ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ പുറത്തിറക്കുന്ന ആദ്യ ഇലക്ട്രിക് എസ്യുവി ഡിസംബര്‍ 19-ന് ആഗോളതലത്തില്‍ അവതരിപ്പിക്കും. ഡിസംബര്‍ 17ന് അവതരിപ്പിക്കുമെന്നാണ് മുമ്ബ് അറിയിച്ചിരുന്നതെങ്കില്‍ സാങ്കേതിക കാരണങ്ങളാള്‍ 19-ലേക്ക് മാറ്റുകയായിരുന്നു. ഈ വാഹനത്തെ 2020-ല്‍ മാത്രം നിരത്തുകളില്‍ പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് സൂചന.
മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നീ നഗരങ്ങളിലായിരിക്കും ടാറ്റ നെക്സോണിന്റെ ഇലക്ട്രിക് പതിപ്പ് ആദ്യമെത്തിക്കുക. ഈ അഞ്ച് നഗരങ്ങളിലുള്ള ഡീലര്‍ഷിപ്പുകളിലെ ജീവനക്കാര്‍ക്കാണ് ഇലക്ട്രിക് നെക്സോണിന്റെ സര്‍വീസ് സംബന്ധമായ പരിശീലനം ലഭിച്ചിട്ടുള്ളതെന്നാണ് ടാറ്റ് അറിയിച്ചിരിക്കുന്നത്.
അടുത്തിടെ ടാറ്റ അവതരിപ്പിച്ച സിപ്ട്രോണ്‍ ടെക്നോളജിയുടെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ഇലക്ട്രിക് മോഡല്‍ കൂടിയാണ് നെക്സോണ്‍ ഇവി. രൂപത്തില്‍ റെഗുലര്‍ നെക്സോണിന് സമാനമാണ് ഇലക്ട്രിക് വകഭേദം. അതേസമയം റെഗുലര്‍ നെക്സോണിലെ ഫ്യുവല്‍ ലിഡിന് പിന്നിലായി ചാര്‍ജിങ് പോര്‍ട്ട് നല്‍കിയതാണ് ഏകമാറ്റം.
ഹാരിയര്‍ എസ്.യു.വിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് വാഹനത്തിലുള്ളത്. സ്മാര്‍ട്ട് ഫോണ്‍ ആപ്പ് കണക്റ്റിവിറ്റി വാഹനത്തിലുണ്ട്. ബാറ്ററി സ്റ്റാറ്റസ്, റേഞ്ച് എന്നിവ ഇതിലൂടെ അറിയാന്‍ സാധിക്കും. മുപ്പതിലേറെ ഇന്റര്‍നെറ്റ് കണക്റ്റഡ് സ്മാര്‍ട്ട് ഫീച്ചേഴ്സും വാഹനത്തിലുണ്ടാകും.
ഒറ്റചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ റേഞ്ച് നെക്സോണ്‍ ഇലക്ട്രിക്കില്‍ നല്‍കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഇതിലെ ലിക്വിഡ് കൂള്‍ഡ് ലിഥിയം അയേണ്‍ ബാറ്ററി, ഇലക്ട്രിക് മോട്ടോറിന് എട്ട് വര്‍ഷത്തെ വാറണ്ടി ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിവേഗ ചാര്‍ജിങ് സൗകര്യം വാഹനത്തില്‍ ഉള്‍പ്പെടുത്തും.
ഏത് 15 ആംപിയര്‍ പ്ലഗ്ലിലും വാഹനം ചാര്‍ജ് ചെയ്യാം. 15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം വരെ വാഹനത്തിന് വില പ്രതീക്ഷിക്കാമെന്ന് ടാറ്റ വ്യക്തമാക്കുന്നു.