കര്‍ണ്ണാടകയിലെ കേരള അതിര്‍ത്തി ഗ്രാമമായ ഗുണ്ടില്പേട്ടക്ക് സമീപത്തുള്ള വനക്ഷേത്രമാണ് സഞ്ചാരികളുടെ മനം കവരുന്നത്. ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കില്‍ പെട്ട മലമുകളിലാണ് ക്ഷേത്രമുള്ളത്. ഗുണ്ടില്‍ പേട്ടയില്‍ നിന്നും ഇരുപത് കിലോമീറ്ററോളമാണ് ക്ഷേത്രത്തിലേക്കുള്ളത് .മലയടിവാരത്തുള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വരേ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമുള്ളൂ, തുടര്‍ന്നുള്ള ദൂരം കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ടിന്റെ വാഹങ്ങള്‍ക്ക് മാത്രമേ അനുവാദമുള്ളൂ.
രണ്ടായിരത്തി പതിനഞ്ചിലാണ് ഇവിടേക്കുള്ള സ്വകാര്യ വാഹനങ്ങള്‍ക്കുള്ള പ്രവേശനം നിരോധിച്ചത്.ബന്ദിപ്പൂര്‍ നാഷനല്‍ പാര്‍ക്കിന്റെ ഭാഗമായതുകൊണ്ടുതന്നെ പരിസ്ഥിതിക്ക് നാശം വരുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കള്‍ക്ക് കര്‍ശന നിരോധനമാണ് വനം വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 8.30 മുതല്‍ വൈകുന്നേരം 4 മണി വരേയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തിയിരിക്കുന്നത്. 1315ല്‍ ചോള, വോഡയാര്‍ രാജാവായ ബല്ലാള യാണ് മലമുകളിലെ സുന്ദരമായ ശ്രീ കൃഷ്ണ ക്ഷേത്രം നിര്‍മ്മിച്ചത്.
വിനോദ സഞ്ചാരികളുടെ ഒഴുക്കുണ്ടെങ്കിലും പരിസരത്തിന്റെ പച്ചപ്പിനും പര്‍വ്വതത്തിന്റെ ഘടനക്കും പോറലേല്പ്പിക്കാത്തതരത്തിലുള്ള നിര്മ്മാണങ്ങളാണിവിടെ നടപ്പിലാക്കിയിരിക്കുന്നത് .ക്ഷേത്രത്തില്‍ നിന്നും താഴ്വാരത്തേക്ക് നോക്കിയാല്‍ വിശാലമായ ഗുണ്ടില്‍ പേട്ട നഗരവും പാടവും, വന പ്രദേശങ്ങളില്‍ ആനകള്‍ മേയുന്നതും ദൃശ്യമാകും. താഴ്വാരത്തെ വരണ്ട കാലാവസ്ഥയില്‍ നിന്നും വിഭിന്നമായി കോടയും തണുപ്പും കാറ്റുമാണ് സഞ്ചാരികള്‍ക്ക് യാത്ര പ്രിയങ്കരമാക്കുന്നത്. തീര്‍ഥാടകര്‍ക്കും, സഞ്ചാരികള്‍ക്കും സൗജന്യ ഭക്ഷണവും ക്ഷേത്രത്തില്‍ നിന്നും ലഭിക്കും