പ്രമുഖ വ്യവസായ ഗ്രൂപ്പായ അദാനി ഗ്രൂപ്പ് മാധ്യമ മേഖലയിലേക്കും. ആദ്യ ഘട്ടമെന്ന നിലയിൽ ചാനലും ഡിജിറ്റൽ മാധ്യമ രംഗത്തുമായിരിക്കും അദാനി ഗ്രൂപ്പ് നിക്ഷേപം ഇറക്കുന്നത്.നിലവിലുള്ള ഒരു ചാനൽ ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ക്വിൻറ് പ്രസിഡണ്ടും പ്രമുഖ മാധ്യമ പ്രവർത്തകനുമായ സഞ്ജയ് പുകാലിയാ അദാനിയുടെ മാധ്യമ ഗ്രൂപ്പിന്റെ തലപ്പത്തു നിയമിതനായിട്ടുണ്ട്. ക്വീന്റിൽ നിന്ന് രാജി വെച്ച പുകാലിയാ അദാനി ഗ്രൂപ്പിൽ ചേർന്നു.
അദാനി മാധ്യമ സംരംഭത്തിന്റെ ചീഫ് എഡിറ്ററും ചീഫ് എക്സികുട്ടീവ് ഓഫിസറുമായിരിക്കും പുകാലിയാ. പ്രണവ് അദാനിക്കാണ് മാധ്യമ വിഭാഗത്തിന്റെ ചുമതല. രാജ്യത്തെ ഒട്ടു മിക്ക വ്യവസായ സ്ഥാപനങ്ങൾക്കും സ്വന്തമായി മാധ്യമ സ്ഥാപനങ്ങൾ ഉണ്ട്. റിലയൻസ് നെറ്റ്വർക്ക് ന്യൂസ് 18 വിജയകരമായി നടത്തി കൊണ്ട് പോകുന്നു. റിലയൻസിന് പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നായ അദാനിയും മാധ്യമ മേഖലയിലേക്ക് ചുവടു വെക്കുകയാണ്.
മാധ്യമ മേഖലയിൽ ദീർഘനാളത്തെ പരിചയ സമ്പത്തുമായാണ് പുകാലിയാ അദാനി ഗ്രൂപ്പിൽ എത്തുന്നത്. സി.എൻ.ബി.സി, സീ , സ്റ്റാർ ന്യൂസ്, ആജ് തക്, ബിസിനസ്സ് സ്റ്റാൻഡേർഡ്, നവഭാരത് ടൈംസ്, ബി.ബി.സി റേഡിയോ എന്നിവിടങ്ങളിൽ ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്.പിന്നീടാണ് ക്വീന്റിന്റെ ചുമതലക്കാരനാകുന്നത്.