Tuesday, April 23, 2024 10:52 PM
Yesnews Logo
Home News

കോവിഡ് വ്യാപനം നിയന്ത്രിയ്ക്കാൻ അടിയന്തിര നടപടികൾ വേണമെന്ന് വിവിധ സംഘടനകളുടെ ഐക്യ വേദി

സ്വന്തം ലേഖകന്‍ . Jul 29, 2021
wayanad-chembar-of-commerce-covid-
News

കേരളത്തിൽ സമ്പൂർണ്ണ വാക്സിനേഷൻ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുക, ഏകോപിത കോവിഡ് പ്രതിരോധ കർമപദ്ധതി ആവിഷ്കരിക്കുക, നിലവിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ - സാമൂഹിക വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി പുനഃക്രമീകരിച്ച് ആൾക്കൂട്ടവും തിരക്കും ഒഴിവാക്കി കോവിഡ് വ്യാപനം നിയന്ത്രിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെയും, വയനാട് ചേംബർ ഓഫ് കൊമേഴ്സിന്റെയും ആഭിമുഖ്യത്തിൽ ചേർന്ന വിവിധ സംഘടനകളുടെ സംയുക്ത യോഗം മുഖ്യമന്ത്രിയോടും, കേരള സർക്കാരിനോടും അഭ്യർത്ഥിച്ചു.

ഇനിയും അടച്ചിടലും, വാരാന്ത്യ ലോക്ഡൗണും തുടർന്നാൽ ഇപ്പോൾ ഒറ്റപ്പെട്ട ആത്മഹത്യകൾക്ക് പകരം കൂട്ട ആത്മഹത്യയിലേക്ക് തകർന്നടിഞ്ഞ സമസ്ത മേഖലകളിൽ സംഭവിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത വിവിധ സംഘടനാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

അശാസ്ത്രീയവും, അപ്രായോഗികവുമായ അടച്ചിടലും, വാരാന്ത്യ ലോക്ഡൗണും മൂലമാണ് കോവിഡ് വ്യാപനം വർധിക്കുന്നതെന്ന് വിദഗ്ധർ വ്യക്തമാക്കിയ സാഹചര്യത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി-ഹൈക്കോടതി കളെ (കോർട്ട് അലക്ഷ്യം ഒഴിവാക്കാൻ) ഈ വസ്തുതകൾ ബോധ്യപ്പെടുത്തി എത്രയും വേഗം സ്ഥാപനങ്ങളുടെ സ്വഭാവമനുസരിച്ച് എല്ലാദിവസവും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൂടുതൽ അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും, ഉപജീവനത്തിനും തുറന്നു കൊടുക്കണമെന്ന് യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.

 സമരവേദികൾ, പ്രകടനങ്ങൾ, വാക്സിനേഷൻ കേന്ദ്രങ്ങൾ, സർക്കാർ-സ്വകാര്യ ചടങ്ങുകൾ, ഇന്റർവ്യൂ കൾ, പരീക്ഷ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം നഗ്നമായ കോവിഡ് പ്രോട്ടോക്കോൾ ലംഘനം യഥേഷ്ടം നടക്കുമ്പോൾ വ്യാപാര - ടൂറിസ - സമാന മേഖലകളിൽ മാത്രം കർശന നിയന്ത്രണങ്ങളും, പരിശോധനകളും, ഭീമമായ പിഴകളും തുല്യനീതിക്ക് നിരക്കാത്തതും, വിവേചനവും ആണെന്ന് യോഗം അഭിപ്രായപ്പെട്ടു.

 കോവിഡ് വ്യാപനവും, ടി.പി.ആർ നിരക്കും ഗണ്യമായി കുറയുന്നത് വരെ സമരങ്ങളും സ്വകാര്യ - സർക്കാർ പരിപാടികളും നീട്ടി വെയ്ക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.

കോവിഡ് വേളയിൽ സമരത്തിന്റെ പാതയല്ല സമന്വയത്തിന്റെ പാതയാണ് കരണീയം എന്നും, അനുമതിക്കു വിധേയമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മറ്റു വകുപ്പ് മന്ത്രിമാർ,ചീഫ് സെക്രട്ടറി എന്നിവരെ ബോധ്യപ്പെടുത്തുന്നതിന്പ്രതിനിധി സംഘത്തെ തിരുവനന്തപുരത്തേക്ക് അയക്കാനും യോഗം തീരുമാനിച്ചു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വയനാട് ചേംബർ ഓഫ് കൊമേഴ്സ് ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ജോണി പറ്റാണി അധ്യക്ഷത വഹിച്ചു. മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയർ സി. ഇ. ചാക്കുണ്ണി യോഗം ഉദ്ഘാടനം ചെയ്തു. ഇനിയും അടച്ചുപൂട്ടലും വാരാന്ത്യ ലോക്ഡൗണും താങ്ങാനാവാത്ത അവസ്ഥയിലാണ് സർക്കാർ ആനുകൂല്യം ലഭിക്കാത്ത സമസ്ത മേഖലകളിലെ ഉടമസ്ഥരും, ജീവനക്കാരും, തൊഴിലാളികളും എന്നും ഈ കാര്യങ്ങൾ  അധികാരികളെ ബോധ്യപ്പെടുത്തി സ്ഥാപനങ്ങൾ തുറക്കാൻ അനുമതി ലഭിക്കുന്നതിന് യോജിച്ച സമ്മർദ്ദം ചെലുത്തുന്നതിന് വേണ്ടിയാണ് അടിയന്തിര യോഗം ചേർന്നതെന്നും, അനുകൂലതീരുമാനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.

വയനാട് ചേംബർ, വയനാട് ടൂറിസം ഓർഗനൈസേഷൻ, കേരള വ്യാപാര വ്യവസായ ഏകോപന സമിതി, ആൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, സ്മാൾ സ്കെയിൽ ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ, കർഷക പ്രതിനിധി തുടങ്ങി 25 സംഘടനകളെ പ്രതിനിധീകരിച്ച് വർഗീസ് കെ.ഐ, ഡോക്ടർ കെ സലീം, കെ.എ. അബ്ദുൽ മനാഫ്, ജോസഫ് കപ്യാർമല, അഡ്വക്കേറ്റ് സി.സി. മാത്യു, വാഞ്ജീശ്വരൻ, സി.പി. ഷൈലേഷ്, എം.വി. ബേബി, അഡ്വക്കേറ്റ് ടി.എം. റഷീദ്, എം. സി. അബ്ദു, കെ. വാസുദേവൻ എന്നിവർ സംസാരിച്ചു.

ചേംബർ ജനറൽ സെക്രട്ടറി ഇ.പി മോഹൻ ദാസ് സ്വാഗതവും, ഖജാൻജി ഒ.എ. വീരേന്ദ്രകുമാർ നന്ദിയും പറഞ്ഞു.

Write a comment
News Category