പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധനയെ എതിര്‍ക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്. കഴിഞ്ഞ മാസമാണ് പാലത്തിന്റെ ഭാര പരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഭാരപരിശോധന മൂന്ന് മാസത്തിനകം നടത്തണമെന്നും പരിശോധനയ്ക്കുള്ള ചെലവ് പാലം നിര്‍മ്മിച്ച കരാര്‍ കമ്പനിയില്‍ നിന്നും ഈടാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ്.
സാങ്കേതിക സത്യങ്ങളെ നേരിടാനുള്ള ധൈര്യമില്ലായ്മയാണ് സര്‍ക്കാരിന്റെ അപ്പീലിന് പിന്നില്ലെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ആരോപിച്ചു. പാലത്തിന്റെ നിര്‍മ്മാണ തകരാറുകള്‍ കണ്ടു പിടിച്ചതും സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്കിയതും കരാറുകാരനാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം മൂന്നു കോടി രൂപയോളം മുടക്കി തിരുത്തല്‍ നടപടികള്‍ ചെയ്യാനും കരാറുകാരന് തയ്യാറായി. തിരുത്തലുകളിലൂടെ പാലം ഗതാഗതയോഗ്യമാക്കാമെന്ന് ഉത്തമ വിശ്വാസം ഉള്ളതുകൊണ്ടാണ് കരാറുകാരന് സ്വന്തം പോക്കറ്റില്‍ നിന്നും മൂന്നു കോടി രൂപ ചെലവഴിച്ചത്. അവശേഷിച്ച തിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും കരാറുകാരന് സന്നദ്ധനാണ്.
ലോഡ് ടെസ്റ്റ് പരാജയപ്പെട്ടാല്‍ നിയമാനുസൃതമുള്ള എല്ലാ നഷ്ടങ്ങളും ഏറ്റെടുക്കാനും കരാറുകാരന് തയ്യാറാണ്. പാലം പൊളിക്കണമായിരുന്നെങ്കില്‍, മൂന്നു കോടി രൂപയുടെ തിരുത്തല്‍ നടപടികള്‍ ചെന്നൈ ഐ.ഐ.ടിയുടെ മേല്‍നോട്ടത്തില്‍ എന്തിന് ചെയ്യിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. കരാര്‍ വ്യവസ്ഥകളുടെ പരിധിയില്‍ പെടാത്ത ഒരു പിഴ നടപടിയും കരാറുകാരന്റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ബോധ്യമുള്ള സര്‍ക്കാര്‍ രാഷ്ട്രീയ താല്പര്യത്തിന്റെ പേരില്‍ മാത്രമാണ് പ്രശ്നം വഷളാക്കുന്നതും നീട്ടിക്കൊണ്ട് പോകുന്നതും. ഭാരപരിശോധനയില്‍ പാലം ബലിഷ്ഠമാണെന്ന് ബോധ്യപ്പെട്ടാല്‍ മൂന്നു മാസത്തിനുള്ളില്‍ ഒരു സാമ്പത്തിക ബാദ്ധ്യതയും ഇല്ലാതെ ഗതാഗതം പുനരാരംഭിക്കാം. തെറ്റായ നിഗമനങ്ങളുടെയും ഉപദേശങ്ങളുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍
സംരംഭക വിരുദ്ധവും ജനദ്രോഹപരവുമായ നിലപാട് സ്വീകരിച്ചാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പറഞ്ഞു