Tuesday, April 16, 2024 09:54 PM
Yesnews Logo
Home News

ചൈനയിൽ വീണ്ടും കൊറോണ വ്യാപനം രൂക്ഷമാകുന്നു ; വിമാന സർവീസുകൾ റദ്ദാക്കി , സ്കൂളുകൾ അടച്ചു

News Desk . Oct 23, 2021
china-covid-on-the-rise-again
News


കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ വീണ്ടും വൈറസ് വ്യാപനം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ചൈനയിലെ വിമാനത്താവളങ്ങളും സ്‌കൂളുകളും അടച്ചുപൂട്ടി. നൂറുകണക്കിന് വിമാന സർവ്വീസുകൾ റദ്ദാക്കുകയും ചെയ്തു. അതേസമയം ഇതിനെ കുറിച്ചുള്ള കണക്കുകൾ ചൈനീസ് അധികൃതർ പുറത്തുവിട്ടിട്ടില്ല.

അതി തീവ്ര വ്യാപന ശേഷിയുള്ള കൊറോണയുടെ പുതിയ വകഭേദമാണ് പടരുന്നതെന്നാണ് വിവരം. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടെയാണ് ഏറ്റവും കൂടുതൽ രോഗികളുള്ളതും. തുടർച്ചയായ അഞ്ചാം ദിവസവും രോഗികൾ ഉയർന്നു തന്നെയാണെന്നാണ് റിപ്പോർട്ട്. വിനോദ സഞ്ചാരികളിൽ നിന്നാണ് രോഗം പകർന്നതെന്നാണ് സൂചന. ഇതോടെ വിനോദ സഞ്ചാരത്തിന് നൽകിയ ഇളവ് റദ്ദാക്കിയിരിക്കുകയാണ്.

രാജ്യത്തിന്റെ ജനസംഖ്യയിൽ 90 ശതമാനം ആളുകൾക്കും വാക്‌സിൻ നൽകിയെന്നാണ് ചൈനയുടെ അവകാശവാദം. എന്നാൽ രണ്ട് ഡോസ് വാക്‌സിനെടുത്തവരാണ് രോഗബാധ സ്ഥിരീകരിച്ചവരിൽ കൂടുതലും. ചൈനീസ് അധികൃതർ ഇക്കാര്യം നിഷേധിക്കുകയും ചെയ്യുന്നുണ്ട്. രോഗവ്യാപനം കൂടുന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം വ്യാപക കൊറോണ പരിശോധന നടത്തിയിരുന്നു.

ചൈനയിൽ നിന്നും പുറത്തോട്ടുള്ള എല്ലാ യാത്രയും നിരോധിച്ചിരിക്കുകയാണ്. താമസക്കാർ ആരും തന്നെ പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊറോണ വ്യാപകമായതോടെ ചൈനയിൽ നിന്നും പുറത്ത് പോയ വിദേശ പൗരന്മാർക്ക് ആർക്കും തന്നെ ഇതുവരെ തിരിച്ചെത്താൻ അനുമതി നൽകിയിട്ടില്ല. വിദ്യാർത്ഥികൾ അടക്കമുള്ളവരാണ് ഈ നിയന്ത്രണത്തിൽ വെട്ടിലായിരിക്കുന്നത്.

2019ൽ ചൈനയിലെ തെക്കു കിഴക്കൻ പ്രവിശ്യയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്. പിന്നീട് വൈറസ് ബാധ ലോകമാകെ വ്യാപിക്കുകയായിരുന്നു. സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്തിയാണ് രാഷ്‌ട്രങ്ങൾ വൈറസ് വ്യാപനം തടഞ്ഞത്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ചൈനയിലെ ലാബും മാർക്കറ്റും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Write a comment
News Category