ന് റോത്താംഗ് പാസിലേക്ക് കേന്ദ്രസര്‍ക്കാര്‍  ഇപ്പോള്‍ ഒരു ടണല്‍ റോഡ് നിര്‍മ്മിച്ച് കൊണ്ടിരിക്കുകയാണ്. 2020 ഓടെ ടണല്‍ പൂര്‍ത്തിയാകുന്നതോടെ ഏത് കാലാവസ്ഥയിലും ലാഹോള്‍-സ്പീതിയിലേക്ക് യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. ഇപ്പോള്‍ ഒക്‌ടോബര്‍ മാസം കഴിഞ്ഞാല്‍ ലാഹോള്‍-സ്പീതി യാത്ര ദുഷ്‌ക്കരമാണ്. മഞ്ഞ് വീഴ്ച ഒക്‌ടോബറോടെ തുടങ്ങിക്കഴിഞ്ഞു. വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ ബുദ്ധിമുട്ടാണ്. മഞ്ഞ് വീഴ്ച കനത്താല്‍ മാസങ്ങളോളം പുറംലോകവുമായി അടുപ്പം പാലിക്കാന്‍ ഈ ദേശക്കാര്‍ക്കാവില്ല. ഇപ്പോള്‍ കൊടും മഞ്ഞ് വീഴ്ച തുടങ്ങിക്കഴിഞ്ഞു. ലാഹോളിലും സ്പീതിയിലും മഞ്ഞ് മലകള്‍ ഉയര്‍ന്ന് കഴിഞ്ഞു. റോഡുകള്‍ മഞ്ഞിനടിയിലാണ്. 

പ്രധാന ടൂറിസ്റ്റ്  കേന്ദ്രങ്ങള്‍

ചന്ദ്രാതാല്‍: മഞ്ഞ്മലകള്‍ക്കിടയില്‍ ഭ്രമിപ്പിക്കുന്ന സൗന്ദര്യവുമായി ഒഴുകുന്ന സ്പീതി നദി യാത്രക്കാര്‍ക്ക് സ്വര്‍ഗീയ അനുഭവമാണ്. 4230 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. 

ടോബോ ഗോമ്പ:  ഇന്ത്യയിലെ ഏറ്റവും പുരാതന ബുദ്ധക്ഷേത്രങ്ങളിലൊന്ന്. എ.ഡി 996 ല്‍ സ്ഥാപിച്ച ടമ്പോഗോബ യുനസ്‌കോ പൈതൃക സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്. 

ദാന്‍കര്‍ ഗോമ്പ: ആകാശത്തില്‍ മുട്ടി നില്‍ക്കുന്നു എന്ന തോന്നിപ്പിക്കുന്ന വിധത്തില്‍  സ്ഥിതി ചെയ്യുന്ന ബുദ്ധക്ഷേത്രം. 1200 വര്‍ഷം പഴക്കമുള്ള ദാന്‍കര്‍ ഗോമ്പയില്‍ ഹിമാചല്‍പ്രദേശ് മുഴുവന്‍ കാണാന്‍ കഴിയുമെന്ന പ്രതീതി. 

എത്തിച്ചേരാനുള്ള റൂട്ട്

മലയാളികള്‍ക്ക് ഡല്‍ഹി ചണ്ഡിഗഡ് വഴി മനാലിയിലെത്തി അവിടെ നിന്ന് ലാഹോള്‍ സ്പീതിയിലേക്ക് യാത്ര ചെയ്യാം. ഹിമാചല്‍പ്രദേശ് റോഡ് ട്രാന്‌സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വക ബസുകളും സ്വകാര്യ ടാക്‌സികളും ഇവിടേക്ക് ലഭിക്കുന്നതാണ്. ചണ്ഡിഗഡില്‍ നിന്ന് സിംല എത്തി അവിടെ നിന്ന് ആപ്പിള്‍ നഗരമായ കിന്നൂര്‍ വഴിയും ലാഹോള്‍ സ്പീതിയില്‍ എത്താം. ആദ്യത്തെ റൂട്ടില്‍ ഒക്‌ടോബര്‍ മുതല്‍ ഏപ്രില്‍ വരെ യാത്രക്ക് തടസം നേരിട്ടേക്കാം. 

താമസം

 ചെലവ് കുറഞ്ഞ ഹോം സ്റ്റേകളും ഹോട്ടലുകളും ലഭ്യമാണ്. ഹിമാചല്‍ ടൂറിസം കോര്‍പ്പറേഷന്‍ വക ഗസ്റ്റ്ഹൗസുകളും ലഭ്യമാണ്. 

 


 

Write a comment
News Category